27 September Monday
വെള്ളമുണ്ട സർവീസ്‌ സഹകരണ ബാങ്കിലെ അഴിമതി

അന്വേഷണത്തിന്‌ അസി. രജിസ്‌ട്രാറെ 
ചുമതലപ്പെടുത്തി

വെബ് ഡെസ്‌ക്‌Updated: Saturday Jul 24, 2021
 
 
കൽപ്പറ്റ
വെള്ളമുണ്ട സർവീസ്‌ സഹ. ബാങ്കിൽ ഭരണസമിതിയും സെക്രട്ടറിയും നടത്തിയ വൻ അഴിമതി അന്വേഷിക്കാൻ മാനന്തവാടി അസി. രജിസ്‌ട്രാറെ ചുമതലപ്പെടുത്തി.  68(1) പ്രകാരമുള്ള അന്വേഷണത്തിനാണ്‌ ചുമതല. ആരൊക്കെയാണ്‌ അഴിമതി നടത്തിയിട്ടുള്ളത്‌ എന്ന്‌ പരിശോധിക്കും. തുടർന്ന്‌ ബാധ്യത നിശ്‌ചയിക്കും. കുറ്റക്കാരെ നോട്ടീസ്‌ അയച്ച്‌ ഹിയറിങ്ങിന്‌ ഹാജരാക്കും. പിന്നീട്‌ 68 (2) പ്രകാരമുള്ള അന്വേഷണവുമായി മുന്നോട്ട്‌ പോകും. തട്ടിയെടുത്ത തുക തിരിച്ചുപിടിക്കാനുള്ള നടപടിയാണ്‌ ഈ അന്വേഷണത്തിലൂടെ ചെയ്യുക. 
  ഭരണസമിതിയുടെ ഒത്താശയോടെ മുസ്ലിംലീഗ്‌ നേതാവും  മുൻ ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗവുമായ ടി മൊയ്‌തുവാണ്‌ ബാങ്കിൽനിന്ന്‌ 12 ലക്ഷത്തോളം തട്ടിയെടുത്തതായി ഓഡിറ്റിൽ പുറത്ത്‌ വന്നത്‌. യുഡിഎഫ്‌  നിയന്ത്രണത്തിലുള്ള ബാങ്കിൽ ഭരണസമിതി  അറിവോടെയാണ്‌ ക്രമക്കേട്‌ നടന്നതെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌.  പാവപ്പെട്ട കർഷകർക്ക്‌ സർക്കാർ അനുവദിച്ച സബ്‌സിഡി തുകയും കുടുംബശ്രീക്ക്‌ അനുവദിച്ച വായ്‌പയും കടാശ്വാസ ധനസഹായവും  പെൻഷൻ തുകയുമാണ്‌ തട്ടിയെടുത്തത്‌. വ്യാജരേഖകളുണ്ടാക്കി 11,80,094  രൂപയാണ്‌  സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക്‌ മാറ്റിയത്‌.   പല ഇടപാടുകാർക്കും കൊടുക്കാൻ ബാക്കിയുള്ള പണം മറ്റ്‌ ഇടപാടുകാരുടെ അക്കൗണ്ടിലേക്ക്‌ അവരറിയാതെ മാറ്റി പിന്നീട്‌ ഈ തുക ലൂസ്‌ ലീഫ്‌ വഴി പിൻവലിച്ച്‌ കൈക്കലാക്കുകയായിരുന്നു.  സ്വന്തം അക്കൗണ്ടിൽ പണം വന്ന്‌ പോയത്‌ ഇടപാടുകാർ അറിഞ്ഞില്ല. കടാശ്വാസ കമീഷൻ ഉത്തരവ്‌ പ്രകാരം കർഷകർക്ക്‌  സർക്കാർ വിഹിതമായി ലഭിച്ച 2,54,497 രൂപയും തട്ടിയെടുത്തിരുന്നു. ജനകീയാസൂത്രണ പദ്ധതി, സോയിൽ ഹെൽത്ത്‌ മാനേജ്‌മെന്റ്‌ പദ്ധതികളിലായി നീറ്റ്‌ കക്ക വിതരണം ചെയ്‌ത വകയിൽ 2,77,363 രൂപ വെട്ടിച്ചു. ഗുണഭോക്താക്കൾക്ക്‌ വിവിധ സർക്കാർ പദ്ധതികളിലായി ലഭിച്ച സബ്‌സിഡി തുകകളും വകമാറ്റി തട്ടിയെടുത്തു.  1,32,450 രൂപയാണ്‌ ഈയിനത്തിൽ  അപഹരിച്ചത്‌. സാമൂഹിക സുരക്ഷാ പെൻഷൻ ഇനത്തിൽ നൽകേണ്ട 48,500 രൂപയും തട്ടിയെടുത്തതായി ഓഡിറ്റ്‌ റിപ്പോർട്ടിലുണ്ടായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top