25 May Monday

ചരക്ക്‌ ലോറികൾക്കും നിയന്ത്രണം

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020
ഗൂഡല്ലൂർ
കേരളത്തിൽനിന്നും കർണാടകയിൽനിന്നും നീലഗിരിയിലേക്ക് എത്തുന്ന ചരക്കു ലോറികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ കലക്ടർ ജെ ഇന്നസെന്റ് ദിവ്യ അറിയിച്ചു. ജില്ലയിൽ ആരാധനാലയങ്ങളിൽ ജനങ്ങൾ ഒരുമിച്ച് കൂടരുത്‌. നാടുകാണി, താളൂർ, ചോലാടി, പാട്ടവയൽ, നമ്പ്യാർകുന്ന്, എരുമാട് തുടങ്ങിയ അതിർത്തി മേഖലകളിൽ കേരളത്തിലേക്ക് ജോലിക്ക് പോകുന്ന നീലഗിരിയിലെ തൊഴിലാളികൾക്ക് മരുന്ന് നൽകുകയും അവരെ പ്രത്യേകം നിരീക്ഷിക്കുകയും ആവശ്യമായ പരിശോധനകൾ നടത്തുകയും ചെയ്യും. കേന്ദ്ര സർക്കാർ ജനതാ കർഫ്യു പ്രഖ്യാപിച്ച സാഹചര്യത്തിൽ നീലഗിരിയിൽ ഞായറാഴ്‌ച  ആരും പുറത്തിറങ്ങരുത്. രാവിലെ 7 മുതൽ രാത്രി 9 വരെ വീടുകളിൽ കഴിച്ച് കൂട്ടണം. കടകൾ പൂർണമായും അടച്ചിടണം. വാഹനങ്ങൾ സർവീസ് നടത്തരുത്. വിനോദ സഞ്ചാരികൾ നിയന്ത്രണമേർപ്പെടുത്തിയ സാഹചര്യത്തിൽ നീലഗിരിയിലേക്ക് വരാൻ പാടില്ല. 
അതിർത്തിയിൽ  നിയന്ത്രണം
ഗൂഡല്ലൂർ
അതിർത്തി ചെക്പോസ്റ്റുകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി. കേരള–-തമിഴ്നാട് അതിർത്തി മേഖലയിലും തമിഴ്നാട്–-കർണാടക അതിർത്തി മേഖലയിലും ആണ് നിയന്ത്രണം. പാട്ടവയൽ, താളൂർ, എരുമാട്, ചോലാടി, നമ്പ്യാർകുന്ന്, നാടുകാണി, കക്കനഹള്ള തുടങ്ങിയ ചെക്പോസ്റ്റുകളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്‌. അത്യാവശ്യ സർവീസുകൾ മാത്രമാണ് തമിഴ്നാട്ടിലേക്ക് കടത്തിവിടുന്നത്. വിനോദ സഞ്ചാരത്തിന് എത്തുന്നവരെയും ബന്ധുവീടുകളിൽ വിരുന്നിന് എത്തുന്നവരെയും തിരിച്ചയക്കാൻ തുടങ്ങി.  മരണം, വിവാഹം തുടങ്ങിയ വളരെ പ്രധാനപ്പെട്ട കാര്യങ്ങൾക്ക് വേണ്ടി കേരളത്തിലേക്കും തിരിച്ച് തമിഴ്നാട്ടിലേക്കും ആളുകളെ കടത്തിവിടുന്നുണ്ട്. പച്ചക്കറി കയറ്റി പോകുന്ന വാഹനങ്ങളും, കേരള–-കർണാടക ട്രാൻസ്പോർട്ട് ബസുകളും ഉൾപ്പെടെ അത്യാവശ്യ സർവീസുകൾ സർവീസ് നടത്തുന്നുണ്ട്. കർണാടകയുടെ രണ്ട് ബസുകളും, കേരളത്തിന്റെ മൂന്ന് കെഎസ്ആർടിസി ബസുകളും നീലഗിരിയിലേക്ക് സർവീസ് നടത്തുന്നുണ്ട്. 
കലക്ടറേറ്റിൽ യുവതിയുടെ ആത്മഹത്യാശ്രമം 
ഗൂഡല്ലൂർ
ഊട്ടി കലക്ടറേറ്റിൽ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്താൻ ശ്രമിച്ച യുവതിയെ പൊലീസ് പിന്തിരിപ്പിച്ചു. ഗൂഡല്ലൂർ സ്വദേശി റംലയാണ് മൂന്ന് കുട്ടികളോടൊപ്പം മണ്ണെണ്ണ ഒഴിച്ച് തീകൊളുത്താൻ ശ്രമിച്ചത്. ഭർത്താവ് മേട്ടുപാളയം സ്വദേശി മുസ്തഫ (50) തന്നെയും കുട്ടികളെയും പീഡിപ്പിക്കുകയാണെന്നും സുരക്ഷ വേണമെന്നും ആവശ്യപ്പെട്ടാണ്‌ യുവതി കലക്ടറേറ്റിലെത്തിയത്‌. യുവതി കലക്ടർക്കും, എസ്പിക്കും പരാതി നൽകിയിട്ടുണ്ട്. 
മാസ്‌കിന്‌ അമിതവില: 
മെഡിക്കൽ ഷോപ്പ്‌ പൂട്ടിച്ചു 
ഊട്ടി
മാസ്കിന് അമിത വില ഈടാക്കിയ ഊട്ടി ടൗണിലെ മെഡിക്കൽ സെന്റർ അടച്ച് പൂട്ടി. ജില്ലാ കലക്ടർ ജെ ഇന്നസെന്റ് ദിവ്യയുടെ ഉത്തരവ് പ്രകാരമാണ് ഒരാഴ്ചത്തേക്ക് മെഡിക്കൽ സെന്റർ പൂട്ടിയത്‌.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top