20 September Friday
പുത്തുമല

കാണാതായവരെ മരിച്ചവരായി പരിഗണിച്ച്‌ നടപടി

സ്വന്തം ലേഖകൻUpdated: Saturday Aug 24, 2019
മേപ്പാടി
ഉരുൾപ്പൊട്ടിയ പുത്തുമലയിൽ കാണാതായവർ മരിച്ചതായി കണക്കാക്കി സർട്ടിഫിക്കറ്റ്‌ നൽകും. സി കെ ശശീന്ദ്രൻ എംഎൽഎയുടെ അധ്യക്ഷതയിൽ മേപ്പാടി പഞ്ചായത്ത്‌ ഓഫീസ്‌ കോൺഫറൻസ്‌  ഹാളിൽ ചേർന്ന യോഗത്തിൽ കാണാതായവരുടെ ബന്ധുക്കൾ മരണ സർട്ടിഫിക്കറ്റ്‌ നൽകണമെന്ന്‌ ആവശ്യപ്പെട്ടു. ഇതുപ്രകാരമാണ്‌ തീരുമാനം.  ഓഖി ദുരന്തം ഉണ്ടായപ്പോൾ സ്വീകരിച്ച മാനദണ്ഡപ്രാകാരം സർട്ടിഫിക്കറ്റ്‌ നൽകുമെന്ന്‌ യോഗത്തിൽ സബ്‌കലക്ടർ എൻ എസ്‌ കെ ഉമേഷ്‌ അറിയിച്ചു. മരണാനന്തര സഹായങ്ങൾക്കും മറ്റും ഡെത്ത്‌ സർട്ടിഫിക്കറ്റ്‌ അത്യാവശ്യമാണ്‌.
വാഹനങ്ങൾ നഷ്ടപ്പെട്ടവർക്ക്‌ ഇൻഷൂറൻസ്‌ പരിരക്ഷ ലഭിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന്‌ ഡിവൈഎസ്‌പി ടി പി ജേക്കബ്‌ പറഞ്ഞു. വാഹനത്തിന്റെ രേഖകൾ ഉള്ളവർ മേപ്പാടി പൊലീസ്‌ സ്‌റ്റേഷനിൽ നൽകണം. രേഖ നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ വാഹനത്തിന്റെ നമ്പറും മോഡലും ഇൻഷൂറൻസ്‌ കമ്പനിയുടെ പേരും നൽകിയാൽ മതിയാകും. 
കശ്‌മീർവരെയുള്ള പ്രദേശങ്ങളിൽ വൈദ്യുതി  പുനസ്ഥാപിച്ചിട്ടുണ്ട്‌. പുത്തുമലയുടെ സുരക്ഷിത ഭാഗങ്ങളിൽ താമസിക്കുന്നവർക്കായുള്ള സൗകര്യം ഒരുക്കും.  പുത്തുമല പോസ്‌റ്റ്‌ ഓഫീസ് മുതൽ നിസ്‌ക്കാര പള്ളിവരെയുള്ള റോഡ്‌ താൽകാലികമായി സഞ്ചാരയോഗ്യമാക്കും. റോഡിൽ കല്ലും മണ്ണും അടിഞ്ഞിരിക്കുകയാണ്‌. പച്ചക്കാട്‌, പുത്തുമല പ്രദേശത്തുനിന്നും മാറ്റി താമസിപ്പിച്ചവർക്ക്‌ പാചകവാതക കണക്ഷൻ ലഭിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കും.  ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിനുള്ള ധനസഹായവും ഉടൻ ലഭ്യമാക്കും.  കാണാതായവർക്കായുള്ള തെരച്ചിൽ തുടരുന്ന സാഹചര്യത്തിലാണ്‌ ധനസാഹയം വൈകുന്നതെന്ന്‌ റവന്യു അധികൃതർ അറിയിച്ചു.  
യോഗത്തിൽ മേപ്പാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ കെ സഹദ്‌, ലൈഫ്‌ മിഷൻ ജില്ലാ കോ–-ഓർഡിനേറ്റർ സിബി, ആരോഗ്യകേരളം ഡിപിഎം ഡോ. ബി അഭിലാഷ്‌, തഹസിൽസാർ ഹാരിസ്‌, പഞ്ചായത്ത്‌ അംഗം പി ചന്ദ്രൻ, കാണാതായവരുടെ ബന്ധുക്കൾ, വിവിധ രാഷട്രീയ പാർടി പ്രതിനിധികൾ, മറ്റു ഉദ്യോഗസ്ഥർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top