29 May Friday

മെഡിക്കൽ കോളേജ‌് ഭൂമി ഏറ്റെടുക്കൽ നടപടികൾ പുരോഗമിക്കുന്നു

സ്വന്തം ലേഖികUpdated: Wednesday May 22, 2019

 

 
കൽപ്പറ്റ
വയനാട‌് മെഡിക്കൽ കോളേജിന‌് ഭൂമി ഏറ്റെടുക്കൽ നടപടികൾ പുരോഗമിക്കുന്നു.  പ്രളയത്തെ തുടർന്ന്  നിർദിഷ‌്ട സ്ഥലത്ത‌് മെഡിക്കൽ കോളേജ‌് നിർമിക്കുന്നതിന‌് ജിയോളജിക്കൽ സർവേ ഓഫ‌്  ഇന്ത്യയും  ദുരന്ത നിവാരണ അതോറിറ്റിയും തടസം ഉന്നയിച്ച സാഹചര്യത്തിലാണ‌് പുതിയ സ്ഥലത്ത‌് മെഡിക്കൽകോളേജ‌് നിർമിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത‌്. ഇതിനായി ബജറ്റിൽ അഞ്ച‌് കോടിയും നീക്കിവെച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ് ഭൂമി നൽകാൻ തയ്യാറുള്ളവരിൽനിന്ന‌് കലക്ടർ അപേക്ഷ ക്ഷണിച്ചു. കുറിച്യർമല പ്ലാന്റേഷൻ പൊഴുതന, ഫാത്തിമ ഫാംസ‌് പ്രൈവറ്റ‌് ലിമിറ്റഡ‌് പൊഴുതന, ആയിഷ പ്ലാന്റേഷൻ, ചേലോട‌് എസ‌്റ്റേറ്റ‌്, എൽസ‌്റ്റൺ എസ‌്റ്റേറ്റ‌് തുടങ്ങിയവയാണ‌്  ഭൂമി വിട്ട‌് നൽകാൻ സന്നദ്ധത അറിയിച്ച‌് കലക്ടർക്ക‌് അപേക്ഷ നൽകിയത‌്.  ഈ അപേക്ഷകൾ പരിശോധിച്ച‌് റിപോർട്ട‌് നൽകാൻ  ജില്ലാ കലക്ടർ  വൈത്തിരി തഹസിൽദാറോട‌് നിർദേശിച്ചിരുന്നു.  തഹസിൽദാർ പരിശോധന പൂർത്തിയാക്കി  കലക്ടർക്ക‌് റിപോർട്ട‌് സമർപ്പിച്ചു. തെരഞ്ഞെടുപ്പ‌് പെരുമാറ്റച്ചട്ടം നിലനിലക്കുന്നതിനാൽ  തുടർ നടപടി എടുത്തിട്ടില്ലെന്ന‌് കലക്ടർ എ ആർ അജയകുമാർ പറഞ്ഞു.  തെരഞ്ഞെടുപ്പ‌് നടപടിക്രമങ്ങൾ പൂർത്തിയായാൽ അപേക്ഷകളിൽ എത്രയും പെട്ടെന്ന‌് തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.     
 2012ലാണ് യുഡിഎഫ് സർക്കാർ വയനാട് മെഡിക്കൽ കോളേജ് പ്രഖ്യാപിച്ചത്. 2015ൽ എസ് കെഎംജെ  ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ പ്രതീകാത്മകമായി ശിലാസ്ഥാപനം നടത്തിയതൊഴിച്ചാൽ മെഡിക്കൽ കോളേജിനുവേണ്ടി യുഡിഎഫ് സർക്കാർ ഒന്നും ചെയ്തില്ല. 2016ൽ അധികാരത്തിൽവന്ന പിണറായി സർക്കാരാണ‌് ഭൂമി ഏറ്റെടുക്കൽ നടപടി പൂർത്തീകരിച്ച‌്മെഡിക്കൽ കോളേജ്  നിർമാണ പ്രവർത്തനം ത്വരിതപ്പെടുത്തിയത‌്.   
