13 November Wednesday

‘ആർദ്രം’ വിപ്ലവകരമായ മാറ്റമുണ്ടാക്കി: മന്ത്രി കെ കെ ശൈലജ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 23, 2019

 

കൽപ്പറ്റ
ആർദ്രം പദ്ധതി സംസ്ഥാനത്ത്‌ വിപ്ലവകരമായ മാറ്റമാണ്‌ കൊണ്ടുവന്നതെന്ന്‌ ആരോഗ്യവകുപ്പ്‌ മന്ത്രി കെ കെ ശൈലജ പറഞ്ഞു. ജില്ലാപഞ്ചായത്തിന്റെ ജീവനം പദ്ധതിയുടെ ജില്ലാതല ഉദ്‌ഘാടനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.  
പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുഴുവൻ കുടുംബാരോഗ്യ കേന്ദ്രങ്ങളാകുന്നതോടെ ലാബ് സൗകര്യം ലഭ്യമാകും. ഇത് നേരത്തെയുളള രോഗനിർണയം സാധ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. എല്ലാ താലൂക്ക് ആസ്പത്രികളിലും ഡയാലിസിസ് യൂണിറ്റ് തുടങ്ങുന്ന കാര്യം സർക്കാറിന്റെ പരിഗണനയിലാണ്. ആരോഗ്യ സൂചകങ്ങളിൽ രാജ്യത്ത് മുമ്പിൽ നിൽക്കുമ്പോളും ജീവിതശൈലി രോഗമായ പ്രമേഹത്തിന്റെ തലസ്ഥാനമായി കേരളം  മാറുന്ന യാഥാർഥ്യമാണുള്ളത്‌. ആളുകൾക്കിടയിലെ തെറ്റായ ഭക്ഷണ രീതികളും വ്യായാമമില്ലായ്മയും ഇതിന് ആക്കം കൂട്ടുന്നു. ആരോഗ്യ സംരക്ഷണം ജീവിതവ്രതമായി കാണുന്ന തലമുറയെ സൃഷ്ടിക്കാൻ നമുക്ക് സാധിക്കണം. ആരോഗ്യമേഖലയിൽ കൂടുതൽ ബജറ്റ് വിഹിതം നൽകുന്ന ഭരണസംവിധാനമാണ് ഏതൊരു രാജ്യത്തുമുണ്ടാകേണ്ടത്. വികസിത രാജ്യങ്ങളെല്ലാം ഇക്കാര്യത്തിൽ ശ്രദ്ധാലുക്കളാണ്. നിലവിൽ  കേന്ദ്രസഹായമായി സംസ്ഥാനത്തിന് ലഭിക്കുന്ന തുക പര്യാപ്തമാകാത്ത സാഹചര്യമാണുള്ളതെന്നും മന്ത്രി പറഞ്ഞു. 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top