13 July Monday

ഉരുൾപൊട്ടലും മണ്ണിടിച്ചിലും: കെട്ടിട നിർമാണത്തിന്‌ നിയന്ത്രണം

സ്വന്തം ലേഖകൻUpdated: Friday Aug 23, 2019
കൽപ്പറ്റ
വ്യാപകമായ ഉരുൾപ്പൊട്ടലും മണ്ണിടിച്ചിലും വഴി വൻ ദുരന്തമുണ്ടാകുന്ന സാഹചര്യത്തിൽ ജില്ലയിൽ നിർമാണ പ്രവർത്തനങ്ങൾക്ക്‌ നിയന്ത്രണം വരുന്നു. ജില്ലാ ദുരന്തനിവാരണ അതോറിറ്റി കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ അതീവ പരിസ്ഥിതി ലോല പ്രദേശത്തെ നിർമാണങ്ങൾക്ക്‌ നിയന്ത്രണമേർപ്പെടുത്താൻ തീരുമാനമെടുത്തത്‌. 2018ലും ഈ വർഷവുമുണ്ടായ ഉരുൾപ്പൊട്ടലും മണ്ണിടിച്ചിലുമാണ്‌ ഇത്തരമൊരു തീരുമാനത്തിലേക്ക്‌ സമിതിയെ എത്തിച്ചത്‌. കഴിഞ്ഞ വർഷം ജില്ലയിൽ  278  സ്ഥലങ്ങളിൽ മണ്ണിടിച്ചലും നൂറോളം സ്ഥലങ്ങളിൽ ഉരുൾപ്പൊട്ടലുമുണ്ടായിരുന്നു. 862 വീടുകളാണ്‌ കഴിഞ്ഞ തവണ പൂർണമായും തകർന്നത്‌. ഇത്തവണയും അറുനൂറോളം വീടുകൾ തകർന്നു. നൂറിലേറെ ഉരുൾപ്പൊട്ടൽ ഉണ്ടായി.  രണ്ട്‌ വർഷംകൊണ്ട്‌ ജില്ലയിൽ 32  പേരാണ്‌ മരിച്ചത്‌. ജില്ലയുടെ പാരിസ്ഥിതിക പ്രത്യേകതയാണ്‌ ഈ പ്രതിഭാസത്തിന്‌ കാരണം. ഇനിയും നിയന്ത്രണം വരുത്തിയില്ലെങ്കിൽ വലിയ വിലകൊടുക്കേണ്ടി വരുമെന്ന്‌ യോഗം വിലയിരുത്തി.  വൈത്തിരിയിലും കൽപ്പറ്റയിലും തളിപ്പുഴയിലുമായി മൂന്നു കെട്ടിടങ്ങൾ രണ്ട്‌ വർഷത്തിനുള്ളിൽ  തകർന്നു.  കുന്നിടിച്ചും പുഴനനികത്തിയും വയൽ മണ്ണിട്ട്‌ നികത്തിയും പുഴയും തോടും  കൈയേറിയും മലതുരന്നും നടത്തുന്ന  പ്രവൃത്തികൾ വർഷങ്ങളായി തകൃതിയിൽ  നടക്കുകയാണ്‌. ഒരു മാനദണ്ഢവുമില്ല. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾ, ഉരുൾപ്പൊട്ടൽ ബാധിത പ്രദേശങ്ങൾ എന്നീ മേഖലകളെ തരംതിരിച്ച്‌ മാപ്പുകൾ  തയ്യാറാക്കാനും തീരുമാനിച്ചു. ഉരുൾപ്പൊട്ടൽ മേഖലകളിൽ കെട്ടിടങ്ങൾ വ്യാപകമായി നിർമിച്ചതായി കണ്ടെത്തിയിട്ടുണ്ട്‌. 45 ഡിഗ്രി ചെരുവിലും നിരവധി കെട്ടിടങ്ങളുണ്ട്‌.  കുന്നിടിച്ച്‌ വലിയ കെട്ടിടങ്ങൾ നിർമിച്ചിട്ടിണ്ട്‌.  പരിസ്ഥിതി ദുർബല മേഖലകളിൽ ക്വാറി തുടങ്ങിയിട്ടുണ്ട്‌. തോടും പുഴയും കൈയേറി കെയേറി  നിർമിച്ചിട്ടുണ്ട്‌. ഇത്‌ പുഴയുടെ സ്വാഭാവിക ഒഴുക്കിന്‌ തടസ്സമായിട്ടുണ്ട്‌.  കഴിഞ്ഞ രണ്ടുവർഷങ്ങളിലായി തകർന്ന മൂന്ന്‌ കെട്ടിടങ്ങൾക്കരികിൽ ബഹുനില കെട്ടിടം നിർമിച്ചിട്ടുണ്ട്‌. ഇവ അപകട ഭീഷണിയിലാണ്‌. തുടങ്ങിയ വിലയിരുത്തലുകളും സമിതി നടത്തിയിട്ടുണ്ട്‌.  വരും വർഷങ്ങളിൽ ഇവിടെ ദുരന്തം ആവർത്തിക്കാൻ സാധ്യതയുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്‌. ഉചിതമായ നടപടികൾ ഉടൻ  എടുത്തില്ലെങ്കിൽ വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും സമിതി മുന്നോട്ട്‌ വയ്‌ക്കുന്നുണ്ട്‌. ഉത്തരവിന്റെ പകർപ്പ്‌ പഞ്ചായത്ത്‌, മുനിസിപ്പാലിറ്റി സെക്രട്ടറിമാർ, പൊലീസ്‌ ചീഫ്‌, താലൂക്ക്‌ തഹ്‌സിൽദാർമാർ, എൻവയയൺമെന്റ്‌ എൻജിനിയർ, മുഴുവൻ പൊലീസ്‌ സ്‌റ്റേഷൻ ഹൗസ്‌  ഓഫീസർമാർ, ജില്ലാ ജിയോളജിസ്‌റ്റ്‌, കോഴിക്കോട്‌ നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌  ഡയരക്ടർ, ഡിസ്‌ട്രിക്ട്‌ ടൗൺ പ്ലാനർ തുടങ്ങിയവർക്ക്‌ നൽകിയിട്ടുണ്ട്‌. മൂന്നുമാസത്തിനകം ഇത്തരത്തിലുള്ള കെട്ടിടങ്ങളുടെ ഉടമകൾക്ക്‌ നോട്ടീസ്‌ നൽകണം.  സിവിൽ എൻജിനിയറിങ്‌ വിദഗ്‌ധൻമാർ. കോഴിക്കോട്‌ നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ടെക്‌നോളജിയിലെ സിവിൽ എൻജിനിയർമാർ, ജില്ലാ മണ്ണ്‌ സംരക്ഷണ ഓഫീസർ, ടൗൺ പ്ലാനർ തുടങ്ങിയവരടങ്ങുന്നതാണ്‌ വിദഗ്‌ധ സംഘം പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്‌.  
 
