24 October Saturday
പകൽ വീട്‌ മുതൽ ബഡ്‌സ്‌ സ്‌കൂൾ വരെ...

നെന്മേനിയുടെ കരുതലിന്‌ ഐഎസ്‌ഒ മികവ്‌

സ്വന്തം ലേഖകൻUpdated: Wednesday Sep 23, 2020

 

ബത്തേരി
വയോജനങ്ങൾക്കുള്ള പകൽ വീട്‌,  കുടുംബശ്രീക്ക്‌ സ്വന്തം  കെട്ടിടം,  ഭിന്നശേഷിക്കാരുടെ പരിചരണത്തിനായി ബഡ്‌സ്‌ സ്‌കൂൾ...... വികസനമെന്നാൽ നെന്മേനിക്ക്‌  പാർശ്വവത്‌കരിക്കപ്പെട്ടവരോടുള്ള  കരുതൽ കൂടിയാണ്‌. 
ജില്ലയിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള  പഞ്ചായത്താണ്‌ നെന്മേനി.    23 വാർഡുകളിലായി അര ലക്ഷത്തോളമാണ‌് പഞ്ചായത്തിലെ ജനസംഖ്യ. കഴിഞ്ഞ നാലേ മുക്കാൽ കൊല്ലത്തെ എൽഡിഎഫ‌് ഭരണത്തിൽ സമാനതകളില്ലാത്ത വികസനമാണ‌് തമിഴ‌്നാടിനോട‌് അതിർത്തി പങ്കിടുന്ന നെന്മേനിയിൽ നടന്നത‌്. സമയ ബന്ധിതമായ ഓഫീസ‌് സേവനവും പെൻഷനുകൾ ഉൾപ്പെടെയുള്ള സാമൂഹ്യ സുരക്ഷയും ഫയലുകളുടെ സൂക്ഷിപ്പും ഉൾപ്പെടെയുള്ള മെച്ചപ്പെട്ട പ്രവർത്തനത്തിന‌് ഐഎസ‌്ഒ സർടിഫിക്കറ്റും പഞ്ചായത്തിന‌് ലഭിച്ചു.  കാർഷിക മേഖലയായ പഞ്ചായത്തിൽ നല്ലൊരു പങ്കും ക്ഷീരകർഷകരാണ‌്. പ്രധാന ടൗണുകളായ ചീരാലിലും ചുള്ളിയോട്ടും പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ ഷോപ്പിങ‌് കോംപ്ലക‌്സുകളുണ്ട‌്. ഇതിൽ ചീരാലിലെ ഷോപ്പിങ‌് കോംപ്ലക‌്സ‌് നിലവിലെ ഭരണസമിതി പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി 35 ലക്ഷം രൂപ ചെലവിൽ നവീകരിച്ചു. മുമ്പുണ്ടായിരുന്ന കെട്ടിടത്തിന‌് രണ്ടും മൂന്നും നിലകൾ കൂടി നിർമിച്ചത‌് വളരുന്ന ടൗണിന‌് മറ്റൊരു മുതൽക്കൂട്ടായി. രണ്ടാം നിലയിലെ ഹാൾ കുടുംബശ്രീയുടെ കണക്ടീവ‌് വർക്ക‌് ട്രെയിനിങ‌് സെന്ററായാണ‌് പ്രവർത്തിക്കുക. 
    കുടുംബശ്രീക്ക‌് സ്വന്തമായി കെട്ടിടമുള്ള പഞ്ചായത്തും കൂടിയാണ‌് നെന്മേനി. പ്ലാൻ ഫണ്ടിൽ 15 ലക്ഷം ഉപയോഗിച്ചാണ‌് കുടുംബശ്രീ സിഡിഎസിന‌് ഓഫീസ‌് പണിതത‌്. മീറ്റിങ‌് ഹാളിന‌് പുറമെ റിസോഴ‌്സ‌് സെന്ററും പ്രവർത്തിക്കുന്നു. 25 ലക്ഷം ചെലവിട്ട‌് നിർമിച്ച ബഡ‌്സ‌് സെന്ററിൽ മാനസികവും ശാരീരികവുമായി വെല്ലുവിളികൾ നേരിടുന്നവരായ 22 പേരാണുള്ളത‌്. പഞ്ചായത്ത‌് അധ്യാപികയെയും ആയയെയും ഇവിടെ നിയമിച്ചിട്ടുണ്ട‌്. രാവിലെ പ്രഭാതഭക്ഷണവും ഉച്ചയൂണും നൽകുന്നതിനൊപ്പം ദൂരെയുള്ള വീടുകളിലുള്ളവരെ ബഡ‌്സ‌് റീഹാബിലിറ്റേഷൻ സെന്ററിൽ എത്തിക്കുന്നതിനും തിരിച്ചു വീട്ടിൽ കൊണ്ടുവിടുന്നതിനും വാഹന സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട‌്. ബഡ‌്സ‌് സെന്ററിൽ പെൻസിലും പേനയും ഉണ്ടാക്കുന്നതിൽ പരിശീലനവുമുണ്ട‌്. കുടുംബശ്രീയുടെ സഹായവും ഇവർക്ക‌് ലഭിക്കുന്നു. രാവിലെ 10 മുതൽ വൈകീട്ട‌് നാല‌് വരെയാണ‌് ബഡ‌്സ‌് സെന്ററിന്റെ പ്രവർത്തനം. വയോജനങ്ങൾക്കുള്ള പകൽ വീടും കോളിയാടിയിൽ സജ്ജമാണ‌്. ഇവിടെ ഭക്ഷണം തയാറാക്കുന്നതിനുള്ള സൗകര്യവും ഏർപ്പെടുത്തുന്നത‌് പരിഗണനയിലുണ്ട‌്. ലൈഫ‌് ഭവന പദ്ധതിയിലും ശ്രദ്ധേയമായ മുന്നേറ്റം കുറിച്ചു. മലവയലിൽ പഞ്ചായത്ത‌് വാങ്ങിയ ഒന്നരയേക്കറിൽ 44 കുടുംബങ്ങൾക്കാണ‌് ഭവനസമുച്ചയം ഒരുങ്ങുന്നത‌്. ചീരാലിലും  ലൈഫിൽ 12 കുടുംബങ്ങൾക്ക‌് സ്ഥലവും വീടും ഉറപ്പാക്കുന്ന പദ്ധതിക്കും തുടക്കം കുറിക്കാനായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top