19 March Tuesday
മന്ത്രി കെ കെ ശൈലജ ഉദ‌്ഘാടനം ചെയ‌്തു

ആഘോഷമായി ആയിരം ദിനാഘോഷം

വെബ് ഡെസ്‌ക്‌Updated: Friday Feb 22, 2019

സംസ്ഥാന സർക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം കൽപ്പറ്റയിൽ മന്ത്രി കെ കെ ശൈലജ നിർവഹിക്കുന്നു

കൽപ്പറ്റ
സംസ്ഥാന സർക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം കൽപ്പറ്റ എസ്‌കെഎംജെ സ്‌കൂൾ ഗ്രൗണ്ടിൽ ആരോഗ്യ, വനിതാശിശുക്ഷേമ വകുപ്പ് മന്ത്രി കെ കെ ശൈലജ നിർവഹിച്ചു. ആരോഗ്യമേഖലയിൽ സമഗ്ര മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞ മൂന്നു വർഷത്തിനിടെ സർക്കാരിന് കഴിഞ്ഞിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു. ഇതിന്റെ പ്രകടമായ ഉദാഹരണമാണ് ബത്തേരി താലൂക്ക് ആശുപത്രിയിലെ വിവിധ യൂണിറ്റുകൾ. ജില്ലയിൽ 15 ആരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി മാറ്റി. ഇത് പൊതുജനാരോഗ്യ രംഗത്ത് സമൂല മാറ്റം സൃഷ്ടിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 
അടിസ്ഥാന മേഖലയുടെ വികസനത്തിനൊപ്പം വ്യവസായ മേഖലയ്ക്കും ഊർജം പകരാൻ സർക്കാരിന് കഴിഞ്ഞുവെന്നും പൂർത്തിയാക്കില്ലെന്നു കരുതിയിരുന്ന ഗെയിൽ ഉൾപ്പെടെയുള്ള വൻകിട പദ്ധതികൾ സർക്കാരിന്റെ ഇച്ഛാശക്തിയുടെ ഫലമായി അന്തിമഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു. ആർദ്രം, ഹരിതകേരളം മിഷൻ, പൊതുവിദ്യാഭ്യാസ സംരക്ഷണം, ലൈഫ് തുടങ്ങിയ ജനക്ഷേമ പദ്ധതികളിലൂടെ പൊതുസമൂഹത്തിന്റെ സമഗ്ര ഉന്നമനമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിന്റെ വേഗമേറിയ പൂർത്തീകരണമാണ് കഴിഞ്ഞ നാളുകളിൽ സർക്കാർ കാഴ്ചവച്ചത്. ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി ഇന്നലെ മാത്രം 16 പദ്ധതികളാണ് ജില്ലയിൽ ഉദ്ഘാടനം ചെയ്യപ്പെട്ടത്. 27വരെ നടക്കുന്ന ആഘോഷവേളയിൽ നൂറിലേറെ പദ്ധതികളുടെ ഉദ്ഘാടനവും വിവിധ പ്രവൃത്തികളുടെ തുടക്കംകുറിക്കലുമാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. 
ജില്ലാതല ഉദ്ഘാടനച്ചടങ്ങിൽ അതിഥി തൊഴിലാളികൾക്കുള്ള ആവാസ് ഇൻഷുറൻസ് കാർഡ് മന്ത്രി കൈമാറി. പട്ടികജാതി-പട്ടികവർഗ വിഭാഗക്കാർക്കുള്ള വായ്പാ വിതരണം, കാർഷികോപകരണങ്ങളുടെ വിതരണം എന്നിവയും സാക്ഷരതാ മിഷന്റെ സമഗ്ര, ചങ്ങാതി, നവചേതന പദ്ധതികളുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. രണ്ടുലക്ഷം പേർക്കുള്ള പച്ചക്കറി വിത്ത് വിതരണവും നടന്നു. ടൂറിസം കേന്ദ്രങ്ങളിലെ ഓൺലൈൻ ടിക്കറ്റിങ് ഉദ്ഘാടനവും നിർവഹിച്ചു. 
സി കെ ശശീന്ദ്രൻ എംഎൽഎ അധ്യക്ഷനായി. ഒ ആർ കേളു എംഎൽഎ, കൽപ്പറ്റ നഗരസഭാ ചെയർപേഴ്സൺ സനിതാ ജഗദീഷ്, ജില്ലാ കലക്ടർ എ ആർ അജയകുമാർ, എഡിഎം കെ അജീഷ്, വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് വി ഉഷാകുമാരി, സ്‌പോർട്‌സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് എം മധു, വിവിധ രാഷ്ട്രീയപ്പാർട്ടി പ്രതിനിധികളായ പി ഗഗാറിൻ, വിജയൻ ചെറുകര, പള്ളിയറ രാമൻ തുടങ്ങിയവർ പങ്കെടുത്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top