29 May Friday

- വരൾച്ച പുൽപ്പള്ളി മേഖലയിൽ 16 ചെക്ക്‌ ഡാമുകൾ കൂടി

വെബ് ഡെസ്‌ക്‌Updated: Saturday Mar 21, 2020

 

കൽപ്പറ്റ
പുൽപ്പള്ളി–- മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ വരൾച്ച പ്രതിരോധിക്കാൻ 16 ചെക്ക്‌ ഡാമുകൾ കൂടി നിർമാണത്തിൽ. 12 കോൺക്രീറ്റ്‌ ഡാമുകളും നാല്‌ മൺ തടയണകളുമാണ്‌ വരൾച്ചാ ലഘൂകരണപദ്ധതിയിലുൾപെടുത്തി നിർമിക്കുന്നത്‌. ജില്ലാ മണ്ണുസംരക്ഷണവകുപ്പിന്റെ  നേതൃത്വത്തിൽ രണ്ട്‌ പഞ്ചായത്തുകളും ചേർന്നാണ്‌ നിർമാണം. മണിക്കടവ്‌, പാറക്കടവ്‌, കറുവകുന്ന്‌, എരന്തോട്‌ വയൽ, കന്നാരംപുഴ, 73–-ാം തോട്‌, മരക്കടവ്‌, പറുദീസ പാലം, മനയ്‌ക്ക തോട്ടം, താഴെ ചെറ്റപ്പാലം, ഉദയക്കവല, ചൈന്ത എന്നിവിടങ്ങളിലാണ്‌ കോൺക്രീറ്റ്‌ ചെക്ക്‌ ഡാമുകൾ ഉയരുക. ഇതിൽ ചിലത്‌ ടെണ്ടർ നടപടി പൂർത്തിയാക്കി പ്രവൃത്തിയിലേക്ക്‌ കടന്നു കഴിഞ്ഞു.  ഒരു മാസത്തിനകം മുഴുവൻ ചെക്ക്‌ഡാമുകളുടെയും പണി പൂർത്തിയാക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. ഒന്നേകാൽ കോടിയാണ്‌ കോൺക്രീറ്റ്‌ ചെക്ക്‌ ഡാമുകൾക്കായി ചെലവഴിക്കുന്നത്‌. അലത്തൂർ, മടപറമ്പ്‌, കബനിഗിര, ചണേൽകൊല്ലി എന്നിവിടങ്ങളിലാണ്‌ മണ്ണുകൊണ്ടുള്ള ചെക്ക്‌ ഡാം നിർമിക്കുന്നത്‌. 90 ലക്ഷം രൂപയാണ്‌ ചെലവ്‌. ജില്ലയിൽ വരൾച്ച ഏറ്റവും കൂടുതൽ ബാധിക്കുന്ന പ്രദേശങ്ങളാണ്‌ പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകൾ. പുൽപ്പള്ളി പഞ്ചായത്തിൽ നിലവിൽ 26 ചെക്ക്‌ ഡാമുകളാണുള്ളത്‌. മുള്ളൻകൊല്ലിയിൽ 21 ഡാമുകളുണ്ട്‌. 
    വരൾച്ചയുടെ കാഠിന്യത്തിലേക്ക്‌ ജില്ല കടന്നതോടെ  കർഷകർ പ്രദേശത്തെ  കർഷകർ ഒന്നടങ്കം ആശങ്കയിലാണ്‌.  കുരുമുളകിനെയും  കാപ്പിയെയുമെല്ലാം വരൾച്ച സാരമായി ബാധിക്കും.   വരൾച്ചമൂലം പലയിടത്തും തോട്ടങ്ങൾ  കരിഞ്ഞു തുടങ്ങി. കിണറുകളും നീരുറവകളുമെല്ലാം വറ്റാൻ തുടങ്ങി. ഇതിനിടയിലാണ്‌ ജലസംരക്ഷണ പ്രതിരോധവുമായി കൂടുതൽ ഡാമുകൾ പണിയുന്നത്‌.
 
പ്രധാന വാർത്തകൾ
 Top