07 July Thursday

എകെഎസ്‌ ജില്ലാ സമ്മേളനത്തിന്‌ ഇന്ന്‌ സമാപനം

വെബ് ഡെസ്‌ക്‌Updated: Tuesday May 24, 2022

എകെഎസ്‌ ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധിസമ്മേളനം മന്ത്രി കെ രാധാകൃഷ്‌ണൻ ഉദ്‌ഘാടനംചെയ്യുന്നു.

മീനങ്ങാടി
ആദിവാസി ക്ഷേമസമിതി(എകെഎസ്‌) ജില്ലാ സമ്മേളനത്തിന്‌ ചൊവ്വാഴ്‌ച സമാപനം.  പ്രതിനിധി സമ്മേളനം പി കുഞ്ഞിരാമൻ നഗറിൽ (മീനങ്ങാടി ചോളെ ഓഡിറ്റോറിയം) മന്ത്രി കെ രാധാകൃഷ്‌ണൻ ഉദ്‌ഘാടനംചെയ്‌തു. എകെഎസ്‌ ജില്ലാ പ്രസിഡന്റ്‌ സീതാ ബാലൻ പതാക ഉയർത്തി. പി വാസുദേവൻ രക്തസാക്ഷി പ്രമേയവും എം വി രാജൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. 
സീതാബാലൻ, ടി കെ രമേശ്‌, വി കേശവൻ, കെ രാമചന്ദ്രൻ എന്നിവരടങ്ങിയ പ്രസീഡിയമാണ്‌ സമ്മേളനം നിയന്ത്രിക്കുന്നത്‌. കെ അച്ചപ്പൻ, പ്രസാദ്‌, രാധാകൃഷ്‌ണൻ, സിന്ധു ശ്രീധരൻ എന്നിവർ പ്രമേയ കമ്മിറ്റി അംഗങ്ങളായും കെ ബാലൻ, സുമേഷ്‌, എം വി രാജൻ, ശാരദാ സജീവൻ എന്നിവർ മിനുട്‌സ്‌ ‌കമ്മിറ്റി അംഗങ്ങളായും പ്രവർത്തിക്കുന്നു.
   സംസ്ഥാന പ്രസിഡന്റ്‌ ഒ ആർ കേളു എംഎൽഎ സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി പി വാസുദേവൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. 233 പ്രതിനിധികളാണ്‌ പങ്കെടുക്കുന്നത്‌. സ്വാഗതസംഘം കൺവീനർ എൻ പി കുഞ്ഞുമോൾ സ്വാഗതം പറഞ്ഞു. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സി കെ ശശീന്ദ്രൻ, കെഎസ്‌കെടിയു ജില്ലാ പ്രസിഡന്റ്‌ കെ ഷമീർ എന്നിവരും പങ്കെടുത്തു. ഞായറാഴ്‌ച പ്രകടനവും പൊതുസമ്മേളനവും നടത്തി. പൊതുസമ്മേളനം മന്ത്രി വീണാ ജോർജ്‌ ഉദ്‌ഘാടനംചെയ്‌തു.  
 
 
 
സംവരണം ഇല്ലാതാക്കുന്നത്‌ ചാതുർവർണ്യം തിരിച്ചുകൊണ്ടുവരാൻ: മന്ത്രി  രാധാകൃഷ്‌ണൻ
മീനങ്ങാടി
ചാതുർവർണ്യ വ്യവസ്ഥ തിരിച്ചുകൊണ്ടുവരുന്നതിനാണ്‌ ആർഎസ്‌എസ്‌ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ ആദിവാസി, പിന്നാക്ക വിഭാഗ സംവരണം നിർത്തലാക്കാൻ ശ്രമിക്കുന്നതെന്ന്‌ ‌മന്ത്രി കെ രാധാകൃഷ്‌ണൻ പറഞ്ഞു. എകെഎസ്‌ ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
  രാജ്യത്തെ ഹിന്ദുരാഷ്‌ട്രമാക്കാനാണ്‌‌ ആർഎസ്‌എസ്‌ ലക്ഷ്യമിടുന്നത്‌.  ജോലിയിലും വിദ്യാഭ്യാസത്തിലുമെല്ലാം നിലനിൽക്കുന്ന സംവരണമാണ്‌ സാമൂഹ്യരംഗത്ത്‌ ഉയർന്നുവരാൻ പിന്നാക്കക്കാർക്ക്‌ അവസരമൊരുക്കിയത്‌. സമൂഹത്തിൽനിന്ന്‌ ഒരു കാലത്ത്‌ അകറ്റിനിർത്തപ്പെട്ടവർ അറിവും അധികാരവുമെല്ലാം കൈയടക്കുന്നു എന്ന്‌ വന്നതോടെയാണ്‌ സംവരണം ഇല്ലാതാക്കാൻ ശ്രമം ആരംഭിച്ചത്‌. ആഗോളവൽക്കരണവും സ്വകാര്യവൽക്കരണവുമെല്ലാം സംവരണം അട്ടിമറിക്കാൻ ഉപയോഗപ്പെടുത്തുകയാണ്‌. സംവരണം തടയാൻ ലക്ഷ്യമിട്ടാണ്‌ സ്വകാര്യവൽക്കരണം വേഗത്തിൽ നടപ്പാക്കുന്നത്‌. കേന്ദ്ര സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെ സ്വകാര്യവൽക്കരിക്കുകയാണ്‌. സ്വകാര്യവൽക്കരിക്കുമ്പോൾ സംവരണം വേണ്ടിവരില്ല. ഇതോടെ പിന്നാക്കവിഭാഗക്കാർക്ക്‌‌ തൊഴിലും വിദ്യാഭ്യാസവുമെല്ലാം അപ്രാപ്യമാകും. ഇത്‌ തിരിച്ചറിഞ്ഞാണ്‌ എകെഎസ്‌ പോലുള്ള സംഘടനകൾ സ്വകാര്യമേഖലയിലും നിയമംമൂലം സംവരണം നടപ്പാക്കണമെന്ന്‌ ആവശ്യപ്പെടുന്നത്‌. 
   ആദിവാസി മേഖലയിലെ ഫണ്ടുകൾ ഫലപ്രദമായി ഉപയോഗപ്പെടുത്താൻ സർക്കാർ കൂടുതൽ ഇടപെടലുകൾ നടത്തും. ചെലവാക്കുന്ന ഫണ്ടിന്റെ ഗുണം ആദിവാസി സമൂഹത്തിന്‌ ലഭ്യമാക്കാൻ ആദിവാസികളും ശ്രമം നടത്തണമെന്നും മന്ത്രി പറഞ്ഞു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top