18 September Wednesday

ആരോഗ്യസ്ഥാപനങ്ങൾക്ക് 3.5 കോടിയുടെ നഷ്ടം

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2019
കൽപ്പറ്റ
പ്രളയത്തിൽ ജില്ലയിലെ 39 ആരോഗ്യസ്ഥാപനങ്ങൾക്ക് മൂന്നര കോടി രൂപയുടെ നാശനഷ്ടം നേരിട്ടതായി പ്രാഥമിക കണക്ക്. നാഷണൽ ഹെൽത്ത് മിഷൻ എൻജിനീയർ പി പ്രകാശന്റെ നേതൃത്വത്തിലുള്ള സംഘം വിശദമായ കണക്കെടുപ്പ് നടത്തിവരികയാണ്. പനമരം കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ പരിധിയിലെ വിളമ്പുകണ്ടം സബ് സെന്ററിനും പാക്കം പ്രാഥമികാരോഗ്യ കേന്ദ്രം പരിധിയിലുള്ള ചേകാടി സബ് സെന്ററിനുമാണ് കൂടുതൽ നഷ്ടം. അടിത്തറയ്ക്കും ചുമരിനും വിള്ളൽ വീണതിനാൽ വിളമ്പുകണ്ടം സബ് സെന്റർ കെട്ടിടം ഉപയോഗ്യശൂന്യമായി. ഇരു സബ് സെന്ററുകളിലുമായി 60 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. പയ്യമ്പള്ളി, മുട്ടങ്കര, ആടിക്കൊല്ലി, നീർവാരം, ചെക്കോത്ത് കോളനി, തോൽപ്പെട്ടി, ആലൂർകുന്ന്, തോണിച്ചാൽ, എള്ളുമന്ദം, കുന്നമംഗലം, ചൽക്കവകുന്ന്, പേരാൽ, പുതുശ്ശേരിക്കടവ്, വാരാമ്പറ്റ, തവിഞ്ഞാൽ, മക്കിമല, പുതിയേടം, പോരൂർ, മണിയങ്കോട്, കൊളഗപ്പാറ, ചീരാംകുന്ന്, ചൂതുപാറ, അപ്പാട്, കോലമ്പറ്റ, പള്ളിയറ, കമ്പളക്കാട്, ചുണ്ടക്കര, മില്ലുമുക്ക്, ചീക്കല്ലൂർ, കാവടം, താഴത്തൂർ സബ് സെന്ററുകൾക്കും കേടുപാടുകൾ സംഭവിച്ചു. പോരൂർ, വെള്ളമുണ്ട എൽഎച്ച്ഐ ക്വാർട്ടേഴ്സുകൾക്കും തരിയോട് ഗവ. ആയുർവേദ ഡിസ്പെൻസറി, കോട്ടത്തറ ഗവ. ഹോമിയോ ഡിസ്പെൻസറി എന്നിവയ്ക്കും നാശനഷ്ടങ്ങളുണ്ട്. നൂൽപ്പുഴ കുടുംബാരോഗ്യകേന്ദ്രത്തിന്റെ ചുറ്റുമതിലിനും കുറുക്കന്മൂല പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ മേൽക്കൂരയ്ക്കും കനത്ത മഴയിൽ നാശം നേരിട്ടു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top