28 February Sunday

കാർബൺ ന്യൂട്രൽ ട്രീ ബാങ്കിങ് മീനങ്ങാടി നട്ടത്‌ 1,57,932 വൃക്ഷത്തൈകൾ

സ്വന്തം ലേഖികUpdated: Saturday Jan 23, 2021

 

 
മീനങ്ങാടി 
മീനങ്ങാടി പഞ്ചായത്തിലെ അപ്പാട്‌ വലിയപാറ കോളനിയിലെ സുമതിയുടെ പുരയിടത്തിൽ നിറയെ മരങ്ങളാണ്‌. നേരത്തെയുള്ളതിന്‌  പുറമേ  പുതുതായി നട്ട്‌ പിടിപ്പിച്ച  മാവും  പ്ലാവും വീട്ടിയും എല്ലാം ഈ പുരയിടത്തെ വൃക്ഷസമൃദ്ധമാക്കുന്നു. 100  മരതൈകൾ  നട്ട്‌പിടിപ്പിച്ചതിന്‌ 5000 രൂപയാണ്‌ കഴിഞ്ഞ  എൽഡിഎഫ്‌  ഭരണസമിതി ഇവർക്ക്‌ നൽകിയത്‌. സുമതിക്ക്‌‌ മാത്രമല്ല   പുളിയമ്മാക്കൽ മാധവനും  കൊച്ചാനിക്കൽ  പ്രമീഷിനുമെല്ലാം ഇത്ര തന്നെ തുക ലഭിച്ചു. മീനങ്ങാടി പഞ്ചായത്തിലെ കഴിഞ്ഞ എൽഡിഎഫ്‌ ഭരണസമിതി നടപ്പാക്കിയ കാർബൺന്യൂട്രൽ ട്രീ ബാങ്കിങ്‌ പദ്ധതിയാണ്‌ കർഷകർക്ക്‌ വരുമാനം  നേടിക്കൊടുത്തത്‌. ധനമന്ത്രി ഡോ ടി എം തോമസ്‌ ഐസക്കിന്റെ ബജറ്റ്‌ ചർച്ചയിൽ ഈ പദ്ധതിയെപ്പറ്റി പരാർമശിച്ചിരുന്നു. വയനാട്‌ കോഫി ബ്രാൻഡ്‌ ചെയ്‌തിറക്കുമ്പോൾ കാർബൺ ന്യൂട്രൽ ഗ്രാമങ്ങളിലെ കാപ്പിക്ക് ആഗോളവിപണിയിൽ ഉയർന്ന വില ലഭിക്കും. അതിനാൽ  ഈ പദ്ധതി എല്ലാ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കണമെന്നാണ്‌ മന്ത്രി നിർദേശിച്ചത്‌.    ആഗോളതാപനത്തിന്റെ തോത്‌ കുറയ്‌ക്കാൻ  കാർബൺ ന്യൂട്രൽ പദ്ധതിയിലൂടെ  ലോകശ്രദ്ധ നേടിയ മീനങ്ങാടി പഞ്ചായത്തിലെ കഴിഞ്ഞ ഭരണസമിതിയാണ്‌ കർഷകർക്ക്‌ മരം നട്ട്‌ പരിപാലിക്കാൻ  ധനസഹായം നൽകുന്ന ട്രീ ബാങ്കിങ്‌ പദ്ധതി നടപ്പാക്കിയത്‌‌. രണ്ട്‌ വർഷം മുമ്പ്‌ തുടങ്ങിയ പദ്ധതിയുടെ ഭാഗമായി സ്വന്തം  കൃഷിയിടത്തിൽ മരം നട്ട്‌ വളർത്തിയ 157 കർഷകർക്കുള്ള 
ധനസഹായം   കഴിഞ്ഞ ഭരണസമിതി വിതരണം  ചെയ്‌തു.  
ചൂത്‌ പാറ, അപ്പാട്‌ വാർഡുകളിലെ കർഷകർക്കാണ്‌  ധനസഹായം  നൽകിയത്‌.  പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിൽ ഇതിനകം 157932 മരതൈകൾ നട്ടു.   ഇതിൽ ജിയോടാഗിങ്‌ പൂർത്തിയാക്കിയ 7459 മരതൈകൾക്ക്‌  ‌ 50 രൂപ പ്രകാരം 3,72,950 രൂപ ‌ കർഷകർക്ക്‌ വിതരണം ചെയ്‌തു. കാർഷിക പ്രതിസന്ധി പരിഹരിക്കുന്നതോടൊപ്പം അന്തരീക്ഷത്തിലെ കാർബണിന്റെ അളവ്‌ കുറച്ച്‌ പരിസ്ഥിതി സംരക്ഷിക്കാനും തുടങ്ങിയ പദ്ധതി പഞ്ചായത്തിലെ നിരവധി കർഷകർക്ക്‌ പ്രയോജനപ്പെട്ടിരുന്നു. 
 നട്ട മരങ്ങൾ  തുടർച്ചയായ പത്ത്‌ വർഷം കർഷകർ  പരിപാലിക്കണം. അതിനായി ഒരോ വർഷവും അവർക്ക്‌  പഞ്ചായത്ത്‌ ധനസഹായം നൽകും.  അടിയന്തിരഘട്ടത്തിൽ മരം മുറിക്കണമെങ്കിൽ പഞ്ചായത്തിന്‌ പണം തിരികെ നൽകണം.  പകരം  കർഷകൻ മറ്റൊരു വൃക്ഷത്തൈ നടണം. 
എന്നൊക്കെയായിരുന്നു നിബന്ധന.   പഞ്ചായത്ത്‌ തൊഴിലുറപ്പ്‌ പദ്ധതിയിൽ സജ്ജമാക്കിയ നേഴ്‌സറിയിൽ നിന്നാണ്‌ തൈകൾ സൗജന്യമായി വിതരണം ചെയ്‌തത്‌. പദ്ധതിക്കായി സംസ്ഥാന 
സർക്കാർ  രണ്ട്‌ വർഷം മുമ്പ്‌ തന്നെ 10 കോടി ബജറ്റിൽ നീക്കിവച്ചിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top