മീനങ്ങാടി
എസ്എഫ്ഐ ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിന് പ്രൗഢോജ്വല തുടക്കം. എസ്‌എഫ്‌ഐയുടെ ആദ്യ സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്‌ണന്റെ പേരിലുള്ള നഗറിൽ (മീനങ്ങാടി സെന്റ് മേരീസ് ചർച്ച് ഹാൾ) പ്രതിനിധി സമ്മേളനം എസ്എഫ്ഐ മുൻ സംസ്ഥാന പ്രസിഡന്റ് ഡോ. ഷിജുഖാൻ ഉദ്ഘാടനം ചെയ്‌തു. ഇന്ത്യയുടെ ചരിത്രം തിരുത്തി വിദ്യാഭ്യാസരംഗം കൈയടക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നതെന്ന് ഷിജുഖാൻ പറഞ്ഞു. ഇന്ത്യയുടെ ചരിത്രവും സംസ്‌കാരവും പഠിച്ചാൽ ആർഎസ്‌എസ് എന്താണെന്ന് എല്ലാവർക്കും മനസ്സിലാകും. ഇന്ത്യൻ ദേശീയപതാകയെ പോലും അംഗീകരിക്കാത്തവരാണ് മറ്റുള്ളവരെ ദേശാഭിമാനം പഠിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ജോയൽ ജോസഫ് പതാക ഉയർത്തിയതോടെയാണ് സമ്മേളന നടപടികൾ ആരംഭിച്ചത്. ജില്ലാ സെക്രട്ടറിയറ്റംഗം കെ നിധിൻ രക്തസാക്ഷി പ്രമേയവും മാളവിക അനുശോചനപ്രമേയവും അവതരിപ്പിച്ചു. സംഘാടകസമിതി ചെയർമാൻ സി അസൈനാർ സ്വാഗതം പറഞ്ഞു.
സംസ്ഥാന സെക്രട്ടറിയറ്റംഗം വൈഷ്‌ണവ് മഹേന്ദ്രൻ സംഘടനാറിപ്പോർട്ടും ജില്ലാ സെക്രട്ടറി ജിഷ്ണു ഷാജി പ്രവർത്തനറിപ്പോർട്ടും അവതരിപ്പിച്ചു. ജോയൽ ജോസഫ് കൺവീനറായി അപർണ ബാലൻ, സായന്ത്, മാളവിക എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. എൽദോസ് മത്തായി, ശരത്, രാഹുൽ, അഥീന(പ്രമേയം), സാന്ദ്രരവീന്ദ്രൻ, നസൽ, ടോണി, അഞ്‌ജന, വിനായക്(മിനുട്‌സ്) എന്നീ കമ്മിറ്റിയും പ്രവർത്തിക്കുന്നു. 275 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. റിപ്പോർട്ടിന് മുകളിലുള്ള ചർച്ചകൾ പൂർത്തിയാക്കി, ഭാരവാഹികളെ തെരഞ്ഞെടുത്ത് സമ്മേളനം ബുധനാഴ്ച സമാപിക്കും. സമ്മേളനത്തിന്റെ ഭാഗമായി സംഘടനയുടെ ആദ്യകാല ഭാരവാഹികളുടെ സംഗമവും നടന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..