22 September Sunday

തൊള്ളായിരംകണ്ടിയിലും വൻ ഉരുൾപൊട്ടൽ

കെ എ അനിൽകുമാർUpdated: Friday Aug 23, 2019
കൽപ്പറ്റ
പുത്തുമല ഉരുൾപൊട്ടലിന്റെ തൊട്ടടുത്ത്‌ മേപ്പാടി തൊള്ളായിരംകണ്ടി മലയിലും വൻ ഉരുൾപൊട്ടൽ.   മൂന്ന്‌ കിലോമീറ്റർ ചുറ്റളവിൽ 85 ഇടങ്ങളിലാണ്‌ ചെറുതുംവലുതുമായ ഉരുൾപൊട്ടലും മണ്ണിടിച്ചലുമുണ്ടായത്‌. പത്ത്‌ ഹെക്ടർ വനവും അത്രത്തോളം സ്വകാര്യ ഭൂമിയും ഒലിച്ചുപോയി. റോഡ്‌ പൂർണമായും തകർന്നു. നിരവധി റിസോർട്ടുകളും അപകടഭീഷണിയിലാണ്‌. അപകടം നടന്ന്‌ ഒരാഴ്‌ച കഴിഞ്ഞെങ്കിലും ഗൗരവം പുറം ലോകം അറിഞ്ഞിട്ടില്ല.
സമുദ്രനിരപ്പിൽ നിന്നും 3500 അടി ഉയരമുണ്ട്‌.  മേപ്പാടി –-ചൂരൽമല പാതയിലെ കള്ളാടിയിൽ നിന്നും മൂന്ന്‌ കിലോമീറ്റർ ദൂരമാണ്‌ ഇവിടേക്ക്‌. ദിവസവും ആയിരത്തോളം വിനോദസഞ്ചാരികൾ എത്തിയ പ്രദേശമാണിത്‌. ഇവിടെത്ത തണുത്ത കാലാവസ്ഥയും  കാഴ്‌ചകളും ഏറെ ആകർഷകമാണ്‌.  അടുത്തിടെ ഏറെ ശ്രദ്ധ നേടിയ കണ്ണാടിപാലം ഇവിടെയാണ്‌.  
പുത്തുമല ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രം തൊള്ളായിരം പ്രദേശത്താണെന്നാണ്‌ ജിയോളജി വിഭാഗത്തിന്റെ പ്രാഥമിക വിലയിരുത്തൽ. പുത്തുമല ഉരുൾപൊട്ടലുണ്ടായ ദിവസവും തൊട്ടടുത്ത ദിവസവുമാണ്‌ ഇവിടെയും അപകടമുണ്ടായത്‌.
തൊള്ളായിരം മലക്ക്‌ താഴെ കള്ളാടിയിൽ എട്ട്‌ കുടുംബങ്ങളാണ്‌ താമസം. അപകടത്തിന്‌ മുമ്പ്‌  ഇവരെ അധികൃതർ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക്‌ മാറ്റിയിരുന്നു.  ബാക്കിയുള്ള ഭാഗങ്ങളിൽ വൻകിട ഏലത്തോട്ടങ്ങളും  റിസോർട്ടുകളുമാണ്‌.  
 നിലവിൽ നൂറ്‌ മീറ്റർ മാത്രമാണ്‌  ഗതാഗതയോഗ്യമായ റോഡുള്ളത്‌. തുടർന്നുള്ള 80ശതമാനം റോഡും മണ്ണിടിഞ്ഞും  മലവെള്ളത്തിൽ ഒലിച്ചുപോയും  ഇല്ലാതായി.   മലമുകളിൽ നിന്നും ഒഴുകിയെത്തിയ വന്ന കൂറ്റൻ പാറക്കൂട്ടങ്ങളാണ്‌ റോഡുകളിൽ. വൻ ഗർത്തങ്ങളും നിരവധി ഭാഗത്തുണ്ട്‌.   എല്ലാ തോട്ടങ്ങളിലും മണ്ണിടിച്ചലും ഉരുൾപൊട്ടലുമുണ്ടായി. നൂറ്‌ മീറ്ററോളം വീതിയിൽ മണ്ണ്‌ നിരങ്ങിപോയ നിരവധി സ്ഥലങ്ങളുണ്ട്‌.   റിസോർട്ടുകൾക്ക്‌ ചേർന്നും ഇത്തരം മണ്ണൊലിപ്പ്‌ ഉണ്ടായി. സംഭവ ദിവസം നിരവധി വിനോദ സഞ്ചാരികൾ പല  റിസോർട്ടുകളിലുണ്ടായിരുന്നു. ഭാഗ്യംകൊണ്ടാണ്‌ ഇവരെല്ലാരം രക്ഷപ്പെട്ടത്‌.  റോഡ്‌ ഇല്ലാതായതോടെ വനത്തിലൂടെയും മറ്റുമാണ്‌ ഇവരെ പുറം ലോകത്ത്‌ എത്തിച്ചത്‌.  നിരവധി വാഹനങ്ങൾ ഇപ്പോഴും മലമുകളിൽ കുടുങ്ങിക്കിടക്കുകയാണ്‌. ജനവാസം കുറഞ്ഞതും അപകട മരണം ഉണ്ടാവാതിരുന്നതിനാലുമാണ്‌   ഇത്രയും വലിയ ദുരന്തം മലക്ക്‌ മുകളിലുണ്ടായിട്ടും   പുറം ലോകം അറിയാതിരുന്നത്‌.
പ്രധാന വാർത്തകൾ
 Top