13 November Wednesday

അറിവിന്റെ ജാലകം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 22, 2019

 മാനന്തവാടി

പുതിയകാലത്തിന്റെ കുതിപ്പിന് അറിവിന്റെയും അനുഭവത്തിന്റെയും കരുത്തുമായി ജില്ലാ സ്‌കൂൾ ശാസ്‌ത്രമേളക്ക്‌  തുടക്കം. ആറാട്ടുതറ ഗവ.ഹയർസെക്കൻഡറി സ്‌കൂളിൽ തിരശീല ഉയർന്ന മേള ശാസ്‌ത്രത്തിന്റെ കൗതുക കാഴ്‌ച്ചകൾക്കപ്പുറം  കണ്ടുപിടുത്തങ്ങളുടെ അത്ഭുതപ്രപഞ്ചങ്ങളിലേക്ക് മിഴിതുറക്കുന്നു. മാറ്റുരക്കാൻ  കുട്ടി ശാത്രജ്ഞൻമാരും ഐടി വിദഗ്ധരും കരകൗശല പ്രതിഭകളും. ശാസ്‌ത്രത്തിന്റെ  വിസ്‌മയങ്ങൾക്കൊപ്പം കൈപ്പുണ്യത്തിന്റെ രുചിയും.
 രണ്ടുദിവസം നീണ്ടുനിൽക്കുന്ന ശാസ്‌ത്ര–-ഗണിത ശാസ്‌ത്ര–സാമൂഹ്യശാസ്‌ത്ര–പ്രവൃത്തി പരിചയ–-ഐടി മേള ഒ ആർ കേളു എംഎൽഎ ഉദ്ഘാടനം ചെയ്‌തു. അറിവിന്റെ അനന്തവിസ്‌മയങ്ങളിലേക്ക്‌  മിഴിതുറന്ന ശാസ്‌ത്രോത്സവത്തിൽ മൂന്ന്‌ ഉപജില്ലകളിൽനിന്നുമായി ആയിരത്തി ഇരുനൂറോളം പ്രഭിഭകൾ പങ്കെടുക്കുന്നുണ്ട്‌. 
ഉദ്‌ഘാടന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ വി ആർ പ്രവീജ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ കെ ബി നസീമ,  വൈസ് പ്രസിഡന്റ്‌ എ പ്രഭാകരൻ,  എ ദേവകി,  ഗീത ബാബു,  കെ ജെ പൈലി, ഇബ്രാഹിം തോണിക്കര, ശോഭാ രാജൻ, സ്‌മിത അനിൽകുമാർ, ജേക്കബ് സെബാസ്റ്റ്യൻ, വർഗീസ് ജോർജ്‌, കെ ജി സുനിൽ, എം അബ്ദുൾഅസീസ്, എം കെ ഉഷാദേവി, ഇ കെ പ്രകാശൻ എന്നിവർ സംസാരിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ ആദരിച്ചു. ഡിഡിഇ ഇബ്രാഹിം തോണിക്കര സ്വാഗതവും ഇ കെ പ്രകാശൻ നന്ദിയും പറഞ്ഞു. 
ആദ്യ ദിനത്തിൽ ഐടി, ഗണിതശാസ്‌ത്ര മേളകളും പ്രവൃത്തി പരിചയ മത്സരങ്ങളും നടന്നു. ചൊവ്വാഴ്‌ച്ച സാമൂഹ്യ ശാസ്‌ത്രമേളകൾ നടക്കും. ശാസ്‌ത്ര പ്രദർശനത്തോടെ സമാപിക്കും. വൈകിട്ട്‌ സമാപന സമ്മേളനം ഐ സി ബാലകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്യും. സി കെ ശശീന്ദ്രൻ എംഎൽഎ സമ്മാനദാനം നിർവഹിക്കും.
പ്രധാന വാർത്തകൾ
 Top