20 October Tuesday

മഴ ശക്തം; ജാഗ്രതയിൽ ജില്ല

വെബ് ഡെസ്‌ക്‌Updated: Monday Sep 21, 2020

ബാണാസുരസാഗർ അണക്കെട്ടിന്റെ ഷട്ടർ ഉയർത്തിയപ്പോൾ

 കൽപ്പറ്റ

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദത്തിന്റെ ഫലമായി ജില്ലയിൽ കനത്ത  മഴ തുടരുന്നു.  ഞായറാഴ്‌ച രാവിലെവരെയുള്ള 24 മണിക്കൂറിൽ  ശരാശരി പെയ്‌തത്‌ 77.1 മില്ലീമീറ്റർ മഴ. ഏറ്റവും കൂടുതൽ മഴ പെയ്‌തത്‌ ബാണസുരസാഗർ ഡാം പരിസരം കൂടിയായ പടിഞ്ഞാറത്തറ പഞ്ചായത്തിൽ. 181. 5 മില്ലീമീറ്റർ . 
കുറവ്‌ ബത്തേരി. 23 മില്ലീമീറ്റർ.  കഴിഞ്ഞ ഒരാഴ്‌ചയായി  തുടർന്ന മഴ ശനിയാഴ്‌ചയോടെ ശക്തി പ്രാപിച്ചതിനെ  തുടർന്ന്‌   ഞായറാഴ്‌ച  ഓറഞ്ച്‌ അലർട്ട്‌ പ്രഖ്യാപിച്ചിരുന്നു. എന്നാൽ മഴ കൂടുതൽ കനത്തതോടെ   രാവിലെ  റെഡ്‌ അലർട്ടായി. തിങ്കളാഴ്‌ചയും ഓറഞ്ച്‌ അലർട്ടാണ്‌.  
  കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അതിതീവ്ര മഴ കണക്കിലെടുത്ത്‌ ‌ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിലും  താഴ്‌ന്ന പ്രദേശങ്ങളിലും കനത്ത ജാഗ്രത പുലർത്തുന്നുണ്ട്‌.  മഴ ശക്തമായതോടെ പടിഞ്ഞാറത്തറ, കോട്ടത്തറ, പനമരം, കൊയിലേരി ഭാഗങ്ങളിലെ ചില താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. പടിഞ്ഞാറത്തറ കുറുമണി പാടശേഖരത്തിലെ  88 ഹെക്ടർ വയൽ വെള്ളത്തിലായി. കോട്ടത്തറയിലും താഴ്‌ന്ന പാടശേഖരങ്ങൾ‌ വെള്ളത്തിലാണ്‌. ബാണസുരഡാം തുറന്നതോടെ വെള്ളം കൂടുതൽ കയറാൻ സാധ്യതയുള്ളത്‌ ആശങ്ക ഉയർത്തുന്നുണ്ട്‌.  ശക്തമായ കാറ്റിലും മഴയിലും മാനന്തവാടിയിൽ വളളിയൂർക്കാവ്‌റോഡിൽ വളം ഡിപ്പോയുടെ മേൽക്കുര തകർന്നു. മാനന്തവാടി വിൻസെന്റ്‌‌ഗിരിയിൽ വീടിന്റെ മതിൽ ഇടിഞ്ഞു. മുള്ളത്ത്‌ പാടത്ത്‌ മുജീബിന്റെ വീടിന്റെ മതിലാണ്‌ ഇടിഞ്ഞത്‌. 
സംസ്ഥാനത്ത്‌ മൺസൂൺ സീസൺ  അവസാനിക്കാനിരിക്കെയാണ്‌ കഴിഞ്ഞ രണ്ടാഴ്‌ചയായി ദിവസവും മഴ പെയ്യുന്നത്‌. കഴിഞ്ഞ രണ്ട്‌ ദിവസങ്ങളിലായി  ഭൂരിഭാഗം പ്രദേശങ്ങളിലും കനത്ത മഴയാണ്‌ പെയ്യുന്നത്‌. ദുരന്ത സാധ്യത മേഖലകളിൽ ഉള്ളവരെ  അടിയന്തരസാഹചര്യമുണ്ടായാൽ മുൻകരുതലിന്റെ ഭാഗമായി ക്യാമ്പുകളിലേക്ക് മാറ്റും.  ദേശീയ ദുരന്തനിവാരണസംഘവും ജില്ലയിലുണ്ട്‌. തിങ്കളാഴ്‌ച ജില്ലയിൽ ഓറഞ്ച്‌ അലർട്ട്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. 
തിങ്കളാഴ്‌ചയും ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴപെയ്യുമെന്ന മുന്നറിയിപ്പാണ്‌ കാലവസ്ഥാവകുപ്പ്‌ നൽകുന്നത്‌. 24 മണിക്കൂറിൽ 115.6 മില്ലീമീറ്റർ മുതൽ 204.4 മില്ലീമീറ്റർ വരെ മഴയാണ്‌ പ്രവചിക്കുന്നത്‌. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top