01 April Wednesday

പട്ടികവര്‍ഗ ഫുട്ബോള്‍ ടീമുമായി കുടുംബശ്രീ

വെബ് ഡെസ്‌ക്‌Updated: Friday Feb 21, 2020
കൽപ്പറ്റ
കുടുംബശ്രീയുടെ കീഴിൽ ഇനി പട്ടികവർഗ വിഭാഗങ്ങൾക്കായി ഫുട്‌ബോൾ ടീമും. മുപ്പതംഗ ടീം ശനിയാഴ്‌ച പുറത്തിറങ്ങും. സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒളിമ്പ്യൻ മേഴ്സിക്കുട്ടൻ പകൽ രണ്ടിന്‌  കൽപ്പറ്റ ടൗൺഹാളിൽ ടീമിനെ അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ കെ ബി  നസീമ മുഖ്യാതിഥിയാകും. ജില്ലയിൽ കുടുംബശ്രീയുടെ രജിസ്റ്റർ ചെയ്ത 130  ക്ലബ്ബുകളുണ്ട്‌. ജില്ലാ തല ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ച് കഴിഞ്ഞ വർഷമാണ് കുടുംബശ്രീ അറുപതംഗങ്ങൾക്ക്‌ പരിശീലനം നൽകിയത്‌. അതിൽനിന്നും തെരഞ്ഞെടുത്ത മുപ്പത് പേരെ വെച്ച് ഗോത്രശീ വയനാട് എന്ന പേരിൽ ജില്ലാ ടീം രൂപീകരിക്കുകയാണ്‌ കുടുംബശ്രീ.   മാനന്തവാടിയിലും മീനങ്ങാടിയിലുമായി രണ്ട് ഇടത്താണ് പരിശീലനം സംഘടിപ്പിച്ചത്. ജില്ലയിലെ പ്രമുഖ പരിശീലകൻ ലൂയിസ് ഫിലിപ്പ്, പട്ടിക വർഗ്ഗ മേഖലയിൽനിന്നും ഉയർന്നു വരുന്ന ജില്ലയിലെ പ്രധാന പരിശീലകൻ സുജിത് എന്നിവരാണ് പരിശീലനം നൽകിയത്‌.  
ജില്ലാ വിജിലന്റ് ഗ്രൂപ്പുകളുടെ ഉദ്ഘാടനവും ചടങ്ങിൽ നടക്കും. വിവിധ മേഖലകളിൽ ഇടപെടുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുത്ത 125 അംഗങ്ങൾക്ക് കരാട്ടെ, യോഗ തുടങ്ങിയവയിൽ പരിശീലനം നൽകിയിരുന്നു . ഇവരെ ദുരന്ത നിവാരണ പ്രവർത്തനങ്ങളിലും മറ്റ് സന്നദ്ധ പ്രവർത്തനങ്ങളിലും  ഇടപെടുവിക്കുന്നതിനുമാണ്‌ കുടുംബശ്രീ ലക്ഷ്യം.  വാർത്താ സമ്മേളനത്തിൽ കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ പി സാജിത, എഡിഎംസിമാരായ കെ ഹാരിസ്, വാസു പ്രദീപ്, പ്രോഗ്രാം മാനേജർമാരായ വി  ജയേഷ്, ആശപോൾ തുടങ്ങിയവർ പങ്കെടുത്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top