29 July Thursday
- ഇന്ധനവില

ആശങ്കയുടെ പാടത്ത്‌ നെൽക്കർഷകർ

സ്വന്തം ലേഖകൻUpdated: Thursday Jun 24, 2021
കൽപ്പറ്റ
  അനുദിനം കുതിച്ചുകയറുന്ന ഇന്ധന വിലവർധനയിൽ ആശങ്കയുടെ പാടത്ത്‌ പകച്ച്‌ നിൽക്കുകയാണ്‌ നെൽക്കർഷകർ. പെട്രോളിന്റെയും ഡീസലിന്റെയും തീവില കർഷകരുടെ ഉള്ളം പൊള്ളിക്കുകയാണ്‌.  കാലാവസ്ഥാ വ്യതിയാനം, വന്യമൃഗശല്യം, രോഗബാധ എന്നിവകൊണ്ട്‌ പൊറുതിമുട്ടുന്ന കർഷകരെ  ഇന്ധന വിലവർധന നഷ്ടത്തിലേക്ക്‌ കൂപ്പു കുത്തിക്കുന്നു. ആധുനിക സംവിധാനത്തോടെയാണ്‌ നിലവിൽ മുഴുവനാളുകളുടെയും കൃഷി. 
   ട്രാക്ടർ, ടില്ലർ, കൊയ്‌ത്തുമെഷീൻ, പുല്ല്‌ കെട്ട്‌ യന്ത്രം എന്നിവയുടെ  വാടകയിലൂടെയാണ്‌ ഇന്ധനവില നെൽകർഷകരെ നേരിട്ട്‌ ബാധിക്കുക.  ടില്ലറിനും ട്രാക്ടറിനും കൊയ്‌ത്തു മെഷീനും യഥാക്രമം 550, 1200, 2400 രൂപയാണ്‌ മണിക്കൂറിന്‌ വാടക. ഇന്ധനവില വർധിച്ചതോടെ വാടകയിനത്തിൽ  200 ഉം 300 ഉം വീതമാണ്‌ വർധന വന്നത്‌. ഒരേക്കർ ചെളി പൂട്ടടിക്കാൻ  ടില്ലറിന്‌ 15 മുതൽ 20 മണിക്കൂറാണ്‌ വേണ്ടിവരിക. 
   ഈയിനത്തിൽ മൂവായിരം രൂപയോളം ഇനി അധികമാവും. കൊയ്യാൻ രണ്ടേകാൽ മണിക്കൂറാണ്‌ ഒരേക്കറിന്‌ സമയം. ആ ഇനത്തിലും 3000 രൂപയോളം ചെലവ്‌ അധികരിക്കും. ട്രാക്ടറിന്റെ വാടകയിനത്തിലും 200 രൂപയോളം അധികം ചെലവാകും. പുല്ല്‌ ഒരു റോള്‌ കെട്ടാൻ 25 രൂപയുടെ സ്ഥാനത്തിപ്പോൾ 35 ആയി. നിലവിൽ ഒരേക്കർ നെൽകൃഷിചെയ്യാൻ വേണ്ടിവരുന്നത്‌ 43,000 രൂപയാണ്‌.  ഇന്ധനവിലയിലെ വർധനകൊണ്ട്‌ മാത്രം ഇത്‌ 55,000 രൂപയോളമാകും. നെല്ലും പുല്ലും കൊണ്ടുപോകാനുള്ള വാഹന വാടകയ്‌ക്ക്‌ പുറമേയാണിത്. മോട്ടോർ പമ്പ്‌ വച്ച്‌ വെള്ളമടിച്ച്‌ കൃഷിചെയ്യുന്ന കർഷകർക്ക്‌ ഇതിലും കൂടുതൽ ചെലവ്‌ വരും. 
    സംസ്ഥാന സർക്കാരും തദ്ദേശസ്ഥാപനങ്ങളും നൽകുന്ന സബ്‌സിഡിയും  ധനസഹായവുംകൊണ്ടാണ്‌ നിലവിൽ കർഷകർ പിടിച്ചുനിൽക്കുന്നത്‌.  കടകളിൽ ക്വിന്റലിന്‌ 1600 രൂപ വരെ ലഭിക്കുമ്പോൾ സർക്കാർ ശേഖരിക്കുന്നത്‌ 2800 രൂപക്കാണ്‌. കൂടാതെ  ഒരു ഹെക്ടറിന്‌ 17,000 രൂപ സഹായവും നൽകുന്നുണ്ട്‌. എന്നിരുന്നാലും വന്യമൃഗശല്യത്താലും വെള്ളപ്പൊക്കത്താലും പൊറുതിമുട്ടുന്ന കർഷകന്‌ ഇന്ധനവില  കുരുക്കാകുന്നു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top