13 July Monday

ദേശീയപാത 766 പൂർണമായും അടച്ചുപൂട്ടാൻ നീക്കം

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2019
കൽപ്പറ്റ
രാത്രിയാത്ര നിരോധനം നിലനിൽക്കുന്ന ദേശീയപാത 766 പൂർണമായും അടച്ചുപൂട്ടാൻ നീക്കം.   ഈ പാത പൂർണ്ണമായി അടച്ചു പൂട്ടി   കുട്ട–-ഗോണിക്കുപ്പ–-ഹുൻസൂർ വഴിയുള്ള ബദൽപാത വീതി കൂട്ടി ദേശീയപാത നിലവാരത്തിലാക്കാനാണ്‌  കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തോട് സൂപ്രീംകോടതി ആവശ്യപ്പെട്ടത്‌. ഇത്‌ സംബന്ധിച്ച നിർദ്ദേശങ്ങൾ നാല്‌ ആഴ്ചക്കകം സമർപ്പിക്കാനും  സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്‌. നിരോധനം നീക്കാൻ സംസ്ഥാന സർകാർ ശക്തമായി സമ്മർദ്ദം ചെലുത്തി വരുമ്പോളാണ്‌ ഈ പാത തന്നെ പൂർണമായി അടക്കാൻ നീക്കം നടക്കുന്നത്‌. കേന്ദ്രസർക്കാരും കർണാടകവും കടുംപിടുത്തം തുടരുന്നതാണ്‌   പാതക്ക്‌ താഴ്‌ വീഴാൻ ഇടയാക്കുന്നത്‌.  കോഴിക്കോട്‌ കൊല്ലഗൽ ദേശീയ പാതയിൽ  മുത്തങ്ങക്കും  മൈസൂരിനുമിടയിൽ ബന്ദിപ്പുർ വനമേഖലയിലാണ്‌ രാത്രി യാത്ര നിരോധനം നിലവിലുള്ളത്‌. 
രാത്രിയാത്ര നിരോധനത്തിന‌് ശാശ്വതപരിഹാരമായി   സുപ്രീംകോടതി നിയോഗിച്ച വിദഗ്‌ധ സമിതി മേൽപ്പാല പദ്ധതിക്കുള്ള നിർദ്ദേശം മുന്നോട്ടുവെച്ചിരുന്നു. ഇതിനാവശ്യമായ തുകയുടെ പകുതിയായ 250 കോടി രൂപ  മുടക്കാൻ കേരളം തയ്യാറായി. ഇതിനിടെയാണ്‌ കേന്ദ്ര–- കർണാടക സർക്കാരുകൾ  പ്രശ്‌നത്തിൽ കടുംപിടുത്തം തുടരുന്നത്‌.  കേരളത്തിന്റെ  താൽപര്യങ്ങൾ പൂർണമായും അവഗണിച്ചുള്ള നിലപാടാണ്‌ കോടതിയിൽ ഇവർ സ്വീകരിച്ചത്‌.  ഇതോടെയാണ്‌ ആഗസ്‌ത്‌ ഏഴിന്‌ രാത്രിയാത്രാ നിരോധനകേസ്‌ പരിഗണിച്ചപ്പോൾ ബദൽപാത വീതി കൂട്ടി ദേശീയപാത നിലവാരത്തിലാക്കാനും ദേശീയപാത 766 പൂർണ്ണമായി അടച്ചു പൂട്ടാനുമുള്ള നിർദ്ദേശം സുപ്രീം കോടതി മുന്നോട്ടുവെച്ചത്‌.    
ദേശീയപാത 766 ൽ 19 കി.മി ദൂരമാണ് ബന്ദിപ്പൂർ വനത്തിലൂടെ കടന്നുപോകുന്നത്.  ഈ പാത വഴി മാനന്തവാടിയിൽനിന്നും മൈസൂറിലേക്കുള്ള ദൂരം 150 കി.മീറ്ററാണ്‌  ബത്തേരിയിൽനിന്നും നിലവിൽ മൈസൂറിലേക്കുള്ള ദൂരം 113 കി.മീറ്ററാണ്‌. ബത്തേരിയിൽനിന്നും ബദൽപാത വഴി മൈസൂറിലേക്ക് 190 കി.മീറ്ററാണ്‌.   ബത്തേരിയിൽനിന്നും 77 കി.മീ ആണ് അധികം സഞ്ചരിക്കേണ്ടിവരിക. കൂടാതെ ബദൽപാതയും പലഭാഗത്തായി 20 കിലോമീറ്റർ ദൂരം വന്യജീവി സങ്കേതത്തിലൂടെയാണ്‌ കടന്നുപോവുന്നത്‌.  
ബദൽപാതയല്ല പകരം വാഹനഗതാഗതം സാരമായി ബാധിക്കുന്നുണ്ടെങ്കിൽ പ്രധാന വനം മേഖലയിൽ മേൽപ്പാലം നിർമിക്കാമെന്ന കേരളത്തിന്റെ നിലപാടിന്‌ കർണാടകവും കേന്ദ്ര വനം പരിസ്ഥിതിമന്ത്രാലയവും പിന്തുണച്ചില്ല.  വന്യജീവി സംരക്ഷണനിയമം ചുണ്ടിക്കാട്ടിയാണ്‌  കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയവും കർണാടക സർക്കാരും ബന്ദിപ്പൂർ കടുവങ്കേതത്തിലൂടെ കടന്നുപോവുന്ന ദേശീയപാതയിലെ വാഹനയാത്രക്ക്‌ നിരോധനം  ആവശ്യപ്പെടുന്നത്‌. രാത്രികാലങ്ങളിൽ മാത്രമല്ല, പകലും യാത്ര അനുവദിക്കുന്നതിനെതിരായ നിലപാടിലാണ്‌ വനം പരിസ്ഥിതിമന്ത്രാലയം.  രാജ്യത്തെ എല്ലാ കടുവാ സങ്കേതങ്ങളുടെയും  പരിപാലനത്തിനായുള്ള നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിക്ക്‌ (എൻടിസിഎ)കീഴിൽ  50 കടുവാ സംരക്ഷണകേന്ദ്രങ്ങളാണുള്ളത്‌. എന്നാൽ  ഒരിടത്തും രാത്രിയാത്ര നിരോധിക്കുന്നതിനാവശ്യമായ ഒരു പഠനവും അതോറിറ്റി നടത്തിയിട്ടില്ല. ശാസ്‌ത്രീയമായ ഒരു കണ്ടെത്തലും ഇക്കാര്യത്തിൽ ഉണ്ടായിട്ടില്ലെന്നും കേരളം വാദിച്ചിരുന്നു. ദേശീയപാത 766 ൽ രാത്രിയാത്ര നിരോധനം നിലവിൽ വന്നിട്ട‌് 10 വർഷം പിന്നിടുകയാണ്‌.  കേന്ദ്രവും കർണാടകവും മാറി മാറി ഭരിച്ച കോൺഗ്രസും ബിജെപിയും രാത്രിയാത്രനിരോധനം നീക്കുന്നതിന്‌ അനുകൂലമായ ഒരു നിലപാടും കോടതിയിലും കോടതിക്ക്‌ പുറത്തും സ്വീകരിച്ചിരുന്നില്ല. 
കേരളത്തിൽ എൽഡിഎഫ്‌ സർക്കാർ അധികാരത്തിലേറിയതോടെ നടത്തിയ നീക്കത്തിന്റെ ഫലമായാണ് സുപ്രീം കോടതി പ്രശ്നത്തിൽ ഉന്നതതല സമിതിയെ നിശ്‌ചയിച്ചത്.  
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top