ചന്ദ്രപ്രഭ ചാരിറ്റബിൾ ട്രസ്റ്റ് നൽകിയ 50 ഏക്കർ  സ്ഥലത്തേക്കുള്ള റോഡിന്റെ മൺപണി മൂന്നു കോടി രൂപ ചെലവഴിച്ച് പൂർത്തീകരിച്ചു. യുഡിഎഫ് നിയോഗിച്ചിരുന്ന കൺസൾട്ടൻസി ഏജൻസിക്കെതിരെ വിജിലൻസ് അന്വേഷണം ഉയർന്നതിനാൽ എൽഡിഎഫ് സർക്കാർ  ഇൻകലിനെ പുതിയ ഏജൻസി ആയി നിശ്ചയിച്ചു. 10 നില കെട്ടിടം നിർമിക്കുന്നതിനുള്ള റിപ്പോർട്ട് ഇൻകെൽ സർക്കാരിന് സമർപ്പിച്ചു. കിഫ്ബി വഴി 625. 38 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. 12 കോടി രൂപ ചിലവിൽ ടാറിങ‌്, കൽവർട്ട് നിർമ്മാണം ഉൾപ്പെടെയുള്ള റോഡുപണിക്ക്  ടി എസ്  ലഭിച്ചു.  ടെണ്ടർ നടപടികൾ  നടത്തി പ്രവർത്തി ആരംഭിക്കാനിരിക്കേയാണ‌് പ്രളയം വന്നത‌്. തുടർന്ന്  ജില്ലയിലെ നിർമാണ പ്രവർത്തനങ്ങൾക്ക‌് നിയന്ത്രണം വന്നു. ചോലവനങ്ങളും നീർച്ചാലുകളുടെ പ്രഭവ കേന്ദ്രവുമായ നിർദിഷ‌്ട പ്രദേശത്ത‌് മെഡിക്കൽ കോളേജ‌്  നിർമിക്കുന്നതിലുള്ള ആശങ്കയാണ‌് ഇത‌് സംബന്ധിച്ച‌്പഠനം നടത്തിയ    ദുരന്തനിവാരണഅഥോറിറ്റി, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ എന്നിവർ നടത്തിയ പഠനം മുന്നോട്ട‌് വെച്ചത‌്. ഇവർ നൽകിയ റിപ്പോർട്ടിൽ കെട്ടിടം പണിയുന്നതിന് തടസ്സങ്ങൾ ഉന്നയിച്ചു.  
ഇതേ തുടർന്നാണ‌് 2018 ഒക്ടോബർ 31ന് ആരോഗ്യ മന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതലയോഗം ചേർന്നത‌്.   റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിശദപഠനം നടത്തുന്നതിന്  ഇൻകലിനെ ചുമതലപ്പെടുത്തി.  തുടർപഠനത്തിന് ഒരു വർഷത്തെ കാലാവധി ആവശ്യമാണെന്നും,  പകരം മറ്റൊരു സ്ഥലം കണ്ടെത്തുന്നതാണ് ഉചിതമെന്നും അറിയിച്ച്  ഇൻകെൽ കത്ത് നൽകി. കെട്ടിട നിർമാണത്തിന് സാങ്കേതിക തടസ്സം ഉയർന്നുവന്ന സാഹചര്യത്തിൽ റോഡ്‌ പണി ടെണ്ടർ ചെയ്യുന്നത് താൽകാലികമായി നിർത്തിവെച്ചു. മുൻകരുതൽ അവഗണിച്ച് കെട്ടിട നിർമ്മാണവുമായി മുന്നോട്ട് പോകാൻ കഴിയാത്ത സാഹചര്യത്തിലാണ് മെഡിക്കൽ കോളേജ് നഷ്ടപെടാതിരിക്കാൻ ഭൂമി വാങ്ങാൻ പ്രത്യേക ഫണ്ട് അനുവദിച്ചത്.
പ്രധാന വാർത്തകൾ
 Top