27 September Sunday
മന്ത്രി തിലോത്തമൻ ഉദ്‌ഘാടനം ചെയ്യും

‘ലൈഫ്‌’ ലഭിച്ച 12,476 കുടുംബങ്ങൾ ഇന്ന്‌ സംഗമിക്കും

വെബ് ഡെസ്‌ക്‌Updated: Friday Jan 24, 2020
കൽപ്പറ്റ
12,476 കുടുംബങ്ങളെ ജീവിതത്തിലേക്ക്‌ കൈപിടിച്ചുയർത്തിയതിന്റെ ആത്മവിശ്വാസവുമായി ലൈഫ്‌ ജില്ലാ തല കുടുംബസംഗമം വെള്ളിയാഴ്‌ച ചേരും.  പകൽ  11ന് കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ ഭക്ഷ്യ, പൊതുവിതരണം, ലീഗൽ മെട്രോളജി  മന്ത്രി പി തിലോത്തമൻ ഉദ്ഘാടനം ചെയ്യും.   സംസ്ഥാന സര്‍ക്കാറിന്റെ സമ്പൂര്‍ണ പാര്‍പ്പിട പദ്ധതി (ലൈഫ്) യുടെ ജില്ലാതല പൂര്‍ത്തീകരണ പ്രഖ്യാപനവും ചടങ്ങിൽ നടക്കും.   ഒന്നും രണ്ടും ഘട്ടങ്ങളിലൂടെ ജില്ലയിലെ 12476 കുടുംബങ്ങൾക്കാണ് വീടെന്ന സ്വപ്നം പൂർത്തീകരിക്കാൻ സാധിച്ചത്. മാനന്തവാടി ബ്ലോക്കിൽ–- 2574, കൽപ്പറ്റ ബ്ലോക്കിൽ 3570, ബത്തേരി ബ്ലോക്കിൽ 1625, പനമരം ബ്ലോക്കിൽ 2279 എന്നിങ്ങനെ വീടുകൾ പൂർത്തികരിച്ചു.  കൽപ്പറ്റ നഗരസഭയിൽ 642ഉം മാനന്തവാടി നഗരസഭയിൽ  866ഉം  ബത്തേരി നഗരസഭയിൽ 706ഉം വീടുകൾ പൂർത്തിയായി. 
     ലൈഫ് മിഷൻ ഗുണഭോക്തക്കളുടെ ജില്ലാതല കുടുംബസംഗമത്തിന് മുന്നോടിയായി ബ്ലോക്ക്, നഗരസഭാതലങ്ങളിൽ കുടുംബസംഗമങ്ങൾ സംഘടിപ്പിച്ചിരുന്നു. വിവിധ വകുപ്പുകളും സ്ഥാപനങ്ങളും  സംഗമത്തിൽ ഗുണഭോക്താക്കൾക്കായി സൗജന്യ സേവനങ്ങളുമായി രംഗത്തെത്തി. കൃഷി വകുപ്പിന്റെ ജീവനം പദ്ധതിയുടെ ഭാഗമായി പച്ചക്കറി തൈകളുടെ വിതരണവും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും കാരുണ്യ ഐ കെയർ ഫൗണ്ടേഷന്റെയും പ്രേജക്ട് വിഷന്റെയും സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന ക്യാമ്പും നടത്തി. വീടുകൾക്കൊപ്പം ഗുണഭോക്താക്കൾക്ക് ജീവിതോപാധികളും കണ്ടെത്തി നൽകുകയാണ് അദാലത്തിലൂടെ ലക്ഷ്യമിട്ടത്. ചടങ്ങിൽ  സി കെ ശശീന്ദ്രൻ എംഎൽഎ അധ്യക്ഷനാവും. എംഎൽഎമാരായ ഒ ആർ കേളു, ഐ സി ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ, ജില്ലാ കലക്ടർ ഡോ.അദീല അബ്ദുള്ള, ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും.
   പദ്ധതിയുടെ ഭാഗമായി മൂന്നാം ഘട്ടത്തിൽ ഫ്‌ളാറ്റ് സമുച്ചയങ്ങൾ  ഭൂമിയും വീടുമില്ലാത്തവർക്കായി ഒരുക്കും. സംസ്ഥാനത്ത് രണ്ട് ലക്ഷം വീടുകൾ പൂർത്തിയാക്കിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം  26ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് നടത്തും.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top