15 September Sunday

ജില്ലാ മൃഗസംരക്ഷണ ഓഫീസർക്കെതിരെ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Wednesday May 22, 2019
കൽപ്പറ്റ
ജീവനക്കാരെ നിരന്തരം ദ്രോഹിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസറുടെ നടപടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഗസറ്റഡ് ഓഫീസേഴ്സ്‌ അസോസിയേഷന്റെയും ഫെഡറേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ബുധനാഴ‌്ച പകൽ ഒന്നിന‌് കൽപ്പറ്റ ജില്ലാ മൃഗസംരക്ഷണ ഓഫീസിനു മുമ്പിൽ ജീവനക്കാർ പ്രകടനം നടത്തും. സംസ്ഥാന - ജില്ലാ നേതാക്കൾ സംസാരിക്കും. പ്രതിഷേധ പ്രകടനത്തിൽ മുഴുവൻ ജീവനക്കാരും പങ്കെടുക്കണമെന്ന് കെജിഒഎ, കെജിഒഎഫ് ജില്ലാ ഭാരവാഹികൾ അഭ്യർഥിച്ചു.
വെറ്ററിനറി ഡോക്ടർമാർ അടക്കമുള്ള ജീവനക്കാരെ നിരന്തരമായി ദ്രോഹിക്കുകയാണ‌്. അർഹരല്ലാത്ത ഗുണഭോക്താക്കൾക്ക് പ്രളയദുരിതാശ്വാസ സാമ്പത്തിക സഹായം നൽകാൻ വിസമ്മതിച്ചതിനാണ‌് ഈ ദ്രോഹനടപടിയെന്നും കെജിഒഎ കുറ്റപ്പെടുത്തി.    ജില്ലാ മൃഗസംരക്ഷണ ഓഫീസർക്കെതിരെ വകുപ്പിൽ പ്രതിഷേധം പടരുകയാണ‌്. 
പ്രളയകാലഘട്ടത്തിൽ ഈ വനിതാ ഓഫീസർ ജില്ലയിലുണ്ടായിരുന്നില്ല. അക്കാലത്ത് ദുരന്തം സംഭവിച്ച കർഷകരുടെ നഷ്ടപരിഹാരത്തിനുള്ള അപേക്ഷകൾ ഫീൽഡ് വെറ്ററിനറി ഓഫീസർമാർ സമയബന്ധിതമായി ജില്ലാ ഓഫീസർക്ക് സമർപ്പിച്ചതാണ്. എന്നാൽ നവംബറിൽ ചത്ത പശുവിന്റെയടക്കം നഷ്ടപരിഹാരം പ്രളയ ദുരിതത്തിന്റെ കണക്കിൽപ്പെടുത്തി ശുപാർശ ചെയ്യാൻ ജില്ലാ ഓഫീസർ നിർദേശിച്ചുവെന്നും ഇത‌് അനുസരിക്കാത്തതിന്റെ പേരിൽ വെറ്ററിനറി ഡോക്ടർമാർക്കെതിരെ ഭീഷണിയുമായി ഇവർ രംഗത്തു വരികയാണെന്നും കെജിഒഎ ജില്ലാ കമ്മിറ്റി പ്രസ‌്താവനയിൽ പറഞ്ഞു.  സർക്കാർ വാഹനവും സംവിധാനവും സ്വന്തം താൽപ്പര്യത്തിനായി ഇവർ പ്രയോജനപ്പെടുത്തുകയാണ‌്. ഇതടക്കം ഒട്ടേറെ കാര്യങ്ങൾ ഉന്നയിച്ച് ജീവനക്കാർ വകുപ്പ് മേധാവിക്ക് നൽകിയ കൂട്ടപ്പരാതിയിൻമേൽ സംസ്ഥാന അടിസ്ഥാനത്തിലുള്ള ഉന്നതതല സംഘത്തിന്റെ അന്വേഷണവും പരാതിക്കാരിൽനിന്ന് മൊഴിയെടുപ്പും നടന്നു വരികയാണ്. ഈ ഘട്ടത്തിലും ജില്ലാ ഓഫീസർ ദ്രോഹനടപടികൾ തുടരുകയാണ്. ഇതേതുടർന്നാണ‌് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നത‌്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top