23 July Tuesday

‘വയറെരിയുന്നവരുടെ മിഴി നനയാതിരിക്കാൻ’ ഡിവൈഎഫ‌്ഐയുടെ പൊതിച്ചോർ വിതരണത്തിന‌് ഒരാണ്ട‌്

വെബ് ഡെസ്‌ക്‌Updated: Sunday Mar 24, 2019

കൽപ്പറ്റ> ‘വയറെരിയുന്നവരുടെ മിഴി നനയാതിരിക്കാൻ’ ആതുരാലയങ്ങളിൽ ഡിവൈഎഫ‌്ഐ വയനാട്‌ ജില്ലാ കമ്മിറ്റി ‘ഹൃദയപൂർവം’  തുടക്കമിട്ട പൊതിച്ചോർ വിതരണത്തിന‌് ഒരാണ്ട‌്. ജില്ലയിലെ അഞ്ച‌് ആശുപത്രികളിൽനിന്നും വിശപ്പിന്റെ വിളികളകറ്റി. രണ്ട‌് ലക്ഷം പൊതിച്ചോറുകൾ ഒരുവർഷത്തിനിടെ വിതരണം ചെയ‌്തു. ജില്ലയിലെ ഏറ്റവും വലിയ ആതുരാലയമായ ജില്ലാ ആശുപത്രി, കൽപ്പറ്റ ജനറൽ ആശുപത്രി, വൈത്തിരി  താലൂക്ക‌് ആശുപത്രി, പുൽപ്പള്ളി സിഎച്ച‌്സി എന്നീ ആശുപത്രികളിൽ എല്ലാദിവസവും ബത്തേരി താലൂക്ക‌് ആശുപത്രികളിൽ വെള്ളി, ശനി ദിവസങ്ങളിലുമാണ‌് ഡിവൈഎഫ‌്ഐയുടെ പൊതിച്ചോർ വിതരണം. ഭഗത‌്സിങ്ങിന്റെ രക്തസാക്ഷിത്വദിനത്തിൽ തുടങ്ങിയ പദ്ധതി വയനാടിന്റെ യുവജനത ഹൃദയപൂർവം ഏറ്റെടുത്തു. ബ്ലോക്ക‌് കമ്മിറ്റികളുടെ മേൽനോട്ടത്തിൽ വില്ലേജ‌് കമ്മിറ്റികളാണ‌് നേതൃത്വം നൽകുന്നത‌്. വീട്ടമ്മമാർ, ആശുപത്രി അധികൃതർ, രോഗികളുടെ ബന്ധുക്കൾ തുടങ്ങിയവർ പൊതിച്ചോർ വിതരണവുമായി സഹകരിക്കുന്നു. രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമാണ‌് ഭക്ഷണം നൽകുന്നത‌്. വീടുകളിൽനിന്നുമാണ‌് ഡിവൈഎഫ‌്ഐ പ്രവർത്തകർ പൊതിച്ചോർ ഉണ്ടാക്കി കൊണ്ടുവരുന്നത‌്. ആശുപത്രികളിൽ പ്രത്യേക കൗണ്ടറുകളിട്ടാണ‌് വിതരണം.

പദ്ധതിയുടെ  വാർഷികാഘോഷത്തിന്റെ ഭാഗമായി ജില്ലാ ആശുപത്രയിൽ ശനിയാഴ‌്ച്ച പായസവിതരണവും നടത്തി. ചടങ്ങ‌് ഡിവൈഎഫ‌്ഐ ജില്ലാ സെക്രട്ടറി കെ റഫീഖ‌് ഉദ‌്ഘാടനംചെയ‌്തു. കെ ആർ ജിതിൻ അധ്യക്ഷനായി. കെ മുഹമദാലി, സനൽകുമാർ, ഹരിപ്രീയ എന്നിവർ സംസാരിച്ചു. വൈത്തിരി ആശുപത്രിയിൽ   ഡിവൈഎഫ‌്ഐ ജില്ലാ പ്രസിഡന്റ‌് കെ എം ഫ്രാൻസീസ‌്, കൽപ്പറ്റ ജനറൽ ആശുപത്രിയിൽ എം വി വിജേഷ‌്, ബത്തേരിയിൽ ശ്രവ്യ ബാബു എന്നിവർ വാർഷികാചരണത്തിന‌്  നേതൃത്വം നൽകി. 
പ്രധാന വാർത്തകൾ
 Top