25 May Monday

കർണാടക, തമിഴ്‌നാട്‌ ഗതാഗത നിയന്ത്രണം ആശങ്കയിൽ ജില്ല

സ്വന്തം ലേഖകൻUpdated: Saturday Mar 21, 2020
കൽപ്പറ്റ
കർണാടക, തമിഴ്‌നാട്‌ സർക്കാരുകളുടെ ഗതാഗത നിയന്ത്രണം ഏറെ ബാധിക്കുക വയനാടിനെ. ഇരുസംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന  സംസ്ഥാനത്തെ ഏകജില്ലയാണ്‌ വയനാട്‌. 12 അതിർത്തി ചെക്‌പോസ്‌റ്റുകൾ ജില്ലയിലുണ്ട്‌.  ദേശീയപാതയിലടക്കം നിയന്ത്രണം ഏർപ്പെടുത്തിയതോടെ വയനാട്‌ ആശങ്കയിലായി.
കേരള–-കർണാടക അതിർത്തിയായ കുടകിൽ കോവിഡ്‌ 19 സ്ഥിരീകരിച്ചതോടെയാണ്‌  കർണാടക ഗതാഗത നിയന്ത്രണം കൊണ്ടുവന്നത്‌.  തമിഴ്‌നാട്‌ ബുധനാഴ്‌ച്ചമുതൽ നിയന്ത്രണം കൊണ്ടുവന്നിരുന്നു.  ദേശീയപാത 766ലെ കക്കൽതൊണ്ടി, മാനന്തവാടി–-മൈസൂരു പാതയിലെ ബാവലി, കുട്ട ചെക്‌പോസ്‌റ്റുകളിലാണ്‌ കർണാടക നിയന്ത്രണംകൊണ്ടുവന്നത്‌.  ഇതോടെ ബസ്‌സർവീസുകൾ മുടങ്ങി.  കേരളത്തിൽനിന്നുള്ള മൈസൂരു, ബംഗളൂരു  സർവീസുകളും നിലച്ചു.  വെള്ളിയാഴ്‌ച്ച ഉച്ചയോടെയാണ്‌ ബസ്സുകൾ അതിർത്തിയിൽ കർണാടക തടയാൻ തുടങ്ങിയത്‌.  സംസ്ഥാനത്തെ വിവിധ കെഎസ്‌ആർടിസി ഡിപ്പോകളിൽനിന്നും വയനാട്‌ വഴി ബംഗളൂരുവിന്‌ പുറപ്പെട്ട ബസുകൾ ബത്തേരിയിൽ സർവീസ്‌ അവസാനിപ്പിച്ചു.  കേരളത്തിലേക്കുള്ള കർണാടകയുടെ ബസുകളും സർവീസ്‌ നിർത്തി. നേരത്തേ കേരളത്തിൽനിന്നും പോയ ബസുകൾ തിരികെ വരാൻ അനുവദിച്ചു. ചരക്ക്‌ നീക്കം നിലവിൽ തടസ്സപ്പെട്ടില്ല. 31വരെയാണ്‌  ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്‌.
 വയനാട്ടിൽനിന്നും തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലേക്ക്‌ ബസുകൾ പ്രവേശിക്കുന്നത്‌ ബുധനാഴ്‌ച്ച മുതൽ തമിഴ്‌നാട്‌ വിലക്കിയിരുന്നു.  കർണാടകയുടെ ബസ്സുകളും കടത്തിവിടുന്നില്ല.  22 മുതൽ സ്വകാര്യവാഹനങ്ങൾ പ്രവേശിപ്പിക്കില്ലെന്ന്‌ തമിഴ്‌നാട്‌ അറിയിച്ചിട്ടുണ്ട്‌. നിലവിൽ മൂന്ന്‌ സംസ്ഥാനങ്ങളിലേയും ബസുകൾ അവരവരുടെ അതിർത്തിയിൽ സർവീസുകൾ അവസാനിപ്പിക്കുകയാണ്‌.  
 
പ്രധാന വാർത്തകൾ
 Top