25 August Sunday

മൾബറി കൃഷിയിൽ ദമ്പതികളുടെ വിജയഗാഥ

പി മോഹനൻUpdated: Friday Jun 21, 2019

 

 
ബത്തേരി
മൾബറി കൃഷിയിൽ വിജയഗാഥ തീർത്ത‌് നൂൽപ്പുഴയിലെ കർഷക ദമ്പതികൾ. മാതമംഗലം ചിറക്കമ്പത്തെ തയ്യിൽ വീട്ടിൽ ഹരിദാസനും ഭാര്യ പ്യാരിയുമാണ‌് പരീക്ഷണാർഥം തുടങ്ങിയ മൾബറി കൃഷി കുടുംബത്തിന്റെ വരുമാന മാർഗമായി മാറ്റിയെടുത്തത‌്. 20 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച‌് നാട്ടിലെത്തിയ ഹരിദാസന‌്  തോന്നിയ വ്യത്യസ‌്തമായ ആശയത്തിൽനിന്നാണ‌് മൾബറി കൃഷിയുടെ തുടക്കം. 2014ൽ സ്വന്തമായുള്ള അരയേക്കർ വയലിലാണ‌് മൾബറി കൃഷി തുടങ്ങിയത‌്. കൃഷിയിൽ നിന്നുള്ള ആദായം വർധിച്ചതോടെ പിന്നീട‌് രണ്ടരയേക്കറിലേക്ക‌് വ്യാപിപ്പിച്ചു. കേന്ദ്ര സെറികൾച്ചർ സിൽക്ക‌് ബോർഡാണ‌് ഷെഡ‌് നിർമാണത്തിന‌് സബ‌്സിഡി അനുവദിച്ചത‌്. ബംഗളൂരു രാമനഗരം സിൽക‌്സിറ്റി സിഎസ‌്ആർടിഐയിൽനിന്നാണ‌് മുട്ടകളും 10 ദിവസം പ്രായമായ ചാക്കിയും എത്തിക്കുന്നത‌്. പട്ടുനൂൽപുഴു കുഞ്ഞുങ്ങളെ എട്ട‌് ദിവസം ഷെഡിലെ ട്രേയിൽ ഇടും. 22 ദിവസത്തിന‌് ശേഷമാണ‌് കുഞ്ഞുങ്ങൾ  കൊക്കൂൺ ആയി മാറുന്നത‌്. ഒരു കൊക്കൂണിൽ മാത്രം 1200 മുതൽ 1600 വരെ മീറ്റർ നീളമുള്ള നൂൽ ലഭിക്കും. മൈസൂരുവിൽ ആണ‌് പട്ടൂനൂൽ വിൽക്കുന്നത‌്. മുമ്പ‌് കിലോയ‌്ക്ക‌്  700–-750 രൂപ വരെ വില ലഭിച്ചിരുന്നതായി ഹരിദാസൻ പറഞ്ഞു. വിദേശ രാജ്യങ്ങളിൽനിന്നുള്ള ഇറക്കുമതി കൂടിയതോടെ വില 450 രൂപയായി കുറഞ്ഞിട്ടുണ്ട‌്. മൂന്നുമാസം കൂടുമ്പോൾ നാൽപ്പത‌് കിലോയോളം പട്ടുനൂൽ വിൽക്കും.  മുമ്പ‌് കേന്ദ്ര സിൽക് ബോർഡിന്റെ ദാരിദ്ര്യ ലഘൂകരണ വിഭാഗം ഡയറക്ടറേറ്റിൽനിന്നും ഉൽപ്പാദന ബോണസും കർഷകർക്ക‌് ലഭിച്ചിരുന്നു. ഹരിദാസൻ﹣-പ്യാരി ദമ്പതികളുടെ മൾബറി കൃഷി വിജയം കണ്ടതോടെ പഞ്ചായത്തിലെ മറ്റ‌് ചില കർഷകരും മൾബറി കൃഷിയിലേക്ക‌് മാറിയിട്ടുണ്ട‌്. പുത്തൻകുന്ന‌് വയലിൽപറമ്പ‌് ലത്തീഫ‌്, മാതമംഗലം കർണാൽ രാജേഷ‌് എന്നിവരും ഇതിൽ ഉൾപ്പെടുന്നു. ലത്തീഫ‌് രണ്ടേക്കറിലും രാജേഷ‌് മൂന്നേക്കറിലും ആണ‌് കൃഷി ആരംഭിച്ചിട്ടുള്ളത‌്. കൂടുതൽ കർഷകർ മൾബറി കൃഷിയിലേക്ക‌് നീങ്ങിയതോടെ നൂൽപ്പുഴ പഞ്ചായത്ത‌് ദേശീയ ഗ്രാമീണ തൊഴിലുറപ്പ‌് പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷിക്ക‌് അടിസ്ഥാന സൗകര്യങ്ങൾ നൽകി വരുന്നു. ലത്തീഫിന‌് 84 തൊഴിൽ ദിനങ്ങളിലായി 20,580 രൂപയും രാജേഷിന‌് 666 തൊഴിൽ ദിനങ്ങളിലായി 18,3816 രൂപയും ഹരിദാസന‌് 464 തൊഴിൽ ദിനങ്ങളിലായി 33,2460 രൂപയും ആണ‌് ചെലവഴിച്ചിട്ടുള്ളത‌്. മൾബറി തൈകൾ പ്ലാന്റ‌് ചെയ്യാൻ മണ്ണിൽ ചാലെടുത്ത‌് തൈവച്ചു പിടിപ്പിക്കുന്ന ജോലികളാണ‌് തൊഴിലുറപ്പിൽ ഉൾപ്പെടുത്തിയിട്ടുള്ളത‌്
പ്രധാന വാർത്തകൾ
 Top