30 November Monday

പ്രകാശം പരത്തി സർക്കാർ

സ്വന്തം ലേഖകന്‍Updated: Monday Nov 23, 2020

 കൽപ്പറ്റ

ഇരുളകറ്റി നാടാകെ പ്രകാശം പരത്തി എൽഡിഎഫ്‌ സർക്കാർ.  ലോഡ്‌ ഷെഡ്ഡിങ്, പവർക്കട്ട്‌ തുടങ്ങിയ വാക്കുകൾ മലയാളി മറന്നു. അധികാരമേറ്റ് ഒരു വർഷത്തിനുള്ളിൽ 15150 കുടുംബങ്ങൾക്ക് വൈദ്യുതി നൽകി. 2017 മെയ് 27ന് ജില്ലയെ സമ്പൂർണ വൈദ്യുതീകരണ ജില്ലയായി  പ്രഖ്യാപിച്ചു. മറ്റു ജില്ലകളിൽനിന്നും വ്യത്യസ്തമായി നിരവധി വെല്ലുവിളികൾ അതിജീവിച്ചാണ് ഈ അതുല്യനേട്ടം. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ആദിവാസികളും, വനഗ്രാമങ്ങളും ഉള്ള ജില്ല എന്ന നിലയിൽ വൻ പ്രതിസന്ധിയാണ് സർക്കാരും വൈദ്യുതി ബോർഡും നേരിടേണ്ടി വന്നത്. സർക്കാറിന്റെ ഇച്ഛാശക്തിയും വൈദ്യുതി ബോർഡ് ജീവനക്കാരുടെ സമർപ്പണവും കൂടിചേർന്നപ്പോൾ തടസ്സം മാറി.  മുഴുവൻ വീടുകളിലും വെളിച്ചമെത്തി. 13.96 കോടി രൂപയാണ്  സമ്പൂർണ വൈദ്യുതീകരണത്തിന് ചെലവഴിച്ചത്. 
 
സമരഭൂമിയിലും വെളിച്ചം
അരപ്പറ്റ സമരഭൂമിയിലെ കുടിലുകളിൽ വൈദ്യുതിയെത്തിച്ചതും എൽഡിഎഫ‌് സർക്കാറിന്റെ നേട്ടങ്ങളിൽ പൊൻതൂവലായി.  അരപ്പറ്റയിൽ എച്ച്എംഎൽ കമ്പനി അനധികൃതമായി കൈവശം വച്ചിരുന്ന ഭൂമിയിൽ കുടിൽകെട്ടി ജീവിക്കുന്ന 138 കുടുംബങ്ങളിലാണ് വെളിച്ചമെത്തിച്ചത്. യുഡിഎഫ് സർക്കാർ ഒരു ആനുകൂല്യവും പൊലിസിനെ ഉപയോഗിച്ച്  കുടിയിറക്കാനാണ് ശ്രമിച്ചത്. 
 
8200 ആദിവാസി വീടുകളിൽ 
വൈദ്യുതി കിട്ടാക്കനിയായ  8200 ആദിവാസി വീടുകളിലാണ് ഒരു വർഷം കൊണ്ട് വൈദ്യുതി നൽകിയത്. വെളിച്ചെമെത്താത്ത  കോളനികൾ ജില്ലയിൽ ഇനിയില്ല. ലൈൻ വലിച്ച് വൈദ്യുതി എത്തിക്കാൻ കഴിയാത്ത വിദൂര വനമേഖലകളിൽ സോളാർ വൈദ്യുതി നൽകി. കോളനികളിലേക്ക്‌ മാത്രമായി 4.2 കിലോമീറ്റർ ഭൂഗർഭ കേബിളുകളും 2.1 കിലോമീറ്റർ എബിസി ലൈനുകളും 5.14 കിലോമീറ്റർ 11 കെ വി ലൈനുകളും 211.3 കിലോമീറ്റർ എൽടി ലൈനും സ്ഥാപിച്ചു. 5000 രൂപയാണ്‌ ആദിവാസി ഭവനങ്ങളിൽ വയറിങ്‌ ചെയ്യുന്നതിനായി കെഎസ്‌ഇബി സൗജന്യമായി നൽകിയത്‌.  പട്ടികവർഗ വകുപ്പ്, എംഎൽഎ ഫണ്ടുകൾ, കെഎസ്ഇബി ബോർഡിന്റെ ഫണ്ട് എന്നിവ ഇതിനായി ഉപയോഗിച്ചു. 
 
വനഗ്രാമങ്ങളിലേക്ക്‌ 
വനഗ്രാമങ്ങളിലും അവിടെയുള്ള ആദിവാസി കോളനികളിലും വെളിച്ചമെത്തിച്ചത്‌ അക്ഷീണ പ്രയത്‌നത്തിലൂടെ. നൂൽപ്പുഴ പഞ്ചായത്തിലെ മണിമുണ്ട, കാപ്പാട്‌, കുണ്ടൂർ, പാമ്പംകൊല്ലി, തിരുനെല്ലി നാഗമന, ഗാഗഡി, മധ്യപ്പാടി, പുൽപ്പള്ളി ചുള്ളിക്കാട്‌ എന്നിവിടങ്ങളിൽ വൈദ്യുതിയെത്തിച്ചു. മണിമുണ്ടയിൽ പട്ടികവർഗ വകുപ്പ് 28 ലക്ഷം ചെലവഴിച്ചാണ് വൈദ്യുതിയെത്തിച്ചത്. ഇതിനായി 1300 മീറ്റർ ഭൂഗർഭ കേബിളുകൾ സ്ഥാപിച്ചു. രണ്ടര കിലോമീറ്റർ ത്രീഫെയ്സ് ലൈനും 1400 മീറ്റർ സിംഗിൾ ഫെയ്സ് ലൈനും ഒരു ട്രാൻസ്ഫോർമറും സ്ഥാപിച്ചു. 69 കുടുംബങ്ങൾക്കാണ് ഇവിടെ വൈദ്യുതി നൽകിയത്. ആനപ്പാറയിലും 26 കുടുംബങ്ങൾക്ക് കണക്ഷൻ നൽകി. 
‘ദ്യതി–-2021 ’ പദ്ധതിക്ക‌് 
105 കോടി
നഗര ഗ്രാമ വ്യത്യാസമില്ലാതെ 24 മണിക്കൂറും വൈദ്യുതി എത്തിക്കാനുള്ള സംസ്ഥാന സർക്കാറിന്റെ പദ്ധതിയായ ദ്യതി–-2021 ന്റെ പ്രവർത്തനത്തിനായി ജില്ലയ്ക്കനുവദിച്ചത് 105 കോടി. വിതരണമേഖലയിലെ ശാക്തീകരണമാണ് ലക്ഷ്യം. കൽപ്പറ്റ, ബത്തേരി നഗരപ്രദേശങ്ങളിൽ 24 മണിക്കൂറും വൈദ്യുതി ലഭിക്കുന്നതിനായി  റിങ് മെയിൻ സംവിധാനവും നടപ്പാക്കും. പ്രവർത്തനം നടന്നുകൊണ്ടിരിക്കുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top