27 May Wednesday
കോവിഡ്‌ പ്രതിസന്ധി

ജില്ലയിൽ ഇരുപത്തിയഞ്ചോളം ഹോട്ടലുകൾ പൂട്ടി

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020

 

 
കൽപറ്റ-
കൊറോണ വ്യാപനഭീതിയെത്തുടർന്നു രൂപപ്പെട്ട പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ജില്ലയിൽ ഹോട്ടലുകൾ പൂട്ടുന്നു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ  ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഇരുപത്തിയഞ്ചോളം ഇടത്തരം ഹോട്ടലുകൾ  പൂട്ടി. കൽപറ്റയിൽ മാത്രം ആറു  ഹോട്ടലുകൾ അടച്ചു. ദേശീയപാതയിൽ ലക്കിടിക്കും വൈത്തിരിക്കും ഇടയിൽ അഞ്ചു ഹോട്ടലുകൾ പ്രവർത്തനം നിർത്തിവച്ചു. മാനന്തവാടിയിൽ ബസ്സ്റ്റാൻഡ് പരിസരത്തെ ഭക്ഷണശാലകളിൽ ചിലതും പൂട്ടി. ന്യൂ പാലസ്, കൽപക, ഊട്ടുപുര ഹോട്ടലുകളാണ് കൽപറ്റയിൽ പൂട്ടിയത്. നഗരത്തിൽ  മൂന്നു ഊട്ടുപുര ഹോട്ടലുകളാണ് ഉള്ളത്.
ഹോട്ടലുകളിൽ കച്ചവടം നാലിലൊന്നായി കുറഞ്ഞു. നാടുകളിലേക്കു മടങ്ങണമെന്ന ശാഠ്യത്തിലാണ് ഇതര സംസ്ഥാന തൊഴിലാളികൾ. പതിവുകാരല്ലാത്ത അതിഥികൾക്കു ഭക്ഷണം വിളമ്പുന്നതിൽ തദ്ദേശീയ തൊഴിലാളികൾക്കും വിമുഖതയാണ്. ഈ സാഹചര്യത്തിലാണ് ഊട്ടുപുര ഹോട്ടലുകൾ അടച്ചിടാൻ തീരുമാനിച്ചതെന്നു ഉടമയും ഹോട്ടൽ ആൻഡ് റസ്റ്റാറന്റ്  അസോസസിയേഷൻ ജില്ലാ പ്രസിഡന്റുമായ സാജൻ പൊരുന്നിക്കൽ പറഞ്ഞു.
ഒരാഴ്‌ചയിലധികമായി  നഗരങ്ങളിൽ ജനത്തിരക്ക് അനുഭവപ്പെടുന്നില്ല. മറ്റു പ്രദേശങ്ങളിൽനിന്നു ജില്ലയിലെത്തുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ഇത് ഹോട്ടലുകൾ നടത്താൻ പറ്റാത്ത സാഹച്യര്യം സൃഷ്ടിച്ചതായി ന്യൂ ഹോട്ടൽ ഉടമ നിയാസ് തൈവളപ്പിൽ പറഞ്ഞു.ഇതര സംസ്ഥാന തൊഴിലാളികളുടെ രക്ഷിതാക്കൾ വലിയ ആശങ്കയിലാണെന്നു ന്യൂ പാലസ് ഹോട്ടൽ ഉടമ ഇസ്മയിൽ തൈവളപ്പിൽ പറഞ്ഞു.  ചില തൊഴിലാളികളുടെ മാതാപിതാക്കൾ ദിവസം നാലും അഞ്ചും തവണയാണ് ഹോട്ടലിലേക്കു  ഫോൺ ചെയ്യുന്നത്. ചിലർ മക്കളെ കൂട്ടിക്കൊണ്ടുപോകുന്നതിനു ജില്ലയിലേക്കു വരാനും  മുതിർന്നു. കൊറോണ ഭീതി അകലും വരെ നാടുകളിൽ കഴിയാമെന്ന താത്പര്യമാണ് തൊഴിലാളികൾക്കും. ഈ സഹചര്യത്തിൽ തൊഴിലാളികൾക്കു അവധി നൽകി ഹോട്ടൽ അടയ്‌ക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നു ഇസ്മയിൽ പറഞ്ഞു. ഇതര സംസ്ഥാനങ്ങളിൽനിന്നുള്ളവരാണ് ജില്ലയിലെ ഹോട്ടൽ ജീവനക്കാരിൽ അധികവും. തൊഴിലാളികളിൽ നാമമാത്രമാണ് തദ്ദേശീയർ. ഭക്ഷണം കഴിക്കാനെത്തുന്നവരിൽ കൊറോണ ബാധിതർ ഉണ്ടാകുമെന്ന സംശയമാണ് തൊഴിലാളികൾക്ക്. ഹോട്ടലുകൾ അടച്ചതോടെ തൊഴിൽ നഷ്ടമായ തദ്ദേശ തൊഴിലാളി കുടുംബങ്ങൾ കടുത്ത പ്രയാസത്തിലാണ്.
പ്രധാന വാർത്തകൾ
 Top