കൽപ്പറ്റ
കടുത്ത വേനലിൽ ജില്ലയിലെ ജലസ്രോതസ്സുകൾ വരണ്ടുണങ്ങുന്നു. മിക്കയിടങ്ങളിലും കിണറുകളും തോടുകളും പുഴകളും വറ്റി. 2018ന് മുമ്പുള്ള കടുത്ത വരൾച്ചയിലേക്കാണ് ജില്ല പോകുന്നതെന്നാണ് വിദഗ്‌ധാഭിപ്രായം. മുൻവർഷത്തെ അപേക്ഷിച്ച് വേനൽമഴ കുറഞ്ഞതോടെ കാലാവസ്ഥയിലുണ്ടായ മാറ്റമാണ് ജില്ലയെയും ബാധിക്കുന്നത്. പനമരം പൂതാടി, പുൽപ്പള്ളി, മുള്ളൻകൊല്ലി, തിരുനെല്ലി പഞ്ചായത്തുകളിലെ ജലാശയങ്ങളും കിണറുകളും കുളങ്ങളും വറ്റി.
കഴിഞ്ഞ ഒക്ടോബറിനുശേഷം ജില്ലയിൽ ഒന്നോ, രണ്ടോ മഴ ലഭിച്ചത്. അതും ചിലയിടങ്ങളിൽ മാത്രം. 120 ദിവസത്തോളം ഒരു മഴപോലും പെയ്‌തില്ല. 2021ൽ ഡിസംബർവരെയും 2022ൽ ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിലും മഴ ലഭിച്ചിരുന്നു. ഈ വർഷം മാർച്ച് പകുതി പിന്നിടുമ്പോൾത്തന്നെ ജലവിതാനം ഏപ്രിലിലെ നിലയിലേക്ക് താഴ്‌ന്നു. പലയിടത്തും വറ്റി. തുറസ്സായ സ്ഥലങ്ങളിൽ മണ്ണിന്റെ ചൂട് 42 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നതാണ് ഭൂഗർഭ ജലം താഴാൻ കാരണമെന്നാണ് വിലയിരുത്തൽ.
കർണാടകയിലെ ബീച്ചനഹള്ളി ഡാം തുറന്നതോടെ കബനിയിൽ ജലനിരപ്പ് താഴ്‌ന്നു. മരക്കടവിൽനിന്നുള്ള കുടിവെള്ള പദ്ധതി സംരക്ഷിക്കാൻ കഴിഞ്ഞദിവസം നാട്ടുകാർ തടയണ തീർത്തിരുന്നു. കബനിയിൽ വെള്ളമില്ലാത്തത് പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിലെ മറ്റ് ജലസ്രോതസ്സുകളെയും ബാധിച്ചതായി നാട്ടുകാർ പറഞ്ഞു. വേനലിനെത്തുടർന്ന് നദിയിൽ ആൽഗ പ്രതിഭാസം (പച്ചപ്പായൽ) രൂപപ്പെട്ടു. ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്ന പായലാണിത്.
ബാണാസുരമലയിൽനിന്നും കാട്ടരുവികളിൽനിന്നും ലഭിക്കുന്ന വെള്ളത്തെ ആശ്രയിച്ചുള്ള കുടിവെള്ള പദ്ധതികളും പ്രതിസന്ധിയിലാണ്. കാപ്പിക്കളം, ബപ്പനം മല, മംഗലശേരി മല എന്നിവിടങ്ങളിലെ വലിയ ജലസംഭരണികളിലെ വെള്ളമെത്തിച്ച് പൈപ്പ് വഴിയാണ് താഴ്‌വാരങ്ങളിൽ വെള്ളം എത്തിക്കുന്നത്. വരൾച്ചയുടെ തോത് കൂടിവരുന്നതിനാൽ ഈ പദ്ധതികളിലേക്ക് ആവശ്യത്തിന് വെള്ളമെത്തുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു. വെള്ളമുണ്ട, പടിഞ്ഞാറത്തറ, തൊണ്ടർനാട് പഞ്ചായത്തുകളിൽ ബാണാസുരസാഗറിൽനിന്നുള്ള ജലവിതരണമാണ് പ്രതീക്ഷ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..