31 July Saturday

17 ടൂറിസം പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണം: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Monday Jun 21, 2021
കൽപ്പറ്റ
  ജില്ലയുടെ സമഗ്ര ടൂറിസം വികസനത്തിനായി സംസ്ഥാന സർക്കാർ അനുവദിച്ച 17 പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന്‌ മന്ത്രി പി എ മുഹമ്മദ് റിയാസ്‌. ജില്ലയുടെ ടൂറിസം വികസനത്തിനായി ഓൺലൈനായി വിളിച്ചുചേർത്ത യോഗത്തിലാണ് മന്ത്രിയുടെ നിർദേശം. 
  അഞ്ചുവർഷത്തിനകം ജില്ലയെ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന കേന്ദ്രമാക്കി മാറ്റാനാണ്‌ ലക്ഷ്യമിടുന്നത്‌. ഈ പദ്ധതികൾ നടപ്പാക്കുന്നതിന് എന്തെങ്കിലും തടസ്സം നേരിടുന്നുണ്ടെങ്കിൽ  തന്റെ ശ്രദ്ധയിൽപ്പെടുത്താനും മന്ത്രി നിർദേശിച്ചു. അഞ്ചുവർഷം കൊണ്ട് വയനാട് ജില്ലയെ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന കേന്ദ്രമാക്കി മാറ്റുന്നതിനുള്ള പ്രവർത്തനമാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി അറിയിച്ചു.
   പുതിയ പദ്ധതി നിർദേശങ്ങൾ പരിഗണിക്കുകയും അവ നടപ്പിലാക്കുന്നതിനുവേണ്ട നടപടികൾ സ്വീകരിക്കാൻ ടൂറിസം ഡയറക്ടറെ ചുമതലപ്പെടുത്തുകയും ചെയ്തു.  ഓരോ പഞ്ചായത്തിലും ഓരോ പദ്ധതി വീതമെങ്കിലും കണ്ടെത്തുന്നതിനും ആയതിന്റെ ലിസ്റ്റ് സമർപ്പിക്കുന്നതിനും കലക്ടറെ ചുമതലപ്പെടുത്തി. ലിസ്റ്റ് തയാറാക്കുമ്പോൾ ചരിത്രപരമായും സാംസ്‌കാരികമായും പ്രാധാന്യമുള്ളവക്ക് മുൻഗണന നൽകണം. ബുദ്ധ-–-ജൈന സർക്യൂട്ടുകൾ വികസിപ്പിക്കുന്നതിനുള്ള വിശദാംശം സമർപ്പിക്കാനും അദ്ദേഹം നിർദേശം നൽകി.
അഡ്വഞ്ചർ ടൂറിസത്തിന് ഊന്നൽ നൽകാനും പിൽഗ്രിം ടൂറിസം നടപ്പിലാക്കുന്നതിനും ആദിവാസി വിഭാഗത്തിന് ടൂറിസം മൂലമുള്ള ഗുണഫലങ്ങൾ ലഭിക്കുന്നതിനുതകുന്ന പദ്ധതികൾ നടപ്പിലാക്കാനും ശ്രദ്ധിക്കണം. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന ഒരു പദ്ധതിയെങ്കിലും ഉണ്ടാകണം. ജില്ലയുടെ പ്രത്യേകതയായ കാടും നാടും ഒന്നിച്ചുള്ള പ്രദേശങ്ങളിൽ അവയുടെ തനിമ നിലനിർത്തി ടൂറിസം വികസനം നടത്തണമെന്നും യോഗത്തിൽ നിർദേശം നൽകി.
വയനാട് ജില്ലയെ മൊത്തമായി ഒരു ടൂറിസം കേന്ദ്രം എന്ന നിലയിൽ കണ്ട് ഓരോ നിർമാണ പ്രവർത്തനത്തിനും നിശ്ചിത രീതിയിലുള്ള മാതൃക ഉണ്ടാകുന്നത് ഉചിതമാകുമെന്നും യോഗം വിലയിരുത്തി. ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിനും കേന്ദ്രങ്ങളിലെ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനുമുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ കലക്ടറെ ചുമതലപ്പെടുത്തി.    യോഗത്തിൽ കലക്ടർ ഡോ. അദീല അബ്ദുള്ള, ടൂറിസം വകുപ്പ് ഡയറക്ടർ കൃഷ്ണതേജ, ടൂറിസം വകുപ്പ് ജോയിന്റ് ഡയറക്ടർ സി എൻ അനിതകുമാരി, എഡിഎം എൻ ഐ ഷാജു, ടൂറിസം ഇൻഫർമേഷൻ ഓഫീസർ മുഹമ്മദ് സലിം, ഡിടിപിസി സെക്രട്ടറി ആനന്ദ് ബി എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top