മാനന്തവാടി
കിണർ നവീകരിച്ചതോടെ കുടിവെള്ളംമുട്ടി നാട്ടുകാർ. മാനന്തവാടി നഗരസഭയിൽ എരുമത്തെരുവ് അടുവാൻകുന്ന് നിവാസികളാണ് വെള്ളമില്ലാതെ ദുരിതത്തിലായത്. ഇവിടെയുണ്ടായിരുന്ന പൊതുകിണർ കാലപ്പഴക്കത്താൽ നാശോൻമുഖമായതിനെ തുടർന്ന് രണ്ടരലക്ഷം രൂപ വിനിയോഗിച്ച് കിണർ നവീകരിച്ചതോടെ ഉണ്ടായിരുന്ന വെള്ളംകൂടി വറ്റി. നേരത്തെ 10 അടിയോളം വെള്ളമുണ്ടായിരുന്നു. നവീകരണം കഴിഞ്ഞതോടെ തീരെ വെള്ളമില്ലാതെയായി. ചെറിയ റിങ്ങുകൾ ഇറക്കി അരിക് മണ്ണിട്ട് നിറച്ചായിരുന്നു നവീകരണം. ഇതോടെ കിണറിലേക്കുള്ള ഉറവകൾ അടഞ്ഞുപോയതായാണ് പ്രദേശവാസികൾ പറയുന്നത്. പഴയ കിണറിന്റെ കോൺക്രീറ്റ് അവശിഷ്‌ടം മുഴുവനായി എടുത്തുമാറ്റാത്തതും വെള്ളം വറ്റുന്നതിന് കാരണമായതായും ചൂണ്ടിക്കാണിക്കുന്നു.
പ്രദേശത്തെ നിരവധി കുടുംബങ്ങൾ കുടിവെള്ളത്തിനായി ആശ്രയിച്ചിരുന്ന കിണറായിരുന്നു ഇത്. വാട്ടർ അതോറിറ്റിയുടെ പൈപ്പ് കണക്‌ഷൻവഴി നേരത്തെ ഈ പ്രദേശത്ത് വെള്ളം ലഭിച്ചിരുന്നെങ്കിലും ഇപ്പോൾ നഗരത്തിൽ റോഡ് പ്രവൃത്തികൾ നടക്കുന്നതിനാൽ പൈപ്പ് വെള്ളവും എത്തുന്നില്ല. വേനൽ കടുത്തതോടെ കുടിവെള്ളപ്രശ്‌നം രൂക്ഷമായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..