06 December Friday

ബത്തേരി കാർഷിക വികസന ബാങ്ക‌് തെരഞ്ഞെടുപ്പ‌് ഇന്ന‌്

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2019
ബത്തേരി
ബത്തേരി താലൂക്ക‌് പ്രാഥമിക കാർഷിക ഗ്രാമവികസന ബാങ്ക‌് ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ‌് ഞായറാഴ‌്ച. എൽഡിഎഫ‌് നേതൃത്വത്തിലുണ്ടായിരുന്ന  ഭരണസമിതിയെ മുൻ യുഡിഎഫ‌് സർക്കാറിന്റെ കാലത്ത‌് രാഷ‌്ട്രീയ പ്രേരിതമായി പിരിച്ചുവിട്ട‌് ഭരണം കൈക്കലാക്കിയതായിരുന്നു.  കോൺഗ്രസ‌് നേതാവ‌് കെ കെ ഗോപിനാഥന്റെ നേതൃത്വത്തിലുള്ള ഭരണസമിതി ബാങ്കിന‌് കോടികളുടെ നഷ്ടം വരുത്തി.  സഹകരണ വകുപ്പ‌് നടത്തിയ വിജിലൻസ‌് പരിശോധനയിൽ അഴിമതിയും ക്രമക്കേടുകളും കണ്ടെത്തി.  തുടർന്ന‌് ഭരണസമിതി സഹകരണ വകുപ്പ‌് ചട്ടപ്രകാരം  പിരിച്ചുവിട്ട‌്  അഡ‌്മിനിസ‌്ട്രേറ്ററാക്കി ഭരണത്തിലാക്കി. അഡ‌്മിനിസ‌്ട്രേറ്റർ ഭരണത്തിലാണ‌്  തെരഞ്ഞെടുപ്പ‌്. നാല‌് വിഭാഗങ്ങളിലായി 13 ഡയറക്ടർമാരെയാണ‌് തെരഞ്ഞെടുക്കേണ്ടത‌്. എൽഡിഎഫ‌് നേതൃത്വത്തിലുള്ള കർഷക സഹകരണ മുന്നണി 13 സ്ഥാനങ്ങളിലേക്കും സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട‌്. യുഡിഎഫ‌് നേതൃത്വത്തിലുള്ള സഹകരണ ജനാധിപത്യ മുന്നണിക്ക‌് 12 സ്ഥാനാർഥികളെയെ നിർത്താനായുള്ളു. രാവിലെ ഒമ്പത‌് മുതൽ വൈകിട്ട‌് നാലുവരെ ചീരാൽ റോഡിലെ ഗവ. സർവജന വൊക്കേഷണൽ ഹയർ സെക്കൻഡറി സ‌്കൂളിലാണ‌് വോട്ടെടുപ്പ‌്. കെ കെ കുര്യാക്കോസ‌്, എ വി ജയൻ, ജോസ‌് ചെറിയാൻ, വി ശശിധരൻ, സി ശിവശങ്കരൻ, ടി കെ ശ്രീജൻ, സുരേഷ‌് താളൂർ, എം എസ‌് സുരേഷ‌്ബാബു (വായ‌്പാ വിഭാഗം) വി വി ബേബി (നിക്ഷേപ വിഭാഗം) അല്ലി ജോർജ‌്, വി വി വിനീത, റിസാനത്ത‌് സലീം (വനിതാ വിഭാഗം) എ സി ശശീന്ദ്രൻ (എസ‌്സി/എസ‌്ടി വിഭാഗം)  എന്നിവരാണ‌് എൽഡിഎഫ‌് നേതൃതം നൽകുന്ന കർഷക സഹകരണ മുന്നണി സ്ഥാനാർഥികൾ.
വോട്ട‌് ചെയ്യാനെത്തുന്നവർ ബാങ്കിൽ നിന്നും ലഭിച്ച തിരിച്ചറിയൽ കാർഡിന‌് പുറമെ മറ്റെന്തെങ്കിലും ഒരു രേഖ കൂടി കരുതണമെന്ന‌് കർഷക സഹകരണ മുന്നണി തെരഞ്ഞെടുപ്പ‌് കമ്മിറ്റി കൺവീനർ അറിയിച്ചു.
പ്രധാന വാർത്തകൾ
 Top