25 August Sunday

"ഗ്രാമോദയം' മാണ്ടാടിന്റെ വഴിവിളക്ക്‌

സ്വന്തം ലേഖകൻUpdated: Friday Jun 21, 2019

 

 
മുട്ടിൽ
ഒരു ഗ്രാമത്തിന്റെ ഉൾതുടിപ്പുകൾ അറിഞ്ഞ‌് ആ നാടിനെ ഉയരങ്ങളിലേക്ക‌് നയിക്കുന്നതിൽ വായനശാലകൾക്ക‌് മഹത്തരമായ പങ്കുണ്ട‌്. അത്തരമൊരു ദൗത്യം അക്ഷരാർഥത്തിൽ ഏറ്റെടുത്ത‌് മുന്നേറുകയാണ‌് മുട്ടിൽ മാണ്ടാട്ടെ ഗ്രാമോദയം ക്ലബ‌് ആൻഡ‌് ലൈബ്രറി.   നാല‌് പതിറ്റാണ്ടായി കേവലമായ വായനാലോകത്തിൽ മാത്രം ഒതുങ്ങാതെ ആതുരസേവനമടക്കം നാടിന്റെ പുരോഗതിയിൽ നിർണായക പങ്ക‌് വഹിക്കുകയാണ‌് ഈ വായനശാല. 1981ൽ ആരംഭിച്ച ഗ്രന്ഥാലയം  ജില്ലയിൽ എ പ്ലസ‌് പദവി ഉള്ള രണ്ട‌് വായനശാലകളിൽ ഒന്നാണ‌്. ആദ്യകാലത്ത‌് പുസ‌്തകപ്രേമികളുടെ കൂട്ടായ‌്മ മാത്രമായിരുന്ന ഗ്രന്ഥശാല വളർന്ന‌് പന്തലിച്ച‌് ഇന്ന‌് നാടിന്റെ സ്പന്ദനമായി മാറി. 13,500 പുസ‌്തകങ്ങളും നൂറിലധികം സിഡികളുമുള്ള ഗ്രന്ഥശാലയുടെ പ്രവർത്തനമേഖല അതിവിപുലമാണ‌്. വനിതാ വേദി, ബാലവേദി, കംപ്യട്ടർവൽക്കരിച്ച ലൈബ്രറി, അയൽപക്ക പഠനകേന്ദ്രം,  ആർട‌്സ‌് ആൻഡ‌് സ‌്പോർട‌്സ‌് ക്ലബ‌്, തൊഴിൽ പരിശീലന കേന്ദ്രം, കൗമാരാരോഗ്യകേന്ദ്രം എന്നിവയെല്ലാം ഗ്രന്ഥാലയത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട‌്. 
മണ്ടാട‌് ടെലിഫോൺ ഏക‌്സ‌്ചേഞ്ച‌്, മണ്ടാട‌്  അങ്കണവാടി, മാണ്ടാട‌്  പൊസ‌്റ്റാഫീസ‌്, മുട്ടിൽ പഞ്ചായത്ത‌് ഹോമിയോ ഡിസ‌്പെൻസറി, വെറ്റിനറി സെന്റർ  എന്നീ സ്ഥാപനങ്ങൾക്കെല്ലാം തുടക്കത്തിൽ പ്രവർത്തിക്കാൻ സൗകര്യമൊരുക്കിയത‌്   ഈ  ഗ്രന്ഥശാല കെട്ടിടത്തിലായിരുന്നു. സാമൂഹ്യ സാംസ‌്ക്കാരിക രംഗത്തിനൊപ്പം പാലിയേറ്റീവ‌് പ്രവർത്തനത്തിലും ഗ്രന്ഥശാല സജീവമാണ‌്.  പാലിയേറ്റീവ‌് പ്രവർത്തനം വഴി മൂന്ന‌് കിഡ‌്നി രോഗികൾക്ക‌് കിഡ‌്നി മാറ്റിവെക്കാൻ 15 ലക്ഷത്തിലധികം രൂപ സമാഹരിച്ച‌് നൽകി. കഴിഞ്ഞ കുറച്ചു വർഷങ്ങളായി 50 ലക്ഷത്തിലധികം രൂപ ആതുരസേവനരംഗത്ത‌് ഗ്രന്ഥശാല ചെലവഴിച്ചു. 
1981 ലാണ‌് ഗ്രന്ഥശാല വാടകകെട്ടിടത്തിൽ തുടങ്ങിയത‌്. 1986ൽ മണ്ടാട‌് ടൗണിൽ സ്വന്തമായി കെട്ടിടം നിർമിച്ചു.  1982ൽ കേരളസ‌്റ്റേറ്റ‌് ലൈബ്രറി കൗൺസിലിന്റെയും 1993 ൽ നെറ‌്ഹു യുവക‌് കേന്ദ്രയുടെയും അംഗീകാരം ലഭിച്ചു. 1996ൽ ജില്ലയിലെ ആദ്യ യൂത്ത‌് ഡവലപ‌്മെന്റ‌് സെന്ററായി തെരഞ്ഞെടുക്കപ്പെട്ടു. എഫ‌് ഗ്രേഡിൽ തുടങ്ങിയ സ്ഥാപനം 2002ലാണ‌് എ ഗ്രേഡായത‌്.  മികച്ച ഗ്രാമീണവയാനശാലക്കുള്ള സംസ്ഥാന പുരസ‌്കാരം, ലൈബ്രറി കൗൺസിലിന്റെ ഇംപ്രൂവ‌്മെന്റ‌് പുരസ‌്ക്കാരം, നെഹ‌്റു യുവ കേന്ദ്രയുടെ മികച്ച ക്ലബിനുള്ള പുരസ‌്ക്കാരം എന്നിങ്ങനെ നിരവധി പുരസ‌്ക്കാരങ്ങൾ ഗ്രാമോദയത്തെ തേടിയെത്തി.   സ‌്റ്റേറ്റ‌് ലൈബ്രറി കൗൺസിലിന്റെ ഗുരുസംഗമം പദ്ധതിയിലൂടെ വയോജനങ്ങൾക്ക‌് നിയമസഹായം നൽകുന്നതിലും സർക്കാർ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിലും  സജീവമായ ഇടപെടലുകളും ഗ്രന്ഥശാല നടത്തുന്നു.  നിസാർ ബാബു പ്രസിഡന്റും ഇ എം നാരായണൻ സെക്രട്ടറിയുമായ കമ്മിറ്റിയാണ‌് ഗ്രന്ഥശാലയുടെ പ്രവർത്തനത്തിന‌് നേതൃത്വം നൽകുന്നത‌്.
പ്രധാന വാർത്തകൾ
 Top