30 November Tuesday
തൃക്കൈപ്പറ്റ പാടശേഖരത്തിൽ പന്നി വിളയാട്ടം

ഈ പന്നികളെക്കൊണ്ട് തോറ്റു; തലയിൽ കൈവച്ച്‌ കർഷകർ

വെബ് ഡെസ്‌ക്‌Updated: Friday Oct 22, 2021

തൃക്കൈപ്പറ്റ പാടശേഖരത്തിൽ വരമ്പ്‌ പന്നികൾ കുത്തിമറിച്ച നിലയിൽ

 
തൃക്കൈപ്പറ്റ
നെൽകൃഷി ചെയ്‌ത്‌ പരിസ്ഥിയും നാടും സംരക്ഷിക്കുന്ന കർഷകർക്ക്‌ തിരിച്ചടിയായി പന്നിക്കൂട്ടം. തൃക്കൈപ്പറ്റ  പാടശേഖരത്തിലാണ്‌ പന്നികൾ കൂട്ടമായിറങ്ങി കൃഷി നശിപ്പിക്കുന്നത്‌. പ്രതികൂല കാലാവസ്ഥയോട്‌ മല്ലിട്ട്‌ കൃഷിചെയ്യുന്ന കർഷകർ ‌ പന്നി ഭീഷണിയിൽ നരകയാതന പേറുന്നു. 
  തൃക്കൈപ്പറ്റയിലെ 50 ഹെക്ടർ വലയിൽ പൂർണമായും നെൽകൃഷിയാണ്‌.  രാത്രി പന്നികൾ ഇറങ്ങി വരമ്പ്‌ കുത്തിമറിച്ചിടുന്നതായി പാടശേഖര സമിതി പ്രസിഡന്റ്‌ ‌എൻ വി സുബ്രഹ്മണ്യൻ പറഞ്ഞു. നെല്ലും ചവിട്ടി നശിപ്പിക്കുന്നു. കതിര്‌ വരാൻ നേരത്താണ്‌ പന്നികളുടെ പരാക്രമം. വരമ്പ്‌ കുത്തി മറിച്ചിടുന്നതിനാൽ വയലിൽനിന്ന്‌ വെള്ളം ഒഴുകിപ്പോകുന്നു. ചില വയലുകളിൽ പൂർണമായും കൃഷി വെള്ളത്തിലാകുന്നു. കനത്ത മഴ ആശങ്ക ഉയർത്തുന്ന സാഹചര്യത്തിലാണ്‌ പന്നിഭീഷണിയും കൃഷിക്കാരുടെ ഉറക്കം കെടുത്തുന്നത്‌. തോട്ടത്തിൽ നട്ടുവളർത്തുന്ന കിഴങ്ങുവർഗങ്ങളും പന്നികൾ നശിപ്പിക്കുന്നതായി സുബ്രഹ്മണ്യൻ പറഞ്ഞു. മണിക്കുന്ന്‌ മലയുടെ താഴ്‌വാരത്തിലാണ്‌ തൃക്കൈപ്പറ്റ പാടശേഖരം. മലമുകളിൽനിന്ന്‌ ഇറങ്ങി വരുന്ന മറ്റ്‌ വന്യമൃഗങ്ങൾ ‌ കർഷകർക്ക്‌ ഭീഷണിയാകുന്നു. വർഷങ്ങളായി ലാഭനഷ്‌ടം നോക്കാതെയാണ്‌ ഈ പ്രദേശത്ത്‌ കർഷകർ നെൽകൃഷി ചെയ്‌തത്‌. എൽഡിഎഫ്‌ സർക്കാർ നടപ്പാക്കിയ  ആനൂകൂല്യങ്ങളുടെ പിന്തുണയിൽ കൃഷി കൂടുതൽ സജീവമാക്കി വരുമ്പോഴാണ്‌ പന്നിക്കൂട്ടം ഭീഷണിയാകുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top