ബത്തേരി
ക്ലാസ്മുറിയിൽനിന്നും പാമ്പുകടിയേറ്റ് അഞ്ചാം ക്ലാസുകാരി മതിയായ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ ബത്തേരിയിൽ ജനകീയ പ്രതിഷേധം. ഗവ. സർവജന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിനി പുത്തൻകുന്നിലെ നൊത്തൻവീട്ടിൽ അസിസിന്റെ മകൾ ഷഹല ഷെറീൻ (10) ആണ് ബുധനാഴ്ച വൈകീട്ട് മരിച്ചത്. പകൽ മൂന്നരയോടെ സ്കൂളിലെ ക്ലാസ്മുറിയിൽനിന്നാണ് വിദ്യാർഥിനിക്ക് പാമ്പ് കടിയേറ്റത്. പിന്നിലെ ബെഞ്ചിലിരുന്ന് പഠിക്കുകയായിരുന്ന കുട്ടിയുടെ കാൽപാദം തറയിലെ പൊത്തിൽ കുരുങ്ങിയപ്പോഴാണ് പൊത്തിലുണ്ടായിരുന്ന പാമ്പ് കാൽവെള്ളയിൽ കടിച്ചതെന്നാണ് നിഗമനം. പരിക്കേറ്റ കുട്ടിയും മറ്റ് വിദ്യാർഥികളും പാമ്പ് കടിച്ച വിവരം ക്ലാസ് ടീച്ചറെ അറിയിക്കുകയും ടീച്ചർ അടുത്ത ക്ലാസിലെ അധ്യാപകൻ ഷജിലിനെ വിളിച്ചു വരുത്തുകയും ചെയ്തെങ്കിലും ആശുപത്രിയിൽ എത്തിക്കാൻ വൈകിയതാണ് മരണത്തിന് ഇടയാക്കിയതെന്നാണ് ആരോപണം. എന്നാൽ പരിക്കേറ്റ കുട്ടിക്ക് പ്രാഥമികമായി ചെയ്യേണ്ട കാര്യങ്ങൾ നടത്തുകയും രക്ഷിതാവിനെ വിവരം അറിയിക്കുകയും ചെയ്തുവെന്നാണ് സ്കൂൾ അധികൃതരുടെ വാദം. ടൗണിലുണ്ടായിരുന്ന പിതാവ് അസീസ് വന്നയുടൻ തന്നെ കുട്ടിയെ അസംപ്ഷൻ ആശുപത്രിയിൽ എത്തിക്കുകയും അവിടെ ഒരു മണിക്കൂറോളം കിടത്തിയിട്ടും മതിയായ ചികിത്സയോ മരുന്നോ ലഭിക്കാത്തിനാൽ താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. താലൂക്ക് ആശുപത്രിയിലെ പരിശോധനകൾക്ക് ശേഷമാണ് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തത്. കോഴിക്കോട്ടേക്കുള്ള യാത്രക്കിടെ വൈത്തിരിക്ക് സമീപം എത്തിയതോടെ കുട്ടിയുടെ ആരോഗ്യനില മോശമായതിനാൽ ചേലോട് ആശുപത്രിയിൽ പ്രവേശിപ്പിച്ച് നിമിഷങ്ങൾക്കുള്ളിലാണ് മരണം സംഭവിച്ചത്. പാമ്പുകടിയേറ്റ വിവരം വ്യക്തമായിട്ടും രക്ഷിതാവ് വരാൻ കാത്തുനിന്ന് ചികിത്സ വൈകിപ്പിച്ചതാണ് മരണത്തിന് കാരണമായതെന്നും സ്കൂൾ അധികൃതരുടെ അനാസ്ഥയാണിതെന്നുമാണ് പ്രതിഷേധക്കാരുടെ മുഖ്യ ആരോപണം. രാവിലെ മുതൽ വിവിധ സംഘടനകളുടെ പ്രവർത്തകർ സ്കൂളിലെത്തി പ്രതിഷേധത്തിൽ പങ്കാളികളായി. അധ്യാപകർക്കും പിടിഎ ഭാരവാഹികൾക്കും എതിരെയാണ് പ്രതിഷേധമുണ്ടായത്. സ്റ്റാഫ്മുറിയുടെ പൂട്ടുപൊളിച്ച് അകത്ത്കടന്ന പ്രതിഷേധക്കാർ അക്രമം അഴിച്ചുവിട്ടതോടെ സംഘർഷാവസ്ഥയായി. പൊലീസ് തക്കസമയം ഇടപെട്ടതോടെയാണ് സംഘർഷം അയഞ്ഞത്. ഡിഡിഇ, ഡെപ്യൂട്ടി ഡിഎംഒ, എഡിഎം എന്നിവർക്ക് നേരെയും പ്രതിഷേധമുണ്ടായി. എസ്എഫ്ഐ, ഡിവൈഎഫ്ഐ, എഐവൈഎഫ് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലും സ്കൂളിന് മുമ്പിലും നഗരത്തിലും പ്രതിഷേധ പ്രകടനങ്ങൾ നടന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..