14 November Thursday

വെള്ളമുണ്ടക്ക്‌ വെളിച്ചമായി പബ്ലിക്ക‌് ലൈബ്രറി

വെബ് ഡെസ്‌ക്‌Updated: Monday Jun 24, 2019

 

വെള്ളമുണ്ട
സ്വാതന്ത്ര്യലബ്ധിക്ക‌ും പത്താണ്ട‌് മുമ്പേ വെള്ളമുണ്ടയിൽ വായനയുടെ വസന്തം തീർത്ത പബ്ലിക‌് ലൈബ്രറി പുതിയകാലത്തും മുമ്പേ  നടക്കുന്നു. സാംസ‌്കാരിക, ഗ്രന്ഥശാല പ്രവർത്തനങ്ങളിൽ ജില്ലയുടെ അമരത്താണ‌് ഈ വായനശാലയുടെ സ്ഥാനം. പ്രതിഭാധനരായ ഒര‌ുപിടിയാളുകൾ സാരഥ്യം വഹിച്ച ഈ വായനശാല അതിന്റെ പാരമ്പ്യത്തിലും പ്രവർത്തനങ്ങളിലും മികവ‌് കാക്കുകയാണ‌്. സ്വാതന്ത്ര്യസമരത്തിന്റെ ഊർജം ആവഹിച്ച‌്  1936ൽ തുടങ്ങിയ വായനശാല ഗ്രാമീണ, നഗര വായനകളെ ഒരുപോലെ പരിപോഷിപ്പിച്ചു. വെള്ളമുണ്ട എയുപി സ‌്കൂളിൽ തുടങ്ങിയ ഗ്രന്ഥാലയം ഇന്ന‌് വെള്ളമുണ്ടയിലെ ഏറ്റവും തലയെടുപ്പുള്ള സാംസ‌്കാരിക കേന്ദ്രമാണ‌്. 
പതിനെട്ടായിരത്തോളം പുസ‌്തകങ്ങളും 4436 മെമ്പർമാരുമായി ഈ സാംസ‌്കാരിക കേന്ദ്രം പടർന്ന‌് പന്തലിക്കുകയാണ‌്. കഴിഞ്ഞവർഷം സംസ്ഥാനത്തെ ഏറ്റവും മികച്ച ലൈബ്രറിയായി സംസ്ഥാന യുവജനക്ഷേമമേബാർഡ‌് വെള്ളമുണ്ട പബ്ലിക‌് ലൈബ്രറിയെ തെരഞ്ഞെടുത്തു. സംസ്ഥാനത്തെ മികച്ച ബാലവേദിക്കുള്ള കെ ഗോവിന്ദൻ സ‌്മാരക പുരസ‌്കാരം, പരിസ്ഥിതി പ്രവർത്തനത്തിനുള്ള നെഹ‌്റു യുവകേന്ദ്ര പുരസ‌്കാരം എന്നിവയും ലഭിച്ചു.  15 വർഷം താലൂക്ക‌് റഫറൻസ‌് ലൈബ്രറിയായിരുന്നു.  
പുസ‌്തകവിതരണത്തോടൊപ്പം, അന‌ുജസ‌്മരണങ്ങൾ, ചർച്ചകൾ, ബോധവൽക്കരണ ക്ലാസുകൾ, സംഗീത പരിപാടികൾ, ക്വിസ‌് മത്സരങ്ങൾ... എന്നിങ്ങനെ നീളുന്നതാണ‌് പരിപാടികൾ. മാസങ്ങളിൽ മുടങ്ങാതെ നടത്തുന്ന ‘എല്ലാരും പാടണ‌് ’ സംഗീത സദസ‌് ജനകീയ പരിപാടിയായി വളർന്നു. വനിതാ പുസ‌്തക വിതരണം ജില്ലയിൽ ഏറ്റവും മികച്ച രീതിയിൽ നടത്തുന്നതുംഈ ലൈബ്രറിയാണ‌്. വായനശാലയുടെ രണ്ട‌് കിലോമീറ്റർ ചുറ്റളവിലുള്ള 144 വീടുകളിലാണ‌് പുസ‌്തകങ്ങൾ എത്തിക്കുന്നത‌്. വനിതാ ലൈബ്രേറിയൻ പി പി സുഷമയുടെ നേതൃത്വത്തിലാണ‌് പുസ‌്തകവിതരണം. ബാലവേദി, വനിതാ വേദി, വയോജനവേദി, യുവത, കർഷകവേദി, ഫിലിം സൊസൈറ്റി എന്നിവയെല്ലാം സജീവമാണ‌്. വിദ്യാർഥികൾക്ക‌് നൃത്തത്തിലും സംഗീതത്തിലും ശനി, ഞായർ ദിവസങ്ങളിൽ പരിശീനം നൽകുന്നു.  മെഡിക്കൽ ക്യാമ്പുകളും നടത്തുന്നു‌. ഗാന്ധി സ‌്മൃതി, പന്തി ഭോജനത്തിന്റെ നൂറാംവാർഷികാഘോഷം, വയോജനങ്ങളെ ആദരിച്ചുള്ള ‘സ‌്നേഹതീരം’‌, പ്രതിഭകളെ അനുമോദിച്ചുള്ള ‘സ‌്നേഹാദരം’ പരിപാടികളും മികച്ച ഇടപെടലുക‌ളായിരുന്നു.  കഴിഞ്ഞവർഷം അമ്പതിലേറെ പരിപാടികളാണ‌് ഗ്രന്ഥാലയം നേതൃത്വത്തിൽ നടത്തിയത‌്.
വെള്ളമുണ്ട എയുപിയിൽ പ്രവർത്തം തുടങ്ങിയ ലൈബ്രറി പിന്നീട‌് വാടകകെട്ടിടത്തിലേക്ക‌് മാറി. 1978ൽ സ്വന്തം കെട്ടിടം നിർമിച്ചു. 2002ൽ ആണ‌് ഇപ്പോഴുള്ള ഇരുനിലകെട്ടിടം നിർമിച്ച‌് പ്രവർത്തനം തുടങ്ങിയത‌്. നിലവിൽ എം മുളീധരൻ പ്രസിഡന്റും എം മണികണ‌്ഠൻ സെക്രട്ടറിയുമാണ‌്. 
പ്രധാന വാർത്തകൾ
 Top