27 May Wednesday

പേറ്റന്റ് നേടാന്‍ നാലാംക്ലാസ് വിദ്യാര്‍ഥി ഉടൻ വരുന്നു, വാഴയിലയില്‍നിന്നും സ്‌ട്രോ

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020

 

കൽപറ്റ-
വാഴയില ഉപയോഗിച്ചു സ്‌ട്രോ നിർമിക്കുന്ന വിദ്യയ്‌ക്ക്‌ പേറ്റന്റ്‌  നേടാൻ നാലാം ക്ലാസ് വിദ്യാർഥി ശ്രമം തുടങ്ങി. മീനങ്ങാടി പൂവത്തിങ്കൽ എൽദോ–--ദിവ്യ ദമ്പതികളുടെ മകനും കൽപറ്റ എൻഎസ്എസ് സ്‌കൂൾ വിദ്യാർഥിയുമായ നിഥുൽ ആണ് വാഴയിലയിൽനിന്നു സ്ര്‌ട്രോ നിർമിക്കുക്കുന്ന വിദ്യ വികസിപ്പിച്ചത്. ഗ്ലാസിൽനിന്നു വെള്ളവും മറ്റും വലിച്ചുകുടിക്കുന്നതിനു പ്രചാരത്തിലുണ്ടായിരുന്ന പ്ലാസ്റ്റിക് സ്‌ട്രോയ്ക്കു പകരംവയ്ക്കാവുന്നതാണ്  വാഴയില സ്‌ട്രോ. വിദ്യക്കു മറ്റാരും സവിശേഷാവകാശം നേടിയിട്ടില്ലെന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസം കേരള പേറ്റന്റ് ഇൻഫർമേഷൻ സെന്ററിൽനിന്നു നിഥുലിനു ലഭിച്ചു. പിതാവ് എൽദോ മുഖേനയാണ് നിഥുൽ പേറ്റന്റ് സെർച്ചിനു അപേക്ഷിച്ചത്.
വാഴയില  ഹീറ്റർ ഉപയോഗിച്ചു 25-35 ഡിഗ്രി സെൽഷസിൽ വാട്ടിയെടുത്തു ചുരുട്ടി സ്‌ട്രോ നിർമിക്കുന്നതാണ് നിഥുൽ വികസിപ്പിച്ച വിദ്യ. സാധാരണ വലിപ്പമുള്ള വാഴയിലയിൽനിന്നു 50 വരെ സ്‌ട്രോ നിർമിക്കാം. ഒന്നിനു ശരാശരി 10 പൈസയാണ് നിർമാണച്ചെലവ്. പാറ്റന്റിനു കേന്ദ്ര വാണിജ്യ മന്ത്രാലയത്തിലെ പാറ്റന്റ് കൺട്രോൾ ജനറലിനു വൈകാതെ അപേക്ഷ നൽകുമെന്നു നിഥുൽ പറഞ്ഞു. നിഥുലിന്റെ സഹോദരൻ ദിതുലും കണ്ടുപിടിത്തങ്ങളിലൂടെ ശ്രദ്ധേയനായിരുന്നു. കടലാസുപയോഗിച്ച്‌ ഡിസ്‌പോസിബിൾ ഫർണിച്ചറും കമുകിന്റെ തടിയിൽനിന്നു തറയോടും നിർമിക്കുന്ന വിദ്യകളാണ് ദിതുൽ വികസിപ്പിച്ചത്
പ്രധാന വാർത്തകൾ
 Top