27 May Wednesday
നടപടികൾ കടുപ്പിച്ചു

ഇതര ജില്ലകളിലുള്ളവർക്ക്‌ വയനാട്ടിൽ നിയന്ത്രണം

വെബ് ഡെസ്‌ക്‌Updated: Monday Mar 23, 2020

ജനതാ കർഫ്യൂ ദിനത്തിൽ നായ്‌ക്കട്ടി ഒറ്റത്തേക്കിൽ വീടും പരിസരവും ശുചിയാക്കുന്നവർ

കല്‍പ്പറ്റ
ഇതര ജില്ലകളിൽ കോവിഡ്‌ വ്യാപിക്കുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങളുമായി വയനാട്‌. അയൽജില്ലകളിൽനിന്നും വയനാട്ടിലേക്കുള്ള യാത്രക്ക്‌ നിയന്ത്രണം ഏർപ്പെടുത്തി. മറ്റുജില്ലകളിൽ നിരീക്ഷണത്തിൽ കഴിയേണ്ടവർ നിർദേശങ്ങൾ ലംഘിച്ച്‌ വയനാട്ടിലേക്ക്‌ വരുന്നതിന്റെ അടിസ്ഥാനത്തിലാണ്‌ നിയന്ത്രണം. 
ജില്ലാ അതിർത്തികളിൽ പരിശോധന കർശനമാക്കി.  ലക്കിടി, ബോയ്സ് ടൗൺ, നിരവിൽപുഴ, പേരിയ ചന്ദനത്തോട്‌ എന്നിവിടങ്ങളിൽ പൊലീസ് -–-ആരോഗ്യ സംഘം പരിശോധന നടത്തും. അടിയന്തര ആവശ്യങ്ങൾക്കല്ലാതെ  വരുന്നവരെ തിരിച്ചയക്കുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
അയൽജില്ലകളായ കണ്ണൂരും കാസർകോഡും കോഴിക്കോടും കോവിഡ്‌–-19 സ്ഥിരീകരിച്ചതാണ്‌. രോഗ വ്യാപനവുമുണ്ട്‌. ഈ സാഹചര്യംകൂടി പരിഗണിച്ചാണ്‌ യാത്രക്കാർക്ക്‌ നിയന്ത്രണം.  ഇതര ജില്ലകളിൽ കഴിയുന്നവർ മതിയായ കാരണമില്ലാതെ വയനാട്ടിലേക്ക്‌ വരാൻപാടില്ല. കോവിഡ്‌ സ്ഥിരീകരിച്ച ജില്ലകളിൽനിന്നും വന്നവർ 14 ദിവസം വീടുകളില്‍ നിരീക്ഷണത്തിൽ കഴിയണമെന്നും കലക്ടർ വാർത്താകുറിപ്പിൽ അറിയിച്ചു.
കർണാടക, തമിഴ്‌നാട്‌ സംസ്ഥാനങ്ങളിലേക്ക്‌ ജില്ലയിൽ നിന്നുള്ള ബസ് സർവീസുകൾ മുടങ്ങിയിട്ട്‌ ദിവസങ്ങളായി. ഈ സംസ്ഥാനങ്ങളിൽ കേരളത്തിന്റെ ബസുകൾ പ്രവേശിപ്പിക്കുന്നില്ല. അതിനാൽ കെഎസ്‌ആർടിസി  സർവീസ്‌ നിർത്തിയിരിക്കുകയാണ്‌. കർണാടകയും തമിഴനാടും കേരളത്തിലേക്കും ബസ്സുകൾ അയക്കുന്നില്ല. വിവരങ്ങൾ കർണാടക ഔദ്യോഗികമായി  വയനാട്‌ കലക്ടറെ അറിയിച്ചിട്ടുണ്ട്‌. തമിഴ്‌നാട്ടിൽ നിന്നും ഔദ്യോഗിക അറിയിപ്പില്ലെങ്കിലും ബസ്സുകൾ കടത്തിവിടുന്നില്ല. 
ഇതര സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന  ജില്ലയിലെ 10 ചെക്‌പോസ്‌റ്റുകളിൽ പരിശോധന തുടരുകയാണ്‌.  വയനാട്ടിലേക്ക്‌ വരുന്ന മുഴുവനാളുകളെയും ആരോഗ്യവകുപ്പ്‌ ഉദ്യോഗസ്ഥർ പരിശോധിച്ചാണ്‌ കടത്തിവിടുന്നത്‌.  ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ആവശ്യസർവീസുകളെല്ലാം കേരളം അനുവദിച്ചിട്ടുണ്ട്‌. 
തിരിച്ചറിയൽ രേഖ പരിശോധിക്കും
കൽപ്പറ്റ
സംസ്ഥാന അതിർത്തികളിൽ നിന്നും ഇതര ജില്ലകളിൽ നിന്നും വരുന്നവരെ തിങ്കളാഴ്‌ച മുതൽ തിരിച്ചറിയൽ രേഖ പരിശോധിച്ച്‌ മാത്രമേ കടത്തിവിടൂവെന്ന്‌ ജില്ലാ പൊലിസ്‌ മേധാവി അറിയിച്ചു. കോവിഡ്‌ പ്രതിരോധം കർശനമാക്കുന്നതിന്റെ ഭാഗമായാണ്‌  നടപടി. യാത്രക്കാർ തിരിച്ചറിയൽ രേഖകൾ കരുതണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ജില്ലാ പൊലിസ്‌ മേധാവി അറിയിച്ചു.
ഐസൊലേഷൻ  വാര്‍ഡുകൾ സജ്ജീകരിച്ചു
കൽപ്പറ്റ
അടിയന്തരഘട്ടത്തില്‍ ഉപയോഗിക്കാൻ ജില്ലയിൽ െഎസൊലേഷൻ  വാര്‍ഡുകളില്‍ 1832 കട്ടിലുകൾ സജ്ജീകരിച്ചു. കുടുതൽപേർ നീരക്ഷണത്തിനെത്തിയാൽ ആശുപത്രികൾ കൂടാതെ ഹോസ്‌റ്റലുകളും റിസോർട്ടുകളും ഉപയോഗപ്പെടുത്തി പരിചരിക്കാനുള്ള സംവിധാനവും ഒരുക്കുന്നുണ്ട്‌.
 
പ്രധാന വാർത്തകൾ
 Top