30 September Saturday
പോപ്പുലർ ഫ്രണ്ട്‌ ഹർത്താലിൽ പരക്കെ ആക്രമണം

എറിഞ്ഞുതകർത്തു

വെബ് ഡെസ്‌ക്‌Updated: Saturday Sep 24, 2022

അക്രമത്തിൽ തകർന്ന ബസ്

കൽപ്പറ്റ
പോപ്പുലർ ഫ്രണ്ട് ഓഫ്‌ ഇന്ത്യയുടെ ഹർത്താലിൽ ജില്ലയിലും വ്യാപക ആക്രമണം.  കെഎസ്‌ആർടിസി ബസ്സിന്റേതുൾപ്പെടെ വാഹനങ്ങളുടെ ചില്ലുകൾ അക്രമികൾ എറിഞ്ഞുടച്ചു. വിവിധയിടങ്ങളിൽ വാഹനങ്ങൾ തടഞ്ഞു. വാഹനങ്ങൾ തടഞ്ഞതോടെ നിരവധി യാത്രക്കാർ പെരുവഴിയിലായി. അവശ്യ സർവീസുകൾ ഒഴിവാക്കിയതായി പ്രഖ്യാപിച്ചിരുന്നെങ്കിലും പാൽവാഹനം ഉൾപ്പെടെ തടഞ്ഞ്‌ ചില്ല്‌ എറിഞ്ഞുപൊട്ടിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നായി 28 പേരെ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. വഴി തടസ്സപ്പെടുത്തിയതിനും വാഹനങ്ങൾ തടഞ്ഞതിനുമാണ്‌ അറസ്‌റ്റ്‌. 
പനമരം ആറാംമൈൽ മൊക്കത്താണ്‌ കെഎസ്‌ആർടിസി ബസ്സിന്റെ ചില്ല്‌ എറിഞ്ഞ്‌ തകർത്തത്‌. മാനന്തവാടിയിൽനിന്ന്‌ കോഴിക്കോട്ടേക്ക്‌ സർവീസ്‌ നടത്തുകയിരുന്ന ബസ്സിനുനേരെ രാവിലെ ആറിനാണ്‌ കല്ലേറുണ്ടായത്‌. ബസ്സിന്റെ മുൻചില്ലുകൾ പൂർണമായും തകർന്നു. പരിക്കേൽക്കാതെ ഡ്രൈവറും യാത്രക്കാരും തലനാരിഴയ്‌ക്കാണ്‌ രക്ഷപ്പെട്ടത്‌. കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്ക്‌ ചികിത്സയ്‌ക്ക്‌ പോകുന്ന അർബുദ രോഗികൾ ഉൾപ്പെടെയുള്ളവരായിരുന്നു ബസ്സിലുണ്ടായിരുന്നത്‌. റേഡിയേഷനും കീമോതെറാപ്പിക്കുമായി പോകുന്നവരായിരുന്നു. ബസ്സിന്റെ ചില്ലുകൾ തകർന്ന്‌ എല്ലാവരും പെരുവഴിയിലായി. പിന്നീട്‌  പകരം ബസ്സ്‌ എത്തിച്ചാണ്‌ ഇവരെ കൊണ്ടുപോയത്‌. സമയത്ത്‌ എത്താൻ കഴിയാത്തതിനാൽ  ചികിത്സ മുടങ്ങുമെന്ന്‌ ഉറപ്പായതോടെ പലരും യാത്ര റദ്ദാക്കി. കുണ്ടാല, മാനഞ്ചിറ ഭാഗങ്ങളിൽനിന്നുൾപ്പെടെ എത്തിയ പോപ്പുലർ ഫ്രണ്ട്‌ പ്രവർത്തകരാണ്‌ ആക്രമണം നടത്തിയത്‌. ബസ്സിന്റെ ചില്ലുകൾ എറിഞ്ഞുടച്ച്‌ ഇവർ രക്ഷപ്പെട്ടു. ഒരാളെ പൊലീസ്‌ കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്‌. 
 
പൊലീസിനെ കൈയേറ്റം ചെയ്‌തവർ
റിമാൻഡിൽ
ബത്തേരി
ഗതാഗതം തടസപ്പെടുത്തുകയും പൊലീസിനെ കൈയേറ്റം ചെയ്യുകയും ചെയ്‌ത കേസിൽ ബത്തേരിയിൽ അറസ്‌റ്റിലായ 12 പോപ്പുലർ ഫ്രണ്ട്‌ പ്രവർത്തകർ റിമാൻഡിൽ. വെള്ളി രാവിലെ പത്തിനാണ്‌ നഗരത്തിൽ ചുങ്കം ജങ്‌ഷനിൽ പോപ്പുലർ ഫ്രണ്ട്‌ പ്രവർത്തകർ സംഘം ചേർന്ന്‌ ഗതാഗതം തടഞ്ഞത്‌. ഇവരെ പിരിച്ചുവിടാൻ ശ്രമിച്ച എസിപി പി ഷാനവാസ്‌, പൊലീസ്‌ ഇൻസ്‌പെക്ടർ കെ പി ബെന്നി ഉൾപ്പെടെയുള്ള പൊലീസ്‌ സംഘത്തെയാണ്‌ പിഎഫ്‌ഐക്കാർ കൈയേറ്റം ചെയ്‌തത്‌. തുടർന്നായിരുന്നു അറസ്‌റ്റ്‌. അമ്പാടത്ത്‌ മുഹമ്മദാലി (മന്തൊണ്ടിക്കുന്ന്‌)  എരഞ്ഞിക്കൽ അർഷാദ്‌ (പൂളവയൽ) ചെക്കിപ്പറമ്പിൽ സി കെ ഹംസ (പൂതിക്കാട്‌) ചോലക്കൽ അബ്ദുൾ ജലീൽ (ബത്തേരി) മണക്കടവൻ അബൂബക്കർ (മൈതാനിക്കുന്ന്‌) പാറക്കൽ മൊയ്‌തീൻ (പൂതിക്കാട്‌) കരുളിയിൽ നവാസ്‌ (പഴേരി) ബത്തേരി കെ സി ട്രേഡേഴ്‌സ്‌ ജീവനക്കാരൻ പുതിയപുരയിൽ മഷൂദ്‌ (മുണ്ടേരി, കണ്ണൂർ) പുതുപ്പറമ്പിൽ ഷമീർ (പാമ്പ്ര, ഇരുളം) എടത്താവളം മുഹമ്മദ്‌ ആസിഫ്‌ (മാനിക്കുനി) അങ്കത്തിൽ ദാവൂദ്‌ (‌കോട്ടക്കുന്ന്‌) എന്നിവരാണ്‌ റിമാൻഡിലായ പ്രതികൾ. ഇവരെ വൈകീട്ടാണ്‌ ബത്തേരി ജുഡീഷ്യൽ ഒന്നാം ക്ലാസ്‌ മജിസ്‌ട്രേട്ടിന്‌ മുന്നിൽ ഹാജരാക്കിയത്‌.
 
22 പേർ അറസ്‌റ്റിൽ
കൽപ്പറ്റ
നാലുകേസുകളിലായി 22പേരെ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. 19 പേരെ മുൻകരുതൽ നടപടിയായും അറസ്‌റ്റ്‌ ചെയ്‌തു.  വെള്ളമുണ്ട, പനമരം, ബത്തേരി  സ്റ്റേഷനുകളിലാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. വെള്ളമുണ്ട ഏഴ്‌, പനമരം മൂന്ന്‌, ബത്തേരി പന്ത്രണ്ട്‌ പേരുമാണ്‌ അറസ്‌റ്റിലായത്‌. തലപ്പുഴ എട്ട്‌, പനമരം നാല്‌, വെള്ളമുണ്ട നാല്‌, മാനന്തവാടി മൂന്നുപേരുമാണ്‌ മുൻകരുതലിന്റെ ഭാഗമായി അറസ്റ്റിലായത്‌. പൊതുമുതലുകളും സ്വകാര്യസ്വത്തുകളും നശിപ്പിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും  ജില്ലാ പൊലീസ് മേധാവി ആർ ആനന്ദ് അറിയിച്ചു.
സ്വകാര്യ കാർ തകർത്തു
നാലംമൈൽ പീച്ചങ്കോട്‌ സ്വകാര്യ കാറിനുനേരെ ഹർത്താൽ അനുകൂലികൾ ആക്രമണം നടത്തി. വാഹനം തടഞ്ഞ സംഘം ചില്ല്‌ അടിച്ചുപൊട്ടിച്ചു.  യാത്രക്കാരെ ഭീഷണിപ്പെടുത്തി. 
പാൽ വാഹനത്തിനുനേരെയും ആക്രമണം
അവശ്യസർവീസുകൾ ഹർത്താലിൽനിന്ന്‌ ഒഴിവാക്കിയെന്ന്‌ പ്രഖ്യാപിച്ചവർ പാൽവാഹനത്തിനുനേരെയും ആക്രമണം നടത്തി. വയനാട്‌ മിൽക്കിന്റെ പാൽ കൊണ്ടുപോകുന്ന മിനി ടാങ്കറിന്റെ ചില്ല്‌ എറിഞ്ഞ്‌ പൊട്ടിച്ചു. രാവിലെ പീച്ചങ്കോട്‌ ആയിരുന്നു ആക്രമണം. സൈഡ്‌ ഗ്ലാസുകളും തകർന്നു. വെള്ളമുണ്ട പൊലീസ്‌ കേസെടുത്തു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top