കൽപ്പറ്റ
27ന് തെരഞ്ഞെടുപ്പ് നടക്കുന്ന മുട്ടിൽ പഞ്ചായത്ത് മാണ്ടാട് (13–-ാം വാർഡ് ) ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിൽ എൽഡിഎഫ് മുന്നേറ്റം. പൊതുപ്രവർത്തനരംഗത്ത് സജീവസാന്നിധ്യമായ എൽഡിഎഫ് സ്ഥാനാർഥി അബ്ദുള്ള പുൽപ്പാടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മികച്ച സ്വീകാര്യതയാണ് നേടാനാവുന്നത്. പരസ്യ പ്രചരാണം ചൊവ്വാഴ്ച അവസാനിക്കും. സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ, സി കെ ശശീന്ദ്രൻ എംഎൽഎ, സിപിഐ എം കൽപ്പറ്റ ഏരിയാ സെക്രട്ടറി എം മധു എന്നിവരടക്കമുള്ള നേതാക്കൾ അബ്ദുള്ള പുൽപ്പാടിയുടെ തെരഞ്ഞെടുപ്പ് രംഗത്ത് സജീവമാണ്. വീടുകയറിയുള്ള പ്രചാരണത്തിലും ബൂത്തുതല കൺവൻഷനുകളിലുമെല്ലാം പൊതുപ്രവർത്തകർ പിന്തുണയുമായെത്തുന്നത് എൽഡിഎഫ് സ്ഥാനാർഥിക്ക് ആത്മവിശ്വാസമേകുന്നു. കെ മൊയ്തീനാണ് യുഡിഎഫ് സ്ഥാനാർഥി. ബിജെപി, എസ്ഡിപിഐ സ്ഥാനാർഥികളും മത്സരരംഗത്തുണ്ട്.
മുട്ടിൽ പഞ്ചായത്ത്മുൻ പ്രസിഡന്റ് കൂടിയായിരുന്ന എ എം നജീമിന്റെ അംഗത്വം തെരഞ്ഞൈടുപ്പ് കമീഷൻ റദ്ദാക്കിയതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. 2015ൽ നടന്ന തെരഞ്ഞെടുപ്പിൽ 19 വാർഡുകളിൽ ഒമ്പത് പേരാണ് എൽഡിഎഫിൽനിന്നും വിജയിച്ചത്. 13–-ാം വാർഡിൽനിന്നും സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച നജീം എൽഡിഎഫുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിക്കുകയും ധാരണപ്രകാരം ഈ അംഗത്തെ അഞ്ച് വർഷത്തേക്ക് പ്രസിഡന്റായി തെരഞ്ഞെടുക്കുകയുമായിരുന്നു.
എന്നാൽ നജിമിനെ രാജിവെപ്പിച്ച് രാഷ്ട്രീയ കുതിരക്കച്ചവടത്തിലൂടെ എൽഡിഎഫ് ഭരണം യുഡിഎഫ്അട്ടിമറിക്കുകയായിരുന്നു. രാജിക്കത്തിൽ പ്രസിഡന്റ് സ്ഥാനം രാജിവെച്ചതിനൊപ്പം അംഗത്വവും രാജിവെക്കുന്നതായി നജീം രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഈ കത്ത് നിലനിൽക്കെ പുതിയ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് അനുകൂലമായി നജീം വോട്ടുചെയ്യുകയായിരുന്നു. ഇതിനെതിരെ സിപിഐ എം അംഗം പി ഭരതൻ നൽകിയ പരാതി പരിശോധിച്ച തെരഞ്ഞെടുപ്പ് കമീഷൻ നജീം പഞ്ചായത്തംഗത്വവും രാജിവെച്ചതായി കണ്ടെത്തുകയും അംഗത്വം റദ്ദാക്കുകയുമായിരുന്നു. 27 ന് രാവിലെ എഴു മുതൽ വൈകിട്ട് അഞ്ചുവരെയാണ് വോട്ടെടുപ്പ്. 28 ന് രാവിലെ 10 മുതൽ വോട്ടെണ്ണൽ നടക്കും.