27 February Thursday
26ന്‌ പകൽ 3.30ന്‌ ട്രയൽ, 4ന്‌ ശൃംഖല

മനുഷ്യ മഹാശൃംഖലക്ക്‌ നാട്‌ സജ്ജം

വെബ് ഡെസ്‌ക്‌Updated: Thursday Jan 23, 2020
 
കൽപ്പറ്റ
മതാടിസ്ഥാനത്തിൽ രാജ്യത്തെ വിഭജിക്കുന്ന പൗരത്വനിയമ ഭേദഗതിക്കെതിരെ 26ന്‌ ജില്ലയിൽ നടക്കുന്ന മനുഷ്യ മഹാശൃംഖലയിൽ പതിനായിരങ്ങൾ പങ്കാളികളാകുമെന്ന്‌ എൽഡിഎഫ്‌ നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.  രാജ്യത്തിന്റെ അഖണ്ഡതയും മതേതരത്വവും സംരക്ഷിക്കാനുള്ള പടയോട്ടം  പ്രതിരോധത്തിന്റെ   മനുഷ്യ മതിലാകും. വൈകീട്ട്‌ മൂന്നരയ്‌ക്ക്‌ ട്രയൽ നടക്കും. തുടർന്ന്‌ കൃത്യം നാലിന്‌  വയനാടിന്റെ മതേതര മനസ്‌  മനുഷ്യമഹാശൃംഖലയുടെ കണ്ണികളായി പ്രതിഞ്ജ എടുക്കും.  വീര പഴശിയുടെ  സാമ്രാജ്യത്വ  വിരുദ്ധ പടയോട്ടങ്ങൾ   വീരേതിഹാസം രചിച്ച  മാനന്തവാടി    മുതൽ കർഷകരുടേയും ആദിവാസികളുടേയും ചോര കിനിയുന്ന പോരാട്ടവീഥികളിലൂടെ കൽപ്പറ്റയിൽ ശൃംഖല അവസാനിക്കും. ശൃംഖലക്ക്‌ ശേഷം  മാനന്തവാടി മുതൽ കൽപ്പറ്റ വരെ  17 കേന്ദ്രങ്ങളിലായി പൊതുയോഗങ്ങൾ നടക്കും. രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും   സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ   വർഗീയവാദികളും മതതീവ്രവാദികളും  ഒഴികെയുള്ള  ജാതിമത വർഗ–-വർണ രാഷ്‌ട്രീയ ലിംഗ ഭേദമില്ലാതെ  മുഴുവൻ ആളുകളും പങ്കാളികളാകണമെന്ന്‌ നേതാക്കൾ അഭ്യർഥിച്ചു.  മതേതര മൂല്യങ്ങളും ഭരണഘടനയും  സംരക്ഷിക്കാനുള്ള അതിവിശാലമായ ഐക്യനിരയയിൽ ഒരു കൊടിയുടെയും നിറമുണ്ടാകില്ല. എഴുത്തുകാരൻ ഒ കെ ജോണി, റിട്ട ഡിഎംഒ  ടി വി സുരേന്ദ്രൻ ,ഡോ. ഗോകുൽ ദേവ്‌   തുടങ്ങി സാമൂഹ്യ രാഷ്‌ട്രീയ സാംസ്‌കാരിക മേഖലയിലെ പ്രമുഖർ മനുഷ്യമഹാശൃംഖലയിൽ കണ്ണികളാകും. സ്‌ത്രീകൾ, കുട്ടികൾ, ആദിവാസികൾ, തൊഴിലാളികൾ,   ജീവനക്കാർ, കർഷകർ തുടങ്ങി സമൂഹപരിഛേദം അണിനിരക്കുന്ന ശൃംഖല ഫാസിസ്‌റ്റ്‌ സർക്കാരിനെതിരെയുള്ള മലനാടിന്റെ പ്രതിരോധമാകും.  എൽഡിഎഫ്‌ കൺവീനർ കെ വി മോഹനൻ, സി കെ ശശീന്ദ്രൻ എംഎൽഎ, വിജയൻ ചെറുകര,  സി എം ശിവരാമൻ, പി കെ ബാബു, വി പി വർക്കി, മുഹമ്മദ്‌ പഞ്ചാര, സണ്ണി മാത്യു, എം സി രാധാകൃഷ്‌ണൻ, സി പി അഷ്‌റഫ്‌, ഇ പി ജേക്കബ്‌  എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top