25 May Monday

അടഞ്ഞ മെസ്സുകളിൽ ആധിയോടെ

വിപിൻ വേണുഗോപാൽUpdated: Sunday Mar 22, 2020
 
മാനന്തവാടി
‘ കുറുവാ ദ്വീപ്‌ അടച്ചതോടെ മെസ്സുകളിൽ പണിയില്ലാതായി. ടിഡിപിസി ചങ്ങാട സർവീസ്‌ തുടങ്ങിയപ്പോൾ അൽപ്പം ആശ്വാസമായി. കോവിഡിനെ തുടർന്ന്‌ ചങ്ങാട സർവീസും നിലച്ചപ്പോൾ മെസ്‌ പൂട്ടിയിടേണ്ടിവന്നു, ഇനി എന്തു ചെയ്യണമെന്നറിയില്ല.’ പാൽവെളിച്ചം കുറുവാ ദ്വീപിൽ ശ്രീദുർഗ മെസ്‌ നടത്തിയിരുന്ന മോളിയുടെയും ശോഭയുടെയും വാക്കുകളിൽ ഒരുപോലെ ആശങ്ക. കുടുംബശ്രീയിൽനിന്നും ബാങ്കുകളിൽനിന്നും വായ്‌പയെടുത്ത്‌ തൊഴിലായി മെസ്സുകൾ നടത്തിയിരുന്ന ജില്ലയിലെ നൂറുകണക്കിന്‌ വനിതാ സംരംഭകരുടെ മുഴുവൻ സങ്കടങ്ങളാണ്‌ ഇരുവരും പങ്കുവച്ചത്‌. കോവിഡ്‌ 19 ഇവരുടെകൂടി ജീവിതവും പ്രതീക്ഷകളുമാണ്‌ തകർത്തത്‌. പ്രത്യേകിച്ചും ടൂറിസം കേന്ദ്രങ്ങളോട്‌ ചേർന്ന്‌ ഭക്ഷണശാലകൾ നടത്തിയിരുന്നവരുടെ. രുചികരമായ വിഭവങ്ങൾ വിളമ്പി സഞ്ചാരികളുടെ മനസ്‌ കീഴടക്കിയിരുന്ന ഇവർ ഇപ്പോൾ തൊഴിൽ രഹിതരായി. ടൂറിസം കേന്ദ്രങ്ങൾക്കൊപ്പം ഭക്ഷണശാലകൾക്കും താഴ്‌ വീണു. ലക്ഷങ്ങളുടെ വായ്‌പ പലർക്കുമുണ്ട്‌. മാസാമാസം ബാങ്കുകളിലും സംഘത്തിലും വായ്‌പാ തവണ അടക്കുകയും ജീവിക്കാനുള്ള വക കണ്ടെത്തുകയും ചെയ്‌തിരുന്നവരാണിപ്പോൾ കടുത്ത പ്രതിസന്ധിയിലായത്‌. കുറവാ ദ്വപീൽമാത്രം കുടുംബശ്രീ പ്രവർത്തകരുടെ ഇരുപതിലധികം വനിതാ മെസ്സുകളുണ്ടായിരുന്നു. എല്ലാം പൂട്ടി. എല്ലാവരും ആധിയിലാണ്‌. ബാണാസുര സാഗർ, പൂക്കോട്‌, എടക്കൽ, കാരാപ്പുഴ എന്നിവിടങ്ങളിലെല്ലാം വനിത മെസുകൾതേടി യാത്രക്കാർ എത്തുമായിരുന്നു. പ്രധാന പാതയോരങ്ങളിലും അമ്മമാരുടെ രുചിതേടി വരുന്നവർ ഏറെയായിരുന്നു. ആളും അനക്കവും നിലച്ചതോടെ  മെമെസ്സുകളടഞ്ഞു. വിനോദസഞ്ചാരകേന്ദ്രങ്ങളോട്‌ ചേർന്നുള്ള ഹോം  സ്‌റ്റേകളിലും റിസോർട്ടുകളിലും ആളും അനക്കവുമില്ല. കോവിഡ്‌ എല്ലാം കവരുകയാണ്‌.
 
പ്രധാന വാർത്തകൾ
 Top