അമ്പലവയൽ
ആയിരംകൊല്ലിയിൽ തൊഴിലാളിയുടെ മരണത്തിനിടയാക്കിയ ദുരന്തം അശാസ്ത്രീയമായ മണ്ണെടുപ്പിനെ തുടർന്ന്. വെള്ളിയാഴ്ച പകൽ 11.30ന് സ്വകാര്യ ഹോംസ്റ്റേ നിർമാണത്തിന് മണ്ണെടുക്കുന്നതിനിടെയാണ് മൺതിട്ട ഇടിഞ്ഞുവീണ് നിർമാണ തൊഴിലാളി പാമ്പള താറ്റ്യാട് സ്വദേശി മുള്ളൂർകൊല്ലി രാധാകൃഷ്ണൻ (54) മരിച്ചത്. ഹിറ്റാച്ചി ഉപയോഗിച്ച് 15 അടി ഉയരത്തിൽ നിന്നും മണ്ണെടുക്കുന്നതിനിടെയാണ് താഴെ മണ്ണ് നിരത്തിയിരുന്ന രാധാകൃഷ്ണന്റെ ദേഹത്ത് മൺതിട്ട ഇടിഞ്ഞു വീണത്. മണ്ണിനടിയിൽ നിന്നും രക്ഷപ്പെടുത്തി അമ്പലവയലിലെ മാർടിൻ ആശുപത്രിയിൽ എത്തിക്കുന്നതിനിടെയാണ് മരണം. കൂടെയുണ്ടായിരുന്ന 13 തൊഴിലാളികളും സ്ഥലത്ത് വാഹന പരിശോധന നടത്തുകയായിരുന്ന മോട്ടോർ വാഹന വകുപ്പ് ജീവനക്കാരും പൊലീസും നാട്ടുകാരും ചേർന്നാണ് മണ്ണിനടിയിൽ നിന്നും പുറത്തെടുത്ത് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. അമ്പലവയൽ ഭാഗത്ത് സ്ഥിരമായി നിർമാണ ജോലികൾക്ക് എത്തുന്ന ആളാണ് രാധാകൃഷ്ണൻ. ഒന്നര വർഷം മുമ്പ് കരിങ്കുറ്റിയിലും ഹോംസ്റ്റേ നിർമാണ സ്ഥലത്ത് മണ്ണിടിഞ്ഞ് രണ്ട് നിർമാണ തൊഴിലാളികൾ മരണപ്പെട്ടിരുന്നു. അമ്പലവയൽ പൊലീസ് ഇൻക്വസ്റ്റ് നടത്തി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം വൈകീട്ട് മുള്ളൂർകൊല്ലിയിലെ സമുദായ ശ്മശാനത്തിൽ സംസ്കരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..