08 December Thursday

തൊഴിലാളികളെ തെരുവാധാരമാക്കാൻ അനുവദിക്കില്ല

വെബ് ഡെസ്‌ക്‌Updated: Saturday Sep 24, 2022
ശ്യാമൾ ചക്രവർത്തി നഗർ(കൽപ്പറ്റ)
ഒരുമേഖലയിലെയും തൊഴിലാളികളെ തെരുവാധാരമാക്കാൻ അനുവദിക്കില്ലെന്ന്‌ സിഐടിയു സംസ്ഥാന പ്രസിഡന്റ്‌ ആനത്തലവട്ടം ആനന്ദൻ പറഞ്ഞു. കെഎസ്‌ആർടിഇഎ  (സിഐടിയു) സംസ്ഥാന വാർഷിക ജനറൽ കൗൺസിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
തൊഴിലും കൂലിയും തൊഴിലെടുക്കുന്ന സ്ഥാപനവും സംരക്ഷിക്കുക എന്നതാണ്‌ സിഐടിയു നയം.
കെഎസ്‌ആർടിസിയെ പൊതുമേഖലയിൽ നിലനിർത്തുക എന്നത്‌ സർക്കാരിന്റെ കാഴ്‌ചപ്പാടാണ്‌.  നികുതി വിഹിതംപോലും കേന്ദ്രം വെട്ടിക്കുറയ്‌ക്കുകയും കൃത്യമായി നൽകാതിരിക്കുകയും ചെയ്യുന്നതിനിടയിലാണ്‌ സംസ്ഥാനം തൊഴിലാളികളെ സംരക്ഷിക്കുന്നത്‌.  
നിസ്സാരകാര്യങ്ങൾക്കുപോലും കെഎസ്‌ആർടിസിയെ ആക്ഷേപിക്കാനും അപകീർത്തിപ്പെടുത്താനും ശ്രമം നടത്തുന്നു.  ഓരോ പ്രവൃത്തിയും പൊതുമൂഹം നിരീക്ഷിക്കുന്ന കാലത്ത്‌  ജനങ്ങളാണ്‌ തങ്ങളുടെ യജമാനൻമാരെന്ന ബോധ്യം തൊഴിലാളികൾക്ക്‌ ഉണ്ടാവണം. സാഹചര്യങ്ങൾക്കനുസൃതമായ സമീപനം സ്വീകരിക്കണം. 
കേന്ദ്രസർക്കാർ 12 –-16 മണിക്കൂർ തൊഴിലെടുപ്പിക്കാൻ ശ്രമിക്കുമ്പോൾ അത്‌ നടപ്പാക്കാൻ കഴിയില്ലെന്ന്‌ പറയുന്ന ഏക സംസ്ഥാനം കേരളമാണ്‌.  ഒരു പൊതുമേഖലാ സ്ഥപാനത്തിലും ശമ്പള പരിഷ്‌ക്കരണം നടപ്പാക്കാതിരിക്കുന്ന കേന്ദ്രനയത്തിന്‌ വിരുദ്ധമായി കേരളം കെഎസ്‌ആർടിസിയിൽപോലും ശമ്പളപരിഷ്‌ക്കരണം നടപ്പാക്കി. 
പൊതുമേഖലയാകെ   കേന്ദ്രം സ്വകാര്യവൽക്കരിക്കുകയാണ്‌. റിസർവ്‌ ബാങ്കിന്റെ കരുതൽ ശേഖരമടക്കം ധൂർത്തടിച്ച്‌  രാജ്യത്തെ പാപ്പരാക്കുകയാണ്‌. രാജ്യത്തെ സമ്പത്തെല്ലാം തൊഴിലാളികൾ ഉണ്ടാക്കിക്കൊടുത്തതാണ്‌.  ‌140 കോടി ജനങ്ങൾ അനുഭവിക്കേണ്ട സമ്പത്താണ്‌ 10 ശതമാനം വരുന്ന ശതകോടീശ്വരൻമാരിലെത്തിയിരിക്കുന്നതെന്നും  അദ്ദേഹം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top