25 May Monday

ഈ കോളനിയിൽ അല്ലലില്ല; ജീവിതം സുസ്ഥിരം

വി ജെ വർഗീസ‌്Updated: Monday Mar 23, 2020

തിരുനെല്ലി കുറുമ കോളനിയിലെ കോഴിവളർത്തൽ

ബത്തേരി
കൂട്‌ നിറയെ കോഴികൾ, മുറ്റം നിറയെ പച്ചക്കറി, തൊഴുത്ത്‌ നിറഞ്ഞ്‌ പശുക്കൾ, ക്ഷാമമില്ലാതെ ശുദ്ധജലം....ഏതെങ്കിലും വൻകിട കർഷകന്റെ വീട്ടിലെ വിവരണമല്ലിത്‌. ബത്തേരി തിരുനെല്ലി കുറുമ കോളനിയിലെ  വീട്ടുമുറ്റങ്ങളിലെ കാഴ്‌ച്ചയാണ്‌. ഫാം ടൂറിസമൊന്നുമല്ല, വരുമാനം വർധിപ്പിച്ച്‌ ജീവിതം അല്ലലില്ലാതെ കൊണ്ടുപോകാനുള്ള  ശ്രമമാണ്‌. 
വികസനമെന്നാൽ മാനംമുട്ടെ ഉയരുന്ന  രമ്യഹർമ്യങ്ങളോ, നഗരത്തിൽ നിറയുന്ന മാളുകളോ അല്ല. അടിസ്ഥാന വർഗത്തിന്റെ  ജീവിതത്തിലുണ്ടാകുന്ന മാറ്റമാണ്‌ സുസ്ഥിര വികസനമെന്നാണ്‌  കുറുമകോളനിയിലൂടെ ബത്തേരി നൽകുന്ന പുതിയ പാഠം. 
നഗരശുചിത്വത്തിൽ സംസ്ഥാനത്തിന്‌ മാതൃകയായ നഗരസഭ ചെറിയ ഇടപെടലിലൂടെ ഗോത്രജീവിതത്തിലുണ്ടാക്കിയ വലിയമാറ്റം കാണേണ്ടതാണ്‌. 
ആകെ 48 കുടുംബങ്ങൾ. ആദിവാസി കോളനികളിൽനിന്നും വ്യത്യസ്ഥമായി വെടിപ്പും വൃത്തിയും. നല്ല വീടുകൾ.  നല്ല കർഷകർ. നഗരസഭ ആവിഷ്‌കരിച്ച ഹരിതഭവനം  പദ്ധതി ‘സുസ്ഥിരം’ ഇവർക്കിപ്പോൾ  വരുമാന മാർഗമാണ്‌. 17 ലക്ഷം നീക്കിവച്ചായിരുന്നു തുടക്കം. കൗൺസിലർ എൻ കെ മാത്യുവിന്റെ ആത്മാർഥമായ ഇടപെടലും കൃഷി ഓഫീസർ ടി എസ്‌ സുമിനയും അസിസ്‌റ്റന്റ്‌ കൃഷി ഓഫീസർ ലത്തീഫും  കൃഷിവകുപ്പിന്റെ പിന്തുണയുമായി എത്തിയപ്പോൾ  ‘സുസ്ഥിരം’ ഹരിതാഭമായി. ചെയർമാർ ടി എൽ സാബുവും വികസനകാര്യ ചെയർമാൻ സി കെ സഹദേവനും പദ്ധതിക്കൊപ്പംനിന്നു.
 
മുറ്റം നിറഞ്ഞ്‌ പച്ചക്കറി
പച്ചക്കറി കൃഷിയിലൂടെയായിരുന്നു തുടക്കം. പാടമൊരുക്കി  വിത്തിട്ടു. പരിചരണം ഉത്സവമായി. കുടുംബങ്ങളൊരുമിച്ച്‌ കൃഷി നടത്തി. പച്ചക്കറി വിളഞ്ഞപ്പോഴേക്കും പ്രളയമെത്തി. വയലാകെ ജലംമൂടി കൃഷിയാകെ നശിച്ചു. അധ്വാനം വിഫലമായെങ്കിലും തളർന്നില്ല. മഴമാറി വേനലായപ്പോൾ നഗരസഭ വീണ്ടും പദ്ധതിക്ക്‌ ജീവൻനൽകി. പച്ചക്കറിവിത്തുകളും തൈകളും വീടുകളിലെത്തിച്ചു. എല്ലാവീടുകളിലും അടുക്കളത്തോട്ടമായി. തക്കാളി, വഴുതന, മുളക്‌, ചീര,  കാബേജ്‌, കോളി ഫ്ലവർ തുടങ്ങിയവ മുറ്റം നിറഞ്ഞു. സ്വന്തം ആവശ്യത്തിനുവേണ്ട മുഴുവൻ പച്ചക്കറികളും അവരവരുടെ വീടുകളിൽ വിളയുകയാണ്‌. കിഴങ്ങ്‌ വർഗങ്ങളും ഫലവൃക്ഷ തൈകളും  നൽകി. ഇവയും മണ്ണിൽ വേരാഴ്‌ത്തി.  വെള്ളം പമ്പ്‌ ചെയ്യാൻ 20 ശതമാനം സബ്‌സിഡി നിരക്കിൽ മോട്ടോറും അനുവദിച്ചു. വയൽകൃഷിക്കായി പവർ ട്രില്ലറും നൽകി. 
തുള്ളി കളഞ്ഞില്ല; കിണർ നിറഞ്ഞ്‌ വെള്ളം
മുമ്പ്‌ വേനലായാൽ കിണറുകളിൽ വെള്ളം താഴ്‌ന്ന്‌ ജലക്ഷാമം രൂക്ഷമാകുമായിരുന്നു.  കിണർ റീ ചാർജിങ്ങിലൂടെ കുടിവെള്ള ലഭ്യത ഉറപ്പാക്കി. 20 കീണറുകൾ റീചാർജ്‌ ചെയ്യാൻ സാമ്പത്തിക സഹായം നൽകി. മഴക്കാലത്ത്‌ ടെറസിൽവീണ വെള്ളമെല്ലാം കിണറുകളിൽ അരിച്ചിറങ്ങി. ആവശ്യത്തിന്‌ ജലം ഈ കിണറുകളിലെല്ലാമുണ്ട്‌. എല്ലാവരും കിണറുകൾ വൃത്തിയായി സൂക്ഷിച്ചിട്ടുമുണ്ട്‌.
കോഴി നൽകും രണ്ടായിരം
മുഴുവൻ കുടുംബങ്ങൾക്കും കോഴിയും കൂടും നൽകി. 10 മുട്ടകോഴികളെയും കൂടുമാണ്‌ നൽകിയത്‌. പ്രത്യേകം ഡിസൈൻ ചെയ്‌ത കൂടുകളായിരുന്നു. തീറ്റയും വെള്ളവും നൽകാൻ പ്രത്യേക സംവിധാനമുണ്ട്‌. മുട്ടയിടുമ്പോൾ പ്രതലത്തിലൂടെ നീങ്ങി പ്രത്യേക ഇടത്ത്‌ നിൽക്കും. എളുപ്പത്തിൽ എടുക്കാനുമാവും. ദിവസം 8–-10 മുട്ടകൾവരെ ഓരോ കുടുംബത്തിനും ലഭിക്കുന്നുണ്ട്‌.  മുട്ടവിൽപ്പനയിലുടെ ഓരോരുത്തർക്കും പ്രതിമാസം രണ്ടായിരംരൂപവരെ വരുമാനം ലഭിക്കുന്നു. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top