ദുരന്ത നിവാരണ സമിതിയുടെ തീരുമാനങ്ങൾ
മണ്ണിടിച്ചിലിനും ഉരുൾപ്പൊട്ടലിനും  സാധ്യത ഉള്ള സ്ഥലങ്ങളും അതിന്റെ അതിരിൽനിന്ന് 500 മീറ്റർ ദൂരം വരെ ഉള്ള ഭാഗങ്ങളും അപകട മേഖലയാക്കും
അപകട മേഖലകളിൽ   ഇനി മുതൽ താമസിക്കാനുള്ള കെട്ടിടം, വിദ്യാഭ്യാസ സ്ഥാപനം, ആരാധനാലയം, ക്ലബ്‌ പോലുള്ള സാമൂഹ്യ ആവശ്യത്തിനുള്ള കെട്ടിടം, ചെറുകിട വ്യവസായ യൂണിറ്റുകൾ, ആശുപത്രി എന്നിവ മാത്രമേ നിർമിക്കാനാവൂ. ഇവയുടെ പരമാവധി വലിപ്പം 200 ചതുരശ്ര മീറ്റർ, പരമാവധി 2 കെട്ടിടങ്ങളുടെ ഉയരം പരമാവധി ഉയരം 8 മീറ്ററായി നിജപ്പെടുത്തി.
അപകട മേഖലകളിൽ ഖനനം, മണ്ണെടുപ്പ്‌ എന്നിവ നിരോധിച്ചു.
ജില്ലയിൽ  മണ്ണ്‌ കുത്തനെ വെട്ടിയിടിക്കുന്നത്‌ നിരോധിച്ചു. മണ്ണ്‌ ഇടിക്കുന്നത്‌ ഓരോ 3 മീറ്റർ ഉയരം ഇടവിട്ടും 2 മീറ്ററെങ്കിലും വീതിയുള്ള സ്റ്റെപ്പ്‌ നൽകണം.
ജില്ലയിൽ കഴിഞ്ഞ അഞ്ച്‌ വർഷത്തിനിടെ ഉണ്ടായ കെട്ടിട തകർച്ച, കെട്ടിടം ഇടിഞ്ഞ്‌ താഴൽ, മുതലായവ നടന്നതിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള അഞ്ച്‌ നിലയിൽ കൂടുതലുള്ള എല്ലാ കെട്ടിടങ്ങളും പരിശോധിക്കും.
അപകട മേഖലകളിൽ വാസഗൃഹം അല്ലാത്ത എല്ലാ നിർമിതികളും, 200 ചതുരശ്ര മീറ്ററിൽ അധികമുള്ളവയും  പരിശോധിക്കും.
അപകടമേഖലകളിൽ സ്വാഭാവിക നീർച്ചാലുകളെ തടസപ്പെടുത്താൻ അനുവദിക്കില്ല.
സ്വാഭാവിക നീർച്ചാലുകളെ തടസപ്പെടുത്തി നിർമിച്ച സ്വകാര്യ കൃത്രിമ ജലസംഭരണികൾ കാലിയാക്കണം. വെള്ളം ശേഖരിക്കുന്നത്‌ ഒഴിവാക്കുകയും വേണം.
ക്വാറികളുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ സോയിൽ പൈപ്പിങ്, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ എന്നിവ  പരിശോധിക്കും.
ജില്ലയിലെ എല്ലാ റിസോർട്ടുകളും പരിശോധിക്കും.
നിബന്ധന പാലിക്കാത്തവ പ്രവർത്തിക്കാൻ അനുവദിക്കില്ല.
രജിസ്റ്റർ ചെയ്യാത്തവയുടെ  പ്രവർത്തനം അവസാനിപ്പിക്കും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top