22 October Tuesday

ദമ്പതികളുടെ മരണം ആഘാതംമാറാതെ കണിയാമ്പറ്റ

സ്വന്തം ലേഖകൻUpdated: Sunday Sep 22, 2019

 

 
കൽപ്പറ്റ
 ഉപ്പയും  ഉമ്മയും ഒരേ നാളിൽ തന്നെ തങ്ങൾക്ക്‌ നഷ്‌ടമായെന്ന സത്യം   ജുനൈദിനും ഹൈറുന്നിസക്കും  സംഭവത്തിന്‌ ദൃക്‌സാക്ഷിയായ   അൻസാറിനും ഇപ്പോഴും  ഉൾക്കൊള്ളാനായിട്ടില്ല.   ഇവർ മാത്രമല്ല കണിയാമ്പറ്റക്കാരും ഈ ദുരന്തവാർത്തയുടെ ഞെട്ടലിൽ നിന്നും മോചിതരായിട്ടില്ല. ഒരു വീട്ടിലെ ദമ്പതികൾ ആകസ്‌മികമായി ഒരേ ദിവസം മരിച്ച  വെള്ളിയാഴ്‌ച    ഇവർക്ക്‌   ദു:ഖവെള്ളിയായിരുന്നു.കണിയാമ്പറ്റ ഹൈസ്കൂളിന് സമീപം താമസിക്കുന്ന വഴിത്തലപറമ്പിൽ മുഷ്താഖ് അഹമ്മദ്(53) ഭാര്യ മൈമൂന (50) എന്നിവരാണ്  മിനിറ്റുകളുടെ വ്യത്യാസത്തിൽ മരിച്ചത്.വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ്‌  ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മുഷ്താഖ് അഹമ്മദിനെ കൽപ്പറ്റ ജനറലാശുപത്രിയിൽ എത്തിച്ചത്‌. മൈമൂനയുടെ സഹോദര പുത്രൻ  ജംഷീർ ഓടിച്ച വാഹനത്തിലാണ്‌ ഇവർ ആശുപത്രിയിലേക്ക്‌ തിരിച്ചത്‌.ആശുപത്രിയിലെത്തിക്കുമ്പോഴേക്കും   മുഷ്‌താഖ്‌  മരിച്ചിരുന്നു. എന്നാൽ ഈ  വിവരം മൈമൂനയെയും അൻസാറിനെയും  അറിയിക്കാതെ ജംഷീർ ഇവരെയും കൂട്ടി കണിയാമ്പറ്റയിലെ വീട്ടിലേക്ക്‌ മടങ്ങി. പെട്രോൾ അടിക്കാൻ വെള്ളാരം കുന്നിലെ പമ്പിലേക്ക്‌ പോകവേ കൽപ്പറ്റ മലബാർ ജ്വല്ലറിക്ക്‌ സമീപം ഇവർ സഞ്ചരിച്ച കാർ കൈനാട്ടി ഭാഗത്തേക്ക് പോവുകയായിരുന്ന ടോറസ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മൈമൂനയെ കോഴിക്കോട്‌ മെഡി്ക്കൽ കോളേജാശുപത്രിയിലേക്ക്‌ കൊണ്ട്‌ പോകും വഴിയാണ്‌ മരണം സംഭവിച്ചത്‌.
 ഗുരുതരമായി പരിക്കേറ്റ  ജംഷീർ കോഴിക്കോട്‌ മെഡിക്കൽ കോളേജാശുപത്രിയിലും   സാരമായ പരിക്കേറ്റ അൻസാർ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്‌.ഇരുവരുടെയും ഖബറടക്കം ശനിയാഴ്ച  ഉച്ചയോടെ നടത്തി.  
   കൂലിപ്പണിക്കാരനായ  മുഷ്താക്ക് മൈസൂർ സ്വദേശിയാണ്. വിവാഹ ശേഷം കണിയാമ്പറ്റയിലാണ് സ്ഥിരതാമസം.  ഈ ദമ്പതികളുടെ മൂത്ത മകൻ  ജുനൈദ്‌  ബംഗളുരുവിലാണ്‌ ജോലി ചെയ്യുന്നത്‌.  ഹൈറുന്നിസ കണിയാമ്പറ്റ ഗവൺമെന്റ് സ്കൂളിൽ ഹയർ സെക്കണ്ടറി വിദ്യാർത്ഥിനിയാണ്‌.
പ്രധാന വാർത്തകൾ
 Top