Deshabhimani

ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ്‌ പ്രിയങ്കക്ക്‌ വിജയം; 
മൂന്ന്‌ മുന്നണികൾക്കും വോട്ട്‌ കുറഞ്ഞു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 23, 2024, 09:02 PM | 0 min read

കൽപ്പറ്റ
വയനാട്‌ ലോക്‌സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ മൂന്ന്‌ മുന്നണികൾക്കും വോട്ട്‌ കുറഞ്ഞു. കഴിഞ്ഞ ഏപ്രിലിൽ നടന്ന തെരഞ്ഞെടുപ്പിൽ മുന്നണികൾക്ക്‌ ലഭിച്ച വോട്ട്‌ ഇത്തവണ നേടാനായില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിനെക്കാൾ 8.86 ശതമാനം കുറവ്‌ പോളിങ്ങിലുണ്ടായിരുന്നു. ഇത്‌ മൂന്ന്‌ മുന്നണികളെയും ബാധിച്ചു. യുഡിഎഫിന്‌ 25,107-, എൽഡിഎഫിന്‌ 71,616,- എൻഡിഎക്ക്‌ 31,106- വോട്ടിന്റെയും കുറവുണ്ടായി.
പ്രിയങ്ക ആറുലക്ഷം വോട്ടിന്റെ ഭൂരിപക്ഷം നേടുമെന്ന്‌ പറഞ്ഞായിരുന്നു യുഡിഎഫ്‌ പ്രചാരണം. എന്നാൽ 2019ൽ രാഹുൽ നേടിയ 4,31,770 വോട്ട്‌ ഭൂരിപക്ഷം മറികടക്കാനായില്ല. പ്രിയങ്കക്ക്‌ 65.33 ശതമാനവും സത്യൻ മൊകേരിക്ക്‌ 22.19ഉം നവ്യക്ക്‌ 11.54 ശതമാനവും വോട്ട്‌ ലഭിച്ചു. നോട്ടയിൽ പോൾ ചെയ്‌തത്‌ 5406 വോട്ടാണ്‌.
കഴിഞ്ഞ തവണ രാഹുൽ നേടിയ ഭൂരിപക്ഷം പ്രിയങ്ക മറികടന്നെങ്കിലും രാഹുൽ നേടിയ ആകെ വോട്ടുകൾ നേടാനായില്ല. 6,47,445 വോട്ടാണ്‌ രാഹുലിന്‌ ലഭിച്ചത്‌. 6,22,338 വോട്ടാണ്‌ പ്രിയങ്കയുടെ ആകെ വോട്ട്‌. എൽഡിഎഫ്‌ സ്ഥാനാർഥി സത്യൻ  മൊകേരിക്ക്‌ 2,11,407- വോട്ടും എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസിന്‌ 1,09,939- വോട്ടും ലഭിച്ചു. 2019ൽ രാഹുൽ നേടിയ ഭൂരിപക്ഷത്തിനടുത്ത്‌ പ്രിയങ്കയെത്തി. 4,31,770 വോട്ടായിരുന്നു രാഹുലിന്റെ ഭൂരിപക്ഷം. 
വോട്ടെണ്ണൽ ദിവസവും പ്രിയങ്ക മണ്ഡലത്തിലുണ്ടായില്ല. വോട്ടെടുപ്പ്‌ കഴിഞ്ഞ്‌ മടങ്ങിയതാണ്‌. ചേലക്കരയിലും പാലക്കാടും വിജയിച്ച സ്ഥാനാർഥികളെ ആനയിച്ച്‌ മുന്നണി പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തിയെങ്കിലും വയനാട്ടുകാർക്ക്‌ ആഹ്ലാദം പങ്കിടാൻ സ്ഥാനാർഥിയെ കിട്ടിയില്ല.


deshabhimani section

Related News

0 comments
Sort by

Home