05 August Thursday
വാക്‌സിനേഷൻ

ആദിവാസികളിൽ ആദ്യ ഡോസ്‌ 
അവസാനഘട്ടത്തിലേക്ക്‌

സ്വന്തം ലേഖകൻUpdated: Thursday Jun 24, 2021

കൽപ്പറ്റ റാട്ടക്കൊല്ലിയിലെ ആദിവാസി വിഭാഗക്കാർക്കായി നടത്തിയ വാക്‌സിനേഷൻ ക്യാമ്പിൽ എത്തിയവർ

 
കൽപ്പറ്റ
കോവിഡ്‌ ചികിത്സയിലുള്ളവരുടെ എണ്ണം കുറയുന്നതിനൊപ്പം വാക്‌സിനേഷനും ഊർജിതമായതോടെ ആദിവാസിമേഖല ആശ്വാസത്തിൽ. കോളനികളെ രോഗമുക്തമാക്കാൻ സർക്കാർ  ഇടപെടലുകളും മാസ്‌ വാക്‌സിനേഷൻ ക്യാമ്പും ഗോത്രമേഖലയിൽ കോവിഡ്‌ വ്യാപനം കുറച്ചു. 
        21 വരെയുള്ള കണക്കുകൾ പ്രകാരം 60 വയസ്സിന്‌ മുകളിലുള്ളവരുടെ ആദ്യ ഡോസ്‌ വാക്‌സിനേഷൻ 79 ശതമാനവും 45നും 60നും ഇടയിലുള്ളവരുടേത്‌ 80 ശതമാനവും ജില്ലയിൽ പൂർത്തിയായി.  കഴിഞ്ഞ രണ്ട്‌ ദിവസങ്ങളിലെ ‌ കണക്കുകൾകൂടി ശേഖരിച്ച്‌ വരുന്നതോടെ 45ന്‌ മുകളിൽ വാക്‌സിനേഷൻ നടത്തിയവരുടെ ശതമാനം 85ന്‌ മുകളിലെത്തുമെന്ന്‌ അധികൃതർ പറഞ്ഞു. 18നും 44നും ഇടയിൽ പ്രായമുള്ളവരുടെ ആദ്യ ഡോസ് 17 ശതമാനവും പൂർത്തിയായി.  വിവിധ ഘട്ടങ്ങളിലായി കോളനി പരിസരങ്ങളിൽ പ്രത്യേക ക്യാമ്പ്‌ സംഘടിപ്പിച്ചാണ്‌ വാക്‌സിനേഷൻ. കഴിഞ്ഞ രണ്ട്‌ ദിവസങ്ങളിലായി മാത്രം നൂറിലധികം കോളനികളിൽ കുത്തിവെപ്പ്‌ നടന്നു. രണ്ടാം ഡോസ്‌ വാക്‌സിനേഷനും പുരോഗമിക്കുന്നു. 
 
വാക്‌സിനെടുത്തത്‌  46,892 പേർ 
 
ജില്ലയിൽ 18 വയസ്സിന്‌ മുകളിലുള്ളവരിൽ ആകെ 46,892 പേരാണ്‌ ആദ്യ ഡോസ്‌ വാക്‌സിനെടുത്തത്‌. ഇതിൽ 22,311 പേർ 45നും 60നും ഇടയിൽ പ്രായക്കാരാണ്‌. 60ന്‌ മുകളിലുള്ള 12,800 പേർ വാക്‌സിനെടുത്തു. 18നും 44നും ഇടയിൽ 11,781 പേർ വാക്‌സിനെടുത്തു. രണ്ടാം ഡോസ്‌ 8923 പേർ എടുത്തു. 45നും 60 നും ഇടയിൽ ആദ്യ ഡോസ്‌ വാക്‌സിൻ കൂടുതൽ എടുത്തത്‌ മാനന്തവാടി താലൂക്കിലാണ്‌. 10,334 പേരിൽ 8659 പേർ വാക്‌സിൻ സ്വീകരിച്ചു. 83.7 ശതമാനം പേർ. ബത്തേരിയിൽ 10,099 പേരിൽ 7422 പേർ ആദ്യ ഡോസ്‌ എടുത്തു. 73.1 ആണ്‌ ശതമാനം. വൈത്തിരിയിൽ 7390 പേരിൽ 6230 പേർ ആദ്യ ഡോസ്‌ എടുത്തു. 84 ആണ്‌ ശതമാനം. 60ന്‌ മുകളിൽ പ്രായമുള്ളവരിൽ ആദ്യ ഡോസ്‌ കൂടുതൽ എടുത്തത്‌ മാനന്തവാടിയിലാണ്‌–- 4628 പേർ. ബത്തേരിയിൽ 4578 പേരും വൈത്തിരിയിൽ 3594 പേരും വാക്‌സിൻ സ്വീകരിച്ചു. 
ചികിത്സയിലുള്ളത്‌  
613 പേർ മാത്രം
  ആദിവാസി വിഭാഗത്തിൽ  കോവിഡ്‌ ബാധിച്ച്‌ ചികിത്സയിലുള്ളത്‌  613 പേർ മാത്രം.  മൂന്നാഴ്‌ചക്കുള്ളിൽ ആക്ടീവ്‌ രോഗികളുടെ എണ്ണത്തിൽ വൻ കുറവാണുണ്ടായത്‌. 1700ന്‌ മുകളിലായിരുന്ന നിരക്കാണ്‌ 600ലെത്തി നിൽക്കുന്നത്‌. 18 പേർ മാത്രമാണ്‌ നിലവിൽ ആശുപത്രിയിൽ ചികിത്സയിലുള്ളത്‌.  ഗൃഹവാസ പരിചരണകേന്ദ്രത്തിലാണ്‌ കൂടുതൽ പേർ കഴിയുന്നത്‌. 371 പേർ. 133 പേർ വീടുകളിലും 101 പേർ സിഎഫ്‌എൽടിസികളിലും കഴിയുന്നു. മാനന്തവാടി നഗരസഭക്ക്‌ കീഴിലാണ്‌ കൂടുതൽ രോഗികളുള്ളത്‌. 114 പേർ. നൂൽപ്പുഴയിൽ 99 പേർ ചികിത്സയിലുണ്ട്‌. തവിഞ്ഞാൽ, പടിഞ്ഞാറത്തറ പഞ്ചായത്തുകളിലാണ്‌ ‌ കുറവ്‌ രോഗികളുള്ളത്‌. തവിഞ്ഞാലിൽ മൂന്നും പടിഞ്ഞാറത്തറയിൽ ഏഴും രോഗികളാണുള്ളത്‌.  ജില്ലയിൽ ഇതുവരെ 6368 ആദിവാസികൾക്കാണ്‌ രോഗം ബാധിച്ചത്‌. രണ്ടാം തരംഗത്തിൽ മാത്രം ഒമ്പതുപേർ മരിച്ചു.  എല്ലാ പഞ്ചായത്തുകളിലും കോളനികളോട്‌ ചേർന്നുള്ള വിദ്യാലയങ്ങൾ, അങ്കണവാടികൾ, പിഎച്ച്‌സികൾ, സിഎച്ച്‌സികൾ എന്നിവ കേന്ദ്രീകരിച്ച്‌ ടെസ്‌റ്റ്‌ നടത്താനും മാസ്‌ വാക്‌സിനേഷൻ ക്യാമ്പ്‌ നടത്താനും കഴിഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top