24 June Monday

‘ഭവനരഹിതരില്ലാത്ത നഗരസഭ’ മാനന്തവാടിയിൽ 2621 കുടുംബങ്ങൾക്ക‌് വീടാകും

സ്വന്തം ലേഖകൻUpdated: Tuesday May 21, 2019
മാനന്തവാടി
‘ഭവനരഹിതരില്ലാത്ത നഗരസഭ’ പദ്ധതിയിൽ മുന്നേറി മാനന്തവാടി‌. സംസ്ഥാനത്ത‌് ഏറ്റവും കൂടുതൽ വീടുകൾ നിർമിച്ചുനൽകുന്ന നാല‌ാമത്തെ നഗരസഭയായ മാനന്തവാടി 2020ഓടെ മുഴുവനാളുകളുടെയും വീടെന്ന സ്വപ‌്നം പൂർത്തിയാക്കാനുള്ള  ശ്രമത്തിലാണ‌്. 2022ൽ എല്ലാവർക്കും ഭവനം എന്ന ലക്ഷ്യം മുൻനിർത്തി നഗരസഭകളിലും കോർപ്പറേഷനുകളിലും നടപ്പാക്കുന്ന  പാർപ്പിട പദ്ധതിയാണ് പിഎംഎവൈ. പദ്ധതിയുടെ പൂർത്തീകരണ കാലാവധി 2022 മാർച്ചാണ‌്. എന്നാൽ 2020ൽ തന്നെ പദ്ധതി പൂർത്തിയാക്കാനുള്ള നടപടികളുമായാണ് മാനന്തവാടി നഗരസഭ മുന്നേറുന്നത‌്.
 2017 മെയിലാണ‌് നഗരസഭയുടെ ആദ്യഘട്ടത്തിന‌് അംഗീകാരം ലഭിച്ചത്. 2017 നവംബറിൽ രണ്ടാംഘട്ടത്തിനും 2019 ഫെബ്രുവരിയിൽ മൂന്നാം ഘട്ടത്തിനും അംഗീകാരം ലഭിച്ചു. മൂന്നു ഘട്ടങ്ങളിലായി 1542 ഗുണഭോക്താക്കളാണ് നഗരസഭയിലുള്ളത‌്. ഇതിൽ 154പേരുടെ വീട‌് നിർമാണം പൂർത്തിയാക്കി താക്കോൽ കൈമാറി.  ബാക്കിയുള്ള ഗുണഭോക്താക്കൾ  നഗരസഭയുമായി കരാറൊപ്പിട്ടു.  ഫെബ്രുവരിയിൽ അംഗീകാരം ലഭിച്ച  പദ്ധതിയിലെ ഗുണഭോക്താക്കളിൽ കുറച്ചുപേരൊഴികെ ഒന്നാം ഗഡു കൈപറ്റി നിർമാണം തുടങ്ങി.  ഭവനരഹിതരായ മുഴുവനാളുകൾക്കും 2020ഓടെ വീട‌് നൽകുക എന്ന ലക്ഷ്യത്തോടെയാണ‌് ഇത്രയധികം ഗുണഭോകതാക്കളെകൊണ്ട‌് ഒരുമിച്ച‌് എഗ്രിമെന്റ‌് വെപ്പിച്ചത‌്.  
ആദ്യഗഡു കൈപ്പറ്റിയ 1300 ഗുണഭോക്താക്കളിൽ 640 ഗുണഭോക്താക്കൾ രണ്ടാം ഗഡുവും 340 ഗുണഭോക്താക്കൾ മൂന്നാം ഗഡുവും 154 ഗുണഭോക്താക്കൾ നിർമാണം പൂർത്തീകരിച്ച് കരാർ പ്രകാരമുള്ള അവസാന ഗഡുവും കൈപ്പറ്റിയിട്ടുണ്ട്. നാല‌് ലക്ഷം രൂപയാണ‌് വീടൊന്നിന‌് നൽകുന്നത‌്. കേന്ദ്ര–-സംസ്ഥാന വിഹിതം കഴിച്ച‌് 30.52 കോടിയാണ‌് നഗരസഭ സ്വന്തം നിലയിൽ കണ്ടെത്തുന്നത‌്.  
54കോടി  നഗരസഭ പ്ലാൻ വിഹിതത്തിൽനിന്ന് നീക്കിവച്ചു.  27.80 കോടി  ഹഡ്കോ വായ‌്പ്പയാണ‌്. ഇതിൽ എസ്‌സി–-എസ്ടി–-ഒബിസി വിഭാഗങ്ങൾക്കായുള്ള 16.18 കോടി വായ‌്പ അനുവദിച്ചു.   ജനറൽ വിഭാഗങ്ങൾക്കായുള്ള 11.62 കോടി  അനുവദിച്ചുള്ള ഉത്തരവ‌് തെരഞ്ഞെടുപ്പ‌് പെരുമാറ്റചട്ടം കലാവധി കഴിഞ്ഞാലുടൻ ഇറങ്ങും. സംസ്ഥാന സർക്കാരിന്റെ പ്രത്യേക അനുമതിയോടെയാണ‌് വായ‌്പ എടുക്കുന്നത‌്. പലിശ സംസ്ഥാന സർക്കാർ വഹിക്കും.
പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട്  നഗരസഭകൾക്ക് അനുവദിക്കുന്ന കേന്ദ്ര–--സംസ്ഥാന വിഹിതം നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിൽ പുരോഗതി രേഖപ്പെടുത്തുന്ന ഐഎസ്ആർഒയുടെ സാങ്കേതിക സഹായത്തോടെ നടത്തുന്ന ജിയോ ടാഗിന്റെ അടിസ്ഥാനത്തിലാണ‌് ലഭിക്കുക.  ഇത്തരത്തിൽ ഇതുവരെ 11 കോടി  നഗരസഭക്ക‌് ലഭിച്ചു. പിഎംഎവൈ ഭവനപദ്ധതിയിൽ നേരത്തെ വീടൊന്നിന‌് മൂന്ന‌് ലക്ഷമായിരുന്നു അനുവദിച്ചിരുന്നത‌്. സംസ്ഥാന സർക്കാർ പിന്നീട‌് ഇത‌് നാല‌് ലക്ഷമാക്കി വർധിപ്പിച്ചു. അമ്പതിനായിരം രൂപയായിരുന്ന നഗരസഭ വിഹിതം രണ്ട‌് ലക്ഷമാക്കി. ഗുണേഭോക‌്തൃവിഹിതമുണ്ടായിരുന്ന അമ്പതിനായിരം രൂപ ഒഴിവാക്കുകയും ചെയ‌്തു. 
 
ലൈഫ് മിഷനിൽ 
712 വീടുകൾ
മാനന്തവാടി
ലൈഫ‌് മിഷനിൽ ആകെ 712 വീടുകളാണ‌് നഗരസഭയിൽ നിർമിക്കുന്നത‌്.   ഗ്രാമപഞ്ചായത്ത‌് ആയിരുന്നപ്പോൾ ഭവന പദ്ധതിയിൽ ഉൾപ്പെട്ട‌് നിർമാണം പൂർത്തീകരിക്കാത്ത വീടുകളാണ‌് ലൈഫിൽ ഉൾപ്പെട്ടിട്ടുള്ളത‌്. സംസ്ഥാനത്ത‌് നഗരസഭകളുടെ ലൈഫ‌് പദ്ധതിയിൽ ഏറ്റവുമധികം വീടുകൾ നിർമിക്കുന്നത‌് മാനന്തവാടിയിലാണ‌്.
 ലൈഫ് ഇൻകംപ്ലീറ്റ് ലിസ്റ്റിൽ നഗരസഭ നേരിട്ട് നടപ്പിലാക്കുന്നത‌് 280 വീടുകളാണ‌്.  ഈ ഗുണഭോക്താക്കൾക്കായി  6.83 കോടിയാണ‌് വകയിരുത്തിയിട്ടുള്ളത‌്. 139എസ് സി–-എസ‌്ടി   വീടുകളും   141 ജനറൽ വീടുകളുമാണുള്ളത‌്. 209 വീടുകളുടെ നിർമാണം പൂർത്തീകരിച്ചു. 
പട്ടികവർഗവകുപ്പിൽ നിന്നും 167 വീടുകളും ബ്ലോക്ക് ഡവലപ് മെന്റിൽ നിന്നും 265 വീടുകളും  നഗരസഭയിൽ ഉൾപ്പെട്ടിട്ടുണ്ട്. പട്ടികവർഗ വിഭാഗക്കാർക്കായുള്ള വികെവൈ പദ്ധതി 367 വീടുകളും നഗരസഭയിൽ നിർമിക്കുന്നുണ്ട‌്.12.84കോടിയാണ‌് ഇതിന‌് അനുവദിച്ചിട്ടുള്ളത‌്.

 

പ്രധാന വാർത്തകൾ
 Top