02 March Tuesday

പരിസ്ഥിതിലോല മേഖല ജില്ലാ നേതാക്കൾക്കൊപ്പം‌ 
തെറ്റിദ്ധരിപ്പിച്ച് രാഹുലും

സ്വന്തം ലേഖകൻUpdated: Tuesday Feb 23, 2021
 
കൽപ്പറ്റ
വയനാട്‌ വന്യജീവി സങ്കേതത്തിന്‌ ചുറ്റുമുള്ള ജനവാസകേന്ദ്രങ്ങൾ പരിസ്ഥിതിലോല മേഖലയാക്കിയുള്ള കേന്ദ്രവിജഞാപനത്തിൽ തെറ്റിദ്ധാരണ പരത്താൻ രാഹുൽഗാന്ധിയുടെ ശ്രമം. ബിജെപി സർക്കാരിന്റെ ജനവിരുദ്ധ നടപടി തുറന്നുകാണിക്കുന്നതിനുപകരം സംസ്ഥാന സർക്കാരിനെ വിമർശിക്കാനാണ്‌ ട്രാക്ടർ റാലിയിലെ പ്രസംഗത്തിൽ രാഹുൽ തുനിഞ്ഞത്‌. 
       കേരളത്തിന്റെ ആവശ്യപ്രകാരമാണ്‌ ജനവാസകേന്ദ്രങ്ങൾ പരിസ്ഥിതിലോല മേഖലയായി കേന്ദ്രം പ്രഖ്യാപിച്ചതെന്ന പച്ചകളവാണ്‌  പറഞ്ഞത്‌. സുപ്രീം കോടതി ഉത്തരവ്‌ പ്രകാരമാണ്‌  രാജ്യത്തെ വന്യജീവി സങ്കേതങ്ങൾക്ക്‌ ചുറ്റിലും പരിസ്ഥിതി ലോല മേഖലകൾ പ്രഖ്യാപിക്കുന്നതെന്നത്‌  മറച്ചുവച്ചായിരുന്നു  പ്രസംഗം. കോൺഗ്രസ്‌ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വന്യജീവി സങ്കേതങ്ങളിലും പരിസ്ഥിതിലോല മേഖലകൾ പ്രഖ്യാപിച്ചിട്ടുണ്ട്‌. തെരഞ്ഞെടുപ്പ്‌ അടുത്തപ്പോൾ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച്‌ രാഷ്‌ട്രീയ മുതലെടുപ്പിന്‌ ശ്രമിക്കുന്ന‌ യുഡിഎഫിന്റെ‌ ജില്ലാ നേതാക്കൾക്കൊപ്പം ചേരുകയായിരുന്നു രാഹുൽ. 
വന്യജീവി സങ്കേതത്തിന്റെ  12 കിലോമീറ്റർ പരിസ്ഥിതി ലോല മേഖലയാക്കി വിജ്ഞാപനം ചെയ്യണമെന്ന്‌ കാണിച്ച്‌  കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാർ കേന്ദ്രത്തിന്‌ നൽകിയ റിപ്പോർട്ട്‌ എൽഡിഎഫ്‌ സർക്കാർ തിരുത്തി നൽകുകയാണ്‌ ചെയ്‌തത്‌.  ജില്ലയെ പൂർണമായും പരസ്ഥിതിലോല മേഖലയിൽ ഉൾപ്പെടുത്തുംവിധമായിരുന്നു യുഡിഎഫ്‌ സർക്കാരിന്റെ നടപടി.
പൂജ്യം മുതൽ ഒരുകിലോമീറ്റർ പരിധിയിൽ പരിസ്ഥിതി ലോലമേഖലകൾ ഒതുക്കണമെന്ന നിർദേശമാണ്‌ എൽഡിഎഫ്‌ സർക്കാർ കേന്ദ്രത്തിന്‌ സമർപ്പിച്ചത്‌. എന്നാൽ കേന്ദ്രം കരട്‌ വിജ്ഞാപനം ഇറക്കിയപ്പോൾ പൂജ്യം മുതൽ മൂന്ന്‌ കിലോമീറ്റർ പരിധി ഉൾപ്പെടുത്തി. ഇതിൽ മാറ്റം വരുത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരോന്ദ്രമോഡിക്ക്‌‌ കത്തയച്ചിട്ടുമുണ്ട്‌. ജനവാസ കേന്ദ്രങ്ങളെ പൂർണമായും ഒഴിവാക്കണമെന്ന നിർദേശമാണ്‌ മുഖ്യമന്ത്രി വച്ചിട്ടുള്ളത്‌. കരട്‌ വിജ്ഞാപനത്തിൽ ജനവാസകേന്ദ്രങ്ങൾ ഉൾപ്പെടുത്തിയതിനെതിരെ ഇടതുപക്ഷസംഘടനകൾ സമരത്തിലുമാണ്‌.  ഇതെല്ലാം കണ്ടില്ലെന്ന്‌ നടിച്ചായിരുന്നു രാഹുലിന്റെ പ്രസംഗം. വയനാടിന്റെ എംപിയെന്ന നിലയിൽ ഇവിടുത്തെ ജീവൽപ്രശ്‌നങ്ങളിൽ നിരന്തരം ഇടപെടേണ്ട രാഹുൽ അത്‌ നിർവഹിക്കാതെയാണ്‌ സംസ്ഥാന സർക്കാരിനെ വിമർശിക്കുന്നത്‌. 
യുഡിഎഫ്‌ ഭരണകാലത്ത്‌ 2013 മെയ്‌ എട്ടിന്‌ ചേർന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു 12 കിലോമീറ്റർ ദൂരപരിധി നിശ്‌ചയിച്ചത്‌.  മെയ്‌ 13ന്‌‌ കേന്ദ്ര വനം–-പരിസ്ഥി മന്ത്രാലയത്തിന്‌ റിപ്പോർട്ട്‌ നൽകുകയും ചെയ്‌തു.
 വയനാട്‌ ഉൾപ്പെടെ 23 വന്യജീവി സങ്കേതങ്ങളുടെ പരിസ്ഥിതി ലോലമേലകളുടെ ദൂരപരിധിയാണ്‌ ഒരുകിലോമിറ്ററിൽ ഒതുക്കി എൽഡിഎഫ്‌ സർക്കാർ റിപ്പോർട്ട്‌ നൽകിയത്‌. 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top