മാനന്തവാടി
കുറുവദ്വീപിൽ ചങ്ങാട സവാരിക്ക് പ്രിയമേറിയതോടെ പുതിയ അഞ്ച് ചങ്ങാടങ്ങൾ കൂടി ഏർപ്പെടുത്തി. പുതിയ ചങ്ങാടങ്ങൾ ഒ ആർ കേളു എംഎൽഎ ഉദ്ഘാടനം ചെയ്തു. തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ് പി വി ബാലകൃഷ്ണൻ അധ്യക്ഷനായി. മുപ്പതിനായിരത്തോളം പേരാണ് കഴിഞ്ഞ അഞ്ച് മാസത്തിനുള്ളിൽ ഇവിടെ ചങ്ങാട സവാരി നടത്തിയത്.
കുറുവാ ദ്വീപിനുള്ളിൽ സഞ്ചാരികൾക്ക് പ്രവേശനം നിരോധിച്ച് ഹൈക്കോടതി ഉത്തരവ് ഉണ്ടായതിനെ തുടർന്നാണ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പുഴയിൽ ചങ്ങാട സവാരി ആരംഭിച്ചത്. അയൽ സംസ്ഥാനങ്ങളിൽനിന്നടക്കം നിരവധി സഞ്ചാരികളാണ് എത്തുന്നത്. ലോക്ഡൗണിനെ തുടർന്ന് നിർത്തിവെയ്ക്കേണ്ടിവന്ന ചങ്ങാട സവാരി കഴിഞ്ഞ ഒക്ടോബറിലാണ് പുനരാരംഭിച്ചത്. ഒൻപത് ചങ്ങാടങ്ങളാണ് ഇപ്പോൾ ഇവിടെ ഉള്ളത്.
രണ്ട് പേർക്ക് 150 രൂപയും അഞ്ച് പേർക്ക് 300 രൂപയുമാണ് ചങ്ങാട സവാരിയുടെ നിരക്ക്. 30 പേർക്ക് സഞ്ചരിക്കാൻ കഴിയുന്ന ഒരു ചങ്ങാടവും, 10 പേർക്ക് സഞ്ചരിക്കാവുന്ന രണ്ട്
ചങ്ങാടവും, അഞ്ച് പേർക്കുള്ള രണ്ട് ചങ്ങാടവും, നാല് പേർക്കുള്ള അഞ്ച് ചങ്ങാടവും നിലവിൽ ഉണ്ട്. ദ്വീപ് സന്ദർശിക്കാൻ കഴിയാതെ നിരാശരായി മടങ്ങിയിരുന്ന സഞ്ചാരികൾക്ക് പുതിയ ചങ്ങാടങ്ങൾ ആശ്വാസമാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..