കൽപ്പറ്റ
വയനാട്ടിലെ മാനന്തവാടി നഗരസഭയിലും കോലീബി സഖ്യം. നഗരസഭയിലെ 24–-ാം നമ്പർ(പെരുവക)ഡിവിഷനിൽ ബിജെപിയും യുഡിഎഫും ചേർന്ന് പൊതുസ്ഥാനാർഥിയെ നിർത്തിയാണ് എൽഡിഎഫിനെതിരെ മത്സരിക്കുന്നത്. സി കെ രത്നവല്ലിയാണ് കോൺഗ്രസ്, ലീഗ്, ബിജെപി സ്ഥാനാർഥിയായി കൈപത്തി ചിഹ്നത്തിൽ മത്സരിക്കുന്നത്.
കോൺഗ്രസിന്റെ മുൻപഞ്ചായത്ത് മെമ്പറായ രത്നവല്ലിയുടെ ഭർത്താവ് ആർഎസ്എസ്, വിശ്വഹിന്ദു പരിക്ഷത്ത് നേതാവാണ്. ബന്ധുക്കളിൽ പലരും ബിജെപിയുടെ നേതാക്കളും പ്രവർത്തകരുമാണ്. നഗരസഭയിൽ ബിജെപിക്ക് കൂടുതൽ സ്വാധീനമുള്ള ഡിവിഷൻകൂടിയാണിത്. എന്നിട്ടും സ്ഥാനാർഥിയെ നിർത്തിയില്ല.
കോൺഗ്രസ്–-ബിജെപി നേതാക്കൾ ചർച്ച നടത്തിയാണ് രത്നവല്ലിയെ തീരുമാനിച്ചത്. കോൺഗ്രസ് നേതാവും മാനന്തവാടി മുൻപഞ്ചായത്ത് പ്രസിഡന്റായ അഡ്വ. ഗ്ലാഡിസ് ചെറിയാനും കോൺഗ്രസ് പ്രവർത്തകയായിരുന്ന ക്ലാര ജോർജും ഈ സീറ്റിൽ മത്സരിക്കാനായി രംഗത്തുണ്ടായിരുന്നു. ഇവരെ രണ്ടുപേരെയും ഒഴിവാക്കിയാണ് കോൺഗ്രസ്–- ബിജെപി ധാരണയുടെ അടിസ്ഥാനത്തിൽ രത്നവല്ലിയെ തീരുമാനിച്ചത്. ഒത്തുതീർപ്പിന്റെ ഭാഗമായി ഗ്ലാഡീസ് ചെറിയാനെ മറ്റൊരുഡിവിഷനിൽ സ്ഥാനാർഥിയാക്കി.
എന്നാൽ ക്ലാരയെ അവഗണിച്ചു. പ്രതിഷേധിച്ച് ഇവർ കോൺഗ്രസ് വിട്ട് എൽഡിഎഫിനൊപ്പം ചേർന്നു. കോലീബി സഖ്യത്തെ പരാജയപ്പെടുത്താനുള്ള ശ്രമമാണ് എൽഡിഎഫിന്റേത്. ബിരുദാനന്തര ബിരുദധാരിയും അധ്യാപക വിദ്യാർഥിയുമായ റീത്ത റോജി റെയ്മഡ് ആണ് ഡിവിഷനിൽ എൽഡിഎഫ് സ്ഥാർഥി. വലിയ പിന്തുണ ഇതിനകം ലഭിച്ചിